സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍

  • ഈ വിഷയം പരിശോധിക്കുമെന്ന് സ്റ്റാര്‍ലിങ്ക്
  • സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യ
  • ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള പൊതു അടിയന്തര സാഹചര്യങ്ങളില്‍ ഇത് നിര്‍ണായകമാകും
;

Update: 2025-03-14 08:59 GMT

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ് സൂചന. ഉപഗ്രഹ ഇന്റര്‍നെറ്റിനായി ടെലികോം ഭീമന്മാരായ എയര്‍ടെല്ലും റിലയന്‍സിന്റെ ജിയോയും സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ പ്രതികരണം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നിയന്ത്രണ കേന്ദ്രം ക്രമസമാധാന പാലനത്തിന് സഹായിക്കുമെന്നും ആവശ്യമുള്ളപ്പോള്‍ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ആശയവിനിമയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ അടച്ചുപൂട്ടാനോ സഹായിക്കുമെന്നും പറയുന്നു.

രാജ്യത്തിന്റെ ഏത് ഭാഗത്തും ക്രമസമാധാന നിലയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ മൂലം ഉപഗ്രഹങ്ങള്‍ വഴി നല്‍കുന്നതുള്‍പ്പെടെയുള്ള ആശയവിനിമയ സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടി വന്നേക്കാമെന്നതിനാല്‍ ഒരു നിയന്ത്രണ കേന്ദ്രത്തിന്റെ പ്രാധാന്യം അടിവരയിട്ട് റിപ്പോര്‍ട്ട് പ്രസ്താവിച്ചു.

അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ അവരുടെ വാതിലുകളില്‍ മുട്ടുകയോ യുഎസിലെ അവരുടെ ആസ്ഥാനത്ത് എത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഈ വിഷയം പരിശോധിക്കുമെന്ന് സ്റ്റാര്‍ലിങ്ക് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ടെലികോം നിയമപ്രകാരം, ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള പൊതു അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് ഏതെങ്കിലും ടെലികോം സേവനത്തിന്റെയോ നെറ്റ്വര്‍ക്കിന്റെയോ താല്‍ക്കാലിക ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ പോലും കഴിയുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് സ്റ്റാര്‍ലിങ്ക് കരാറിനെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'സൗഹൃദം' വാങ്ങാന്‍ അദ്ദേഹം ഈ കരാര്‍ ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. എയര്‍ടെല്ലും ജിയോയും സ്പേസ് എക്സുമായി വെറും 12 മണിക്കൂര്‍ ഇടവേളയില്‍ ഒരു കരാറില്‍ ഒപ്പുവെച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു

Tags:    

Similar News