മസ്‌കിന്റെ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക്
- ബ്രോഡ്ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് ഇനി ചുരുക്കം ചില നടപടിക്രമങ്ങള്‍ മാത്രം
- ആവശ്യമായ രേഖകളെല്ലാം സ്പേസ് എക്സ് സമര്‍പ്പിച്ചു
- ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാന്‍ സ്റ്റാര്‍ലിങ്ക് അംഗീകരിച്ചതായും റിപ്പോര്‍ട്ട്
ഇലോണ്‍ മസ്‌കിന്റെ ഇ.വി കമ്പനിയായ ടെസ്ലയ്ക്ക് ശേഷം ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് ചുരുക്കം ചില നടപടിക്രമങ്ങള്‍ മാത്രമാണ് മസ്‌കിന് മുന്നില്‍ അവശേഷിക്കുന്നത്. അനുമതിക്കായി ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന് ആവശ്യമായ രേഖകളെല്ലാം സ്റ്റാര്‍ലിങ്കിന്റെ മാതൃകമ്പനിയായ സ്പേസ് എക്സ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉപഗ്രഹ ഇന്റര്‍നെറ്റ് ആരംഭിക്കും മുമ്പ് ടെലികോം മന്ത്രാലയത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ലൈസന്‍സും സ്പെക്ട്രവും സ്റ്റാര്‍ലിങ്ക് സ്വന്തമാക്കേണ്ടതുണ്ട്. സ്‌പെക്ട്രം വിതരണത്തിന് ലേലം വേണമോ എന്ന അനിശ്ചിതത്വമാണ് സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യാ പ്രവേശനം നീട്ടിക്കൊണ്ടുപോയത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ സേവനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാന്‍ സ്റ്റാര്‍ലിങ്ക് അധികൃതര്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന.
അതേസമയം ടെസ്ല കാറുകള്‍ ഏപ്രിലോടെ രാജ്യത്ത് ആദ്യഘട്ട വില്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ബെര്‍ലിന്‍ പ്ലാന്റില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 22 ലക്ഷം രൂപയില്‍ത്താഴെ വിലയുള്ള ഇ.വി. മോഡലുകളായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മസ്‌ക് ഇന്ത്യയില്‍ എത്തിക്കുക.