പ്രവാസികള്‍ക്കും 'വരങ്ങളൊരുക്കി' ബജറ്റ്

  • തിരികെ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി 84.60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Update: 2023-02-03 11:03 GMT

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്‍പ്പടെ അനുകൂലമായ പ്രഖ്യാപനങ്ങളാണ് ഇക്കുറി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് (NAME) എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍  ഒരുക്കുക എന്നതാണ് ലക്ഷ്യം. 5 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരികെ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി 84.60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. . കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി വിതരണം ചെയ്യും. മടങ്ങിവന്ന പ്രവാസികള്‍ക്കും മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

15 കോടി രൂപയാണ് കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി വകയിരുത്തിയത്. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി. നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും, ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തിയെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News