ട്വീറ്റുകൾ കാണാൻ ലോഗിൻ ; നടപടിയിൽ നിന്ന് പിന്മാറി ട്വിറ്റർ
- ട്വിറ്റർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയെന്നു സൂചന
- ഇൻസ്റ്റാഗ്രാമിന്റെ ത്രെഡ്സ് ആപ്പ് ലോഞ്ച് ചെയ്യുന്നതിന്റെ ഒരു ദിവസം മുമ്പേ പിന്മാറ്റം
- ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ട്വിറ്റർ നൽകിയിട്ടില്ല
ട്വീറ്റുകൾ കാണാൻ അക്കൗണ്ട് വേണമെന്ന നയത്തിൽ നിന്ന് നിശബ്ദമായി ട്വിറ്റർ പിന്മാറുന്നു. ട്വീറ്റുകൾ കാണുന്നതിന് സൈൻ ഇൻ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുകയോ നിലവിൽ ഉള്ള അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയോ വേണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉപയോക്താക്കൾ ഈ നിയന്ത്രണത്തോട് അനിഷ്ടം പ്രകടിപ്പിക്കുന്നെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ . കമ്പനിയുടെ നിയന്ത്രണം അനൗദ്യോഗികമായി നീക്കം ചെയ്തതായി കാണുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ട്വിറ്ററിന് ബദലായി ഇൻസ്റ്റാഗ്രാമിന്റെ ത്രെഡ്സ് ആപ്പ് ലോഞ്ച് ചെയ്യുന്നതിന്റെ ഒരു ദിവസം മുമ്പാണ് ട്വിറ്റർ നടപടിയിൽ നിന്ന് പിന്മാറിയതായി കാണുന്നത്. പല ട്വിറ്റർ ഉപയോക്താക്കൾക്കും അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാതെ തന്നെ വ്യക്തിഗത ട്വീറ്റുകൾ കാണാൻ സാധിച്ചു.
എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ട്വിറ്റർ നൽകിയിട്ടില്ല. ട്വിറ്ററിലെ ഡാറ്റ സ്ക്രാപ്പിങ് തടയാനുള്ള നടപടികൾ സ്വീകരിച്ചതായ അറിയിപ്പുകളും ട്വിറ്റർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മസ്ക് മുമ്പ് നടത്തിയ നീക്കത്തെ താൽക്കാലിക 'അടിയന്തിര നടപടി 'എന്നാണ് വിശേഷിപ്പിച്ചിരുന്നു. താമസിയാതെ തന്നെ നിയന്ത്രണം എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്റർ പ്ലാറ്റ്ഫോമിൽ നടക്കുന്ന ഡാറ്റ സ്ക്രാപ്പിങ്ങിനെതിരെ ആയിരുന്നു കമ്പനിയുടെ ഈ നീക്കം എന്നും അദ്ദേഹം വ്യക്തമാക്കി.