പ്രതീക്ഷയുടെ കൊളുന്തു നുള്ളാൻ തേയിലത്തോട്ടങ്ങൾ, പുതിയ ബിൽ ഒരുങ്ങുന്നു
കാറ്റില്‍ തെന്നി നീങ്ങുന്ന കോട മഞ്ഞില്‍ പച്ച വിരിച്ച് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന തേയില തോട്ടങ്ങള്‍. മഞ്ഞിലും മഴയിലും വേനലിലും പച്ചപ്പരവതാനി വിരിച്ച തേയില കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല നമുക്ക്; സ്വാദിന്റെ നറുമണം കൂടിയാണ്. ചൈനക്കാര്‍ പരിചയപ്പെടുത്തിയ ചായ ഒരു വികാരമായി മാറുമ്പോള്‍ രുചിക്കും കാഴ്ച്ചയ്ക്കുമപ്പുറം രാജ്യം തേയില നിർമാണത്തിൽ മുന്നോട്ടു കുതിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. വേനല്‍ ചൂടിന് ശേഷമുള്ള മഴ ഇപ്പോള്‍ തേയില കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ തണുപ്പാണ് നല്‍കുന്നത്. കോവിഡും മറ്റ് ആഗോള പ്രതിസന്ധികളും […]
കാറ്റില്‍ തെന്നി നീങ്ങുന്ന കോട മഞ്ഞില്‍ പച്ച വിരിച്ച് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന തേയില തോട്ടങ്ങള്‍. മഞ്ഞിലും മഴയിലും വേനലിലും പച്ചപ്പരവതാനി വിരിച്ച തേയില കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല നമുക്ക്; സ്വാദിന്റെ നറുമണം കൂടിയാണ്. ചൈനക്കാര്‍ പരിചയപ്പെടുത്തിയ ചായ ഒരു വികാരമായി മാറുമ്പോള്‍ രുചിക്കും കാഴ്ച്ചയ്ക്കുമപ്പുറം രാജ്യം തേയില നിർമാണത്തിൽ മുന്നോട്ടു കുതിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. വേനല്‍ ചൂടിന് ശേഷമുള്ള മഴ ഇപ്പോള്‍ തേയില കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ തണുപ്പാണ് നല്‍കുന്നത്.
കോവിഡും മറ്റ് ആഗോള പ്രതിസന്ധികളും മറികടന്ന് തേയില കയറ്റുമതി പരിപോഷിപ്പിക്കകാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കാലഹരണപ്പെട്ട ബില്ലുകളും അനാവശ്യ വ്യവസ്ഥകളും ലൈസന്‍സുകളും എടുത്ത് കളഞ്ഞ് വ്യാപാരം സുഗമമാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറായിക്കഴിഞ്ഞു. കയറ്റുമതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രഥമ ലക്ഷ്യം. തേയില കര്‍ഷകരെ കരയറ്റാന്‍ പുതിയ നയം ഏറെ പ്രയോജനപ്പെടും.
തേയില കയറ്റുമതിയിൽ ഇപ്പോൾ നാലാം സ്ഥാനത്തുള്ള ഇന്ത്യ ശ്രീലങ്കയുടെ ആഗോള വിപണികൂടി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര തലത്തില്‍ 20 ശതമാനമാണ് ഇന്ത്യയുടെ വിപണി വിഹിതം. കെനിയ, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കയറ്റുമതിയിലെ മുന്‍നിരക്കാര്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ശ്രീലങ്കയുടെ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഈ അവസരം മുതലെടുക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ പുതിയ ബില്ലോടെ ഒരു പരിധി വരെ സാധ്യമായേക്കാം. കെനിയന്‍ തേയിലയേക്കാള്‍ ഗുണവും സ്വാദും ഇന്ത്യന്‍, ശ്രീലങ്കന്‍ തേയിലയ്ക്കാണെന്നത് ഈ നേട്ടത്തിന് മുതല്‍കൂട്ടായേക്കാം.
