മലേഷ്യയിലും മെറ്റക്കെതിരെ നിയമനടപടി; തുടർച്ചയായി നടപടികൾ നേരിട്ട് കമ്പനി
- സോഷ്യൽ മീഡിയയിൽ നിന്ന് അനഭിലഷണീയമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു
- നടപടി പൊതുജനതാൽപ്പര്യാർത്ഥം എന്ന് അധികൃതർ
- നേരത്തെ മറ്റു രാജ്യങ്ങളിലും നടപടി
മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആഗോള തലത്തിൽ ജനപ്രിയമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം വാട്സാപ്പ് എന്നിവ ഉപയോഗിക്കാത്ത ദിവസങ്ങളെ പറ്റി ആളുകൾക്ക് ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ മെറ്റാ പ്ലാറ്റുഫോമുകളുടെ ദുരുപയോഗവും ധാരാളം നടക്കുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ നിയമ നടപടി സ്വീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഏറ്റവും അവസാനം മലേഷ്യയും കമ്പനിക്കെതിരെ നിയമനടപടിക്കായി ഒരുങ്ങുന്നു
നിയമനടപടിക്കെന്നു മലേഷ്യ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ അനഭിലഷണീയമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മലേഷ്യൻ അധികൃതർ പറഞ്ഞു. പല തവണ ഇതിനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടും കമ്പനി പരാജയപ്പെട്ടതിനെതുടർന്നാണ് മലേഷ്യയുടെ ഈ നീക്കം.
വേറെ മാർഗമില്ലെന്നു അധികൃതർ
സൈബർ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും വഞ്ചനാപരമായ പ്രവർത്തനങ്ങളും തട്ടിപ്പുകളും ഉൾപ്പെടെയുള്ള ഓൺലൈൻ അപകടങ്ങൾക്കെതിരെ ഉപഭോക്താക്കളുടെ സംരക്ഷണം മുൻനിർത്തിയും ഇങ്ങനെ ഒരു നടപടി ആവശ്യമാണെന്ന് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ (എംസിഎംസി) പ്രസ്താവനയിൽ പറഞ്ഞു.
വിഷയത്തിന്റെ അടിയന്തിര സാഹചര്യം മനസിലാക്കി പ്രവർത്തിക്കാൻ മെറ്റക്കു കഴിഞ്ഞില്ല. പൊതുജനതാല്പര്യം പരിഗണിച്ച് സൂക്ഷ്മ പരിശോധകൾക്കു ശേഷം മെറ്റയ്‌ക്കെതിരെ നിയമ നടപടികൾ എടുക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നു അധികൃതർ പറയുന്നു."ഡിജിറ്റൽ മേഖലയിൽ ആളുകൾ സുരക്ഷിതരാണെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടി" ആയാണ് രാജ്യം ഇതിനെ കാണുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. മലേഷ്യയിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നു.
നേരത്തെ മറ്റു പല രാജ്യങ്ങളിലും നടപടി
ഭൂരിഭാഗം ആളുകൾ ഉപയോഗിക്കുന്ന മെറ്റ ഉടമസ്ഥതയിലുള്ള കമ്പനികൾ, യു ട്യൂബ് , ടിക്ക് ടോക് എന്നിവ നിരവധി രാജ്യങ്ങളിൽ സൂക്ഷ്മ നിരീക്ഷണത്തിൽ ആണ്. 2020 ഇൽ ഫേസ്ബുക്കിനെ രാജ്യത്തുനിന്ന് നിരോധിക്കുമെന്ന് വിയറ്റ്നാം ഭീഷണി മുഴക്കിയിരുന്നു. ഫേസ്ബുക് പ്ലാറ്റ്‌ഫോമിൽ നിന്നും വിയറ്റ്നാമിലെ രാഷ്ട്രീയസാഹചര്യങ്ങളെ പറ്റിയുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം നിരോധിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
അടുത്ത കാലത്തായി യൂറോപ്യൻ യൂണിയനും മെറ്റ ക്കു ഭീമമായ പിഴ ചുമത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരം ദുരുപയോഗം ചെയ്തതിനു 130 കോടി ഡോളർ ആണ് കമ്പനിക്കെതിരെ ചുമത്തിയത്.
നേരത്തെ കേബ്രിഡ്ജ് അനലിറ്റിക്കക്കു ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനു 5 ബില്യൺ ഡോളർ പിഴയും ചുമത്തി. 2021 ലെ ഐടി റൂൾ (ഇന്റർമീഡിയറി ഗൈഡ് ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ്) പ്രകാരം 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 1 മുതൽ 30 വരെ യുള്ള കാലഘട്ടത്തിൽ ഫേസ്ബുക്കിൽ നിന്ന് 27.7ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിലായി 33 മില്യൺ ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.മെറ്റാ യുടെ കണക്കനുസരിച്ചു 8470 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 2225 പരാതികളിൽ പ്രശ്നപരിഹാരത്തിനായുള്ള ടൂളുകൾ കമ്പനി നൽകിയെന്നും പറയുന്നു .6245 റിപ്പോർട്ടുകളിൽ 1244 റിപ്പോർട്ടുകളിൽ നടപടി എടുത്തു.ഇൻസ്റ്റാഗ്രാമിൽ 9676 കേസുകളിൽ 3591 കേസുകൾ പരിഹാരത്തിന് ടൂളുകൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവയിൽ 1664 കേസുകളിൽ നടപടി എടുത്തു .