ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക്
- ഏപ്രില്‍ മുതല്‍ സേവനം രാജ്യത്ത് ലഭ്യമാകും
- ഐഒഎസ് 18.4 അപ്ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിള്‍ ഇന്റലിജന്‍സ് എത്തുക
ഐഫോണ്‍ 16 ഇ, ലോഞ്ചിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി ആപ്പിള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഏപ്രിലോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്.
ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് വെളുപ്പെടുത്തിയിരിക്കുന്നത്. ഐഒഎസ് 18.4 അപ്ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലെത്തുക. തിരഞ്ഞെടുത്ത ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിള്‍ ബജറ്റ് ഫ്രണ്ട്ലി ഐഫോണ്‍ 16ഇ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. അതേസമയം ആപ്പിള്‍ തങ്ങളുടെ എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഇപ്പോള്‍ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ബ്രസീലിയന്‍ പോര്‍ച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയന്‍, ചൈനീസ് എന്നീ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഇംഗ്ലീഷ് പതിപ്പുകളും ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട്.
ഐഫോണ്‍ 16ഇ യുടെ ലോഞ്ചോടുകൂടി എല്ലാ ആപ്പിള്‍ ആരാധകരുടെയും ശ്രദ്ധാകേന്ദ്രം ഈ ഫോണായിരുന്നു. എന്നാല്‍ ഐ.ഒ.എസ് 18.4 അപ്‌ഡേഷന്‍ ഇടന്‍ വരുമെന്നും ഇത് വന്നാല്‍ ഇന്ത്യയിലും ആപ്പിള്‍ ഇന്റലിജന്റ്‌സ് ഉപയോഗിക്കാമെന്നും കൂടി അറിഞ്ഞതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍. ഡെവലപ്പര്‍മാര്‍ക്ക് ബീറ്റ പതിപ്പിലൂടെ ഈ സവിശേഷതകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.