പൂപ്പലടിച്ച തേയില നിയമങ്ങള്‍
1953-ൽ പ്രാബല്യത്തിൽ വന്ന, ഏകദേശം അറുപത്തെട്ട് വര്‍ഷത്തോളം പഴക്കമുള്ളതാണ് നമ്മുടെ രാജ്യത്തെ തേയില നിയമം. കാലഹരണപ്പെട്ട ഈ നിയമത്തിന് പകരം തേയില പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ (ടീ ബില്‍) 2022 കൊണ്ടുവരാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രതീക്ഷകള്‍ നാമ്പിടുന്ന പുതിയ ബില്‍
കാലാകാലങ്ങളായി മാറ്റത്തിന് വിധേയമാകാത്ത, പ്രസ്‌ക്തി നഷ്ടപ്പെട്ട അനവധി വ്യവസ്ഥകള്‍ നീക്കം ചെയ്യുകയെന്നാണ് പുതിയ ബില്ലുകൊണ്ട് ഉന്നം വയ്ക്കുന്നത്. തേയിലയെ കൂടുതല്‍ വ്യാപാര സൗഹൃദമാക്കുകയും ലൈസന്‍സുകള്‍ ഇല്ലാതാക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പായാല്‍ തേയില കയറ്റുമതി മെച്ചപ്പെടും. കര്‍ഷകരുടെ ആശങ്കകള്‍ക്ക് ശമനവുമാകും. തോട്ടം പരിപാലനവും തൊഴിലാളികള്‍ക്ക് കൂലിയും മറ്റ് ചെലവുകളുടെ വര്‍ധനയും നിലവിലെ സാഹചര്യത്തില്‍ ഏറെ ദുഷ്‌കരമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഉത്പാദന ചെലവ് കുത്തനെ കൂടിയിട്ടും വരുമാന നേട്ടം കാര്യമായില്ലെന്നതാണ് ചുരുക്കം.
താങ്ങാകുന്ന പരിഷ്‌കരണം
ചെറുകിട കര്‍ഷകരെ അംഗീകരിക്കാനും അവര്‍ക്ക് മികച്ച പരിശീലനം നല്‍കുവാനും പദ്ധതിയുണ്ട്. പുതിയ സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്താനും, ഇതിലൂടെ ശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. കൂടാതെ മൂല്യവര്‍ധനയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും. ശാരീരികാധ്വാനത്തിന്റെയും വിയര്‍പ്പിന്റേയും കാണാവശം കൂടിയുണ്ട്. അതിനാല്‍ തന്നെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാനും ബില്ലില്‍ തീരുമാനമുണ്ട്. ഏത് വ്യവസായവും അത് മികച്ച നേട്ടം കൊയ്യാന്‍ അവയെ കൃത്യമായി മനസിലാക്കി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ടീ ബില്ലിലൂടെ ഇതെല്ലാം സാധ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. തേയില വ്യവസായത്തിലെ ഇതുവരെയുള്ള ദുരിതത്തിനും വറുതികള്‍ക്കും ശമനം കണ്ടെത്തി കൂടുതല്‍ വിദേശ നാണ്യം നേടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം പ്രതിസന്ധികളില്‍ ഒരു കൈതാങ്ങ് തന്നെയായേക്കാം.
ടീബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ബില്ലുമായി ചേര്‍ന്നു പോകുന്നതായിരിക്കണെന്ന് സര്‍ക്കാര്‍ ശഠിക്കുന്നുണ്ട്. ബോര്‍ഡിന്റെ അന്യായമോ ഏകപക്ഷീയമോ ആയ എല്ലാ നടപടികള്‍ക്കും തടയിടാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ മൂന്ന് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും തോട്ടത്തിന്റെ നടത്തിപ്പ് നിയന്ത്രണം ഏതൊരാള്‍ക്കും ഏറ്റെടുക്കാനുള്ള അധികാരം നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കും.
