ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം
- പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമത്
- പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തി
പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം; പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമതെന്നും വിലയിരുത്തല്‍
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തി.
കേരളീയ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടുകള്‍, നാടന്‍ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകള്‍ തുടങ്ങിയവ ലോക കേരള കേന്ദ്രത്തില്‍ ലഭ്യമാകണം.
ലോക കേരള കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകള്‍ക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദര്‍ശന പരിപാടികള്‍ക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കും. പാര്‍പ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കില്‍ വാടകയ്ക്ക് നല്‍കാനും, പ്രായമായവര്‍ക്കുള്ള അസിസ്റ്റഡ് ലിവിംഗ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. എവിടെയാണ് ലോക കേരള കേന്ദ്രം സ്ഥാപിക്കുകയെന്നോ എത്രയാണ് പദ്ധതിയുടെ ആകെ പ്രതീക്ഷിത ചെലവെന്നോ അടക്കം വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
2024 ലെ കണക്ക് പ്രകാരം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമതാണ്. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത്.