തീരദേശപാത യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി

  • തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ തുടങ്ങും
  • റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി
  • ആറു വരി പാത ഈ വര്‍ഷം അവസാനം യാഥാര്‍ത്ഥ്യമാകും

Update: 2025-02-07 12:54 GMT

ഗതാഗതം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാനും നഗരങ്ങളുടെ മുഖച്ഛായ മാറ്റാനുമുള്ള പദ്ധതികളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. കിഫ്ബി പദ്ധതികള്‍ക്ക് പുറമെ 3061 കോടി റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു. ഒപ്പം തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയാണ് അനുവദിച്ചത്. തീരദേശപാതയും യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി ഓരോ 25 കിലോമീറ്ററിനും ഭൂമി ഏറ്റെടുക്കും. ലാന്‍ഡ് പൂളിങ്ങിലൂടെയാണ് സ്ഥലം കണ്ടെത്തുക. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഔട്ടര്‍ ഏരിയാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി. ഇതിനൊപ്പം ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടി രൂപയും പ്രധാനമന്ത്രി റോഡ് പദ്ധതിക്ക് 80 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമായി. ആറു വരി പാത ഈ വര്‍ഷം അവസാനം യാഥാര്‍ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി മെട്രോയുടെ വികസനം തുടരുന്നതിനൊപ്പം തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോഴിക്കോടും മെട്രോ പരിഗണനയിലുണ്ട്. കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്കായുള്ള ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍ തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News