കയറ്റുമതിയിലെ സ്തംഭനാവസ്ഥയും ആവശ്യത്തിന്റെയും, വിതരണത്തിലെയും അസന്തുലിതാവസ്ഥ വിലയിടിവിലേക്ക് നയിക്കുന്നതുംഈ മേഖലയിലെ പ്രധാന വെല്ലുവിളികളാണ്. ഒപ്പം ഉല്‍പ്പാദനക്ഷമത കുറയുന്നു, മൂല്യവര്‍ധനയുടെ അഭാവം, ഉത്പന്ന വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവം എന്നിവയും മേഖലയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നുണ്ട്. ഡാര്‍ജിലിംഗ് തേയിലയുടെ വാര്‍ഷിക ഉത്പ്പാദനം 12 മില്യണ്‍ കിലോഗ്രാമില്‍ നിന്ന് 6 മില്യണ്‍ കിലോഗ്രാം ആയി കുറഞ്ഞു. മലയോര ഭൂപ്രദേശം കാരണം റീപ്ലാന്റേഷനിലെ ബുദ്ധിമുട്ടും പ്രദേശത്തെ കൃഷി വിസ്തൃതിയുടെ അഭാവവുമാണ് ഇതിനു കാരണമെന്നാണ് ഇന്ത്യന്‍ ടീ അസോസിയേഷന്‍ (ITA) വ്യക്തമാക്കുന്നത്.
തേയില മണക്കുന്ന കേരളം
'ഇന്നും തേയില കയറ്റുമതിയില്‍ ലോക രാഷ്ട്രങ്ങളിൽ ചൈന തന്നെയാണ് ഒന്നാമന്‍. തൂത്തുക്കുടിയും, കോയമ്പത്തൂരും വഴിയാണ് സൗത്ത് ഇന്ത്യയിലെ പ്രധാന തേയില കയറ്റുമതി നടക്കുന്നത്. കോവിഡ് കാലത്തിന് മുന്‍പും ശേഷവും തേയില ഉത്പാദനത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ തേയിലകള്‍ക്ക് മറ്റു തേയിലകളേക്കാള്‍ ഗുണമേന്മയുണ്ട്; രുചിയും, വെല്ലിംഗ്ടണിലുള്ള കൊച്ചി ടീ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു.
എല്ലാം ലേലത്തിലൂടെ
'എല്ലാ ആഴ്ച്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ലേലം നടക്കുന്നത്. ആഭ്യന്തര വിപണിയിലും, വിദേശ വിപണിയിലും ഓരോ കമ്പനികളുടെ കസ്റ്റമേഴ്‌സിന്റെ ഏറ്റെടുക്കലിനനുസൃതമായി തേയില നല്‍കുന്നു. 30 ലധികം എക്‌സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ കൊച്ചിയിലുണ്ട്. ഭാരത് പാന്‍ ഇന്ത്യ ഓക്ഷന്‍ എന്ന പേരില്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ ലേലം നടക്കുന്നത്. ചൊവ്വാഴ്ച്ചകളില്‍ പൊടി തേയില ( ഡസ്റ്റ്) ആണ് ലേലം ചെയ്യപ്പെടുന്നത്. ലീഫിന്റെ ലേലം ബുധനാഴ്ചയാണ്. 13 ദിവസം മുന്‍പ് അംഗീകൃത ഗോഡൗണുകളില്‍ തേയില എത്തിയിരിക്കണം.അറൈവല്‍ റിപ്പോര്‍ട്ട്‌സ് ബ്രോക്കേഴ്‌സിന് കിട്ടണം. ഇതിന് അനുസൃതമായാണ് കാറ്റലോഗ് തയ്യാറാക്കുന്നത്. ആൾ ഇന്ത്യ ബയേഴ്‌സിന് ഇത് സംബന്ധിച്ച രേഖകള്‍ അയക്കുകയും, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലേലം നടക്കുന്നത്. അടുത്ത 13 ദിവസങ്ങള്‍ക്കുള്ളില്‍ പേമെന്റുകളും നടക്കുന്നു.
