വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാം: ഹെലി ടൂറിസം നയത്തിന് അംഗീകാരം
കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി മന്ത്രിസഭായോഗം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഹെലി പോര്‍ട്ട്‌സ്, ഹെലി സ്‌റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് ഇത് സഹായകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നും കേരളത്തിൽ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ സജ്ജമാക്കും. സർവീസ് നടത്താൻ ഇപ്പോൾ തന്നെ ആളുകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.