സീസണല്‍ മാറ്റങ്ങള്‍ തേയില ഉത്പാദനത്തില്‍ പ്രതിഫലിക്കാറുണ്ട്. തേയിലയുടെ മൂല്യം കണക്കാക്കുന്നത് ബ്രേക്കേഴ്‌സാണ്. ഇതിന് സാമ്പിളുകള്‍ പരിശോധിച്ചാണ് ചെയ്യാറ്. ഇതുവരെയുള്ള കോവിഡ് കാലത്ത് ആകെ ഒരു തേയില ലേലം മാത്രമേ മാറ്റി വച്ചിട്ടുള്ളു. മറ്റെല്ലാ ലേലങ്ങളും കൃത്യമായി നടന്നിരുന്നു. വില്‍പ്പനക്കാരും, വാങ്ങലുകാരും ബ്രേക്കര്‍മാരുമാണ് ഇതിലുള്ളത്. കോര്‍പ്പറേറ്റ് ലെവലിലും, വ്യക്തഗതമായും വില്‍പ്പനക്കരുണ്ട്. പാര്‍ട്ട്ണര്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. വാങ്ങുന്നവരിലും ഇതേ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ആറ് ബ്രോക്കേഴ്‌സാണുള്ളത്', തേയില ലേല നടപടികളെ കുറിച്ച് ടീ ട്രേഡ് അസ്സോസ്സിയേഷന്‍ ഓഫ് കൊച്ചിന്‍ ടീ ട്രേഡ് സെന്ററിന്റെ സെക്രട്ടറി പ്രവീണ്‍ ബി മേനോന്‍ വ്യക്തമാക്കി.
ടീ ബോര്‍ഡിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ്.
ആശങ്കയിലായി കയറ്റുമതി
ഇന്ത്യയുടെ തേയില കയറ്റുമതിയിലെ ഒന്നാമന്‍ റഷ്യയാണ്. 2021-22 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം റഷ്യ 28.73 മില്യണ്‍ കിലോഗ്രാം തേയിലയാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. റഷ്യയില്‍ നിന്നും 499.52 കോടി രൂപ തേയില ഇനത്തില്‍ ഇന്ത്യയിലെത്തുന്നു. അതായത് കിലോയ്ക്ക് 173 രൂപ 87 പൈസ വച്ച്.
കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡറ്റ് സ്റ്റേറ്റ്‌സ് എന്നറിയപ്പെടുന്ന റഷ്യയില്‍ നിന്നു വിട്ടുപോയ രാജ്യങ്ങളിലേക്കുള്ള മൊത്തം തേയില കയറ്റുമതി 36.94 മില്യണ്‍ കിലോഗ്രാം. മൂല്യം 651.83 കോടി രൂപ. ഈ രാജ്യങ്ങളുടെ മൊത്തം ലിസ്റ്റ് പരിശോധിച്ചാല്‍ കിലോഗ്രാമിന് 176.46രൂപ നിരക്കിലാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
2021 സാമ്പത്തിക വര്‍ഷത്തില്‍ 755.86 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. എന്നാല്‍ തൊട്ട് മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇടിവാണ് 2021 ല്‍ ഉണ്ടായിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 826.47 ദശലക്ഷമായിരുന്നു കയറ്റുമതി ചെയ്ത്.
ടീ ബോര്‍ഡ് കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 184.35 മില്യണ്‍ കിലോഗ്രാമാണ് തേയില കയറ്റുമതി. അതായത് 2.4 ശതമാനത്തിന്റെ ഇടിവ്. ഇതേ മാസങ്ങളില്‍ 2020-21 ല്‍ 188.91 മില്യണ്‍ കിലോഗ്രാമാണ് കയറ്റുമതി ചെയ്തത്. സിഐഎസ് രാജ്യങ്ങള്‍ 41.18 മില്യണ്‍ കിലോ ഗ്രാമാണ് ഇറക്കുമതി ചെയ്തത്. സിഐഎസ് രാജ്യങ്ങളില്‍ റഷ്യയാണ് പ്രധാന ഇറക്കുമതിക്കാര്‍.
എന്നാല്‍ ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ റഷ്യ, ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 31.88 മില്യണ്‍ കിലോഗ്രാം തേയിലയാണ്. 2020-21 ല്‍ 33.65 മില്യണ്‍ കിലോഗ്രാം തേയിലയായിരുന്നു കയറ്രുമതി ചെയ്തത്. റഷ്യ യുക്രെയന്‍ യുദ്ധം ഈ ഇടിവിന്റെ ഒരു പ്രാധാന ഘടകമാണ്. ചൈനയിലേക്കുള്ള കയറ്റുമതിയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. 11.22 മില്യണ്‍ കിലോ ഗ്രാമില്‍ നിന്ന് 4.3 മില്യണ്‍ കിലോഗ്രാമായി ചുരുങ്ങി.
2020-21ലെ ആദ്യ ഒമ്പത് മാസങ്ങളിലെ 26.48 മില്യണ്‍ കിലോഗ്രാം നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് 27.25 മില്യണ്‍ കിലോഗ്രാം ഇറക്കുമതി ചെയ്ത രാജ്യം ഇറാനാണ്. കപ്പല്‍ സൗകര്യങ്ങളുടെ അഭാവമാണ് കടല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് തേയില വ്യവസായ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം.
സൗരഭ്യമുള്ള സ്പെഷ്യലിറ്റി തേയിലകൾ
ചൈനയോട് മത്സരിക്കാന്‍ 1824 ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ തേയില കൃഷി ആദ്യമായി കൊണ്ടുവരുന്നത്. നിലവില്‍ പ്രതിവര്‍ഷം ഒന്‍പത് ലക്ഷം ടണ്ണാണ് ഇന്ത്യയുടെ തേയില ഉത്പാദനം. ഡാര്‍ജിലിംഗ്, നിലഗീരി, അസ്സം എന്നിവയാണ് ഇന്ത്യയിലെ പ്രധാന തേയില ഉത്പാദന മേഖലകള്‍. ഡാര്‍ജിലിംഗ്, അസം ഓര്‍ത്തഡോക്‌സ്, ഹൈറേഞ്ച് നീലഗിരി തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള സ്‌പെഷ്യാലിറ്റി തേയിലകള്‍ ഇന്ത്യയ്ക്കുണ്ട്. അവയ്ക്ക് ഓരോന്നിനും പ്രത്യേക സൗരഭ്യവും നിറവും സ്വാദുമുണ്ട്.
മേയ് 21 ലെ ലോക തേയില ദിനത്തില്‍ രാജ്യം വീണ്ടും തേയില രുചികളെ കുറിച്ചു മാത്രമല്ല ഓര്‍ത്തത്. ചെറുകിട കര്‍ഷകരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും, തേയില മേഖലയിലെ സുസ്ഥിരതയും ടീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു.
മഴയും, ചായയും, സംഗീതവും ആസ്വദിക്കുന്ന നാമോരോരുത്തരും തേയില വ്യവസായത്തിന്റെ പിന്നാമ്പുറക്കഥകള്‍ അറിയാറുണ്ടോ? പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ കാലാകാലങ്ങളില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ വേരോടെ പിഴുതെറിയണം. പ്രതീക്ഷയോടെ പുതു നാമ്പുകള്‍ നുള്ളി തുടങ്ങാന്‍ പഴയവ വഴിമാറണം.