2022-ല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 47 ശതമാനവും ബോട്ടുകളില്‍ നിന്ന്

  • ബോട്ടുകള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞുനിന്നപ്പോള്‍ ഹ്യുമണ്‍ ട്രാഫിക്ക് 52.6 ശതമാനമായി കുറയുകയും ചെയ്തു
  • രണ്ട് വിഭാഗങ്ങളായിട്ടാണു ബോട്ട് ട്രാഫിക്കിനെ തരംതിരിച്ചിരിക്കുന്നത്
  • ബാഡ് ബോട്ടിനെ ദുരുദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്

Update: 2023-05-18 06:31 GMT

ഇന്റര്‍നെറ്റില്‍ ബോട്ടുകളുടെ പ്രാധാന്യം ഇന്ന് വളരെ വലുതാണ്. ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ജോലി ചെയ്യാന്‍ ബോട്ടുകള്‍ക്ക് സാധിക്കും.

നെറ്റ്‌വര്‍ക്കിംഗ് മേഖലയില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത രംഗത്ത് മനുഷ്യരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് ബോട്ടുകള്‍. ഇതിനുപുറമെ വിവിധ ആവശ്യങ്ങള്‍ക്കായും നിരവധി സ്ഥാപനങ്ങള്‍ ബോട്ടുകളെ ഉപയോഗിച്ചു വരുന്നു.

2022-ല്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 47.4 ശതമാനവും ബോട്ടുകളില്‍ നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.1 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനി ഇംപെര്‍വയുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

ബോട്ടുകള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞുനിന്നപ്പോള്‍ ഹ്യുമണ്‍ ട്രാഫിക്ക് 52.6 ശതമാനമായി കുറയുകയും ചെയ്തു. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

ഇന്റര്‍നെറ്റില്‍ ബോട്ടുകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതു മാത്രമല്ല ആശങ്കയുളവാക്കുന്നത്. പകരം ഇവ വളരെ സ്മാര്‍ട്ടും, വേഗതയുള്ളവയും, നാശം വിതയ്ക്കാന്‍ കഴിവുള്ളവയുമാണ്.

രണ്ട് വിഭാഗങ്ങളായിട്ടാണു ബോട്ട് ട്രാഫിക്കിനെ തരംതിരിച്ചിരിക്കുന്നത്. ഒന്ന് ബാഡ് ബോട്ട് ട്രാഫിക്ക് (bad bot traffic), രണ്ട് ഗുഡ് ബോട്ട് ട്രാഫിക്ക് (good bot traffic).

ഇതില്‍ ബാഡ് ബോട്ടിനെ ദുരുദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അനുമതിയില്ലാതെ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഡാറ്റ കേടുവരുത്താനോ ഡിഡിഒഎസ് (DDoS) ആക്രമണങ്ങള്‍ സൃഷ്ടിക്കാനോ ആണ് ബാഡ് ബോട്ടുകളെ ഉപയോഗിക്കുന്നത്.

ടെലികോം, റീട്ടെയ്ല്‍ പേജുകള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, കമ്മ്യൂണിറ്റി സൈറ്റുകള്‍, ട്രാവല്‍ സൈറ്റുകള്‍ എന്നിവ ബാഡ് ബോട്ടുകളുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. യുഎസ്സിലുള്ള വെബ്‌സൈറ്റുകളാണ് ബാഡ് ബോട്ടുകളില്‍നിന്നും ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്നത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കാണ്.

2022-ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ബാഡ് ബോട്ട് ട്രാഫിക്ക് വര്‍ധിച്ചു. 2022-ല്‍ ബാഡ് ബോട്ട് ട്രാഫിക്ക് റെക്കോര്‍ഡ് നിലയായ 30.2 ശതമാനത്തിലെത്തി. 2021-ല്‍ നിന്ന് 2.5 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മറുവശത്ത്, ഗുഡ് ബോട്ടുകളാകട്ടെ, ഗുണകരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. സെര്‍ച്ച് എന്‍ജിനുകള്‍ക്കു വേണ്ടി വെബ്‌സൈറ്റുകള്‍ ഇന്‍ഡക്‌സിംഗ് ചെയ്യുവാനും വെബ്‌സൈറ്റ് പെര്‍ഫോമന്‍സ് മോണിറ്റര്‍ ചെയ്യാനുമൊക്കെ ഗുഡ് ബോട്ടുകളെ ഉപയോഗിച്ചു വരുന്നു.

ബോട്ടുകളുടെ സാന്നിധ്യം ഇന്റര്‍നെറ്റില്‍ കൂടിയതോടെ മനുഷ്യരുടെ സാന്നിധ്യം കുറഞ്ഞുവരികയാണ്. 2021-ല്‍ 57.7 ശതമാനമായിരുന്നു ഹ്യുമണ്‍ ട്രാഫിക്ക് എങ്കില്‍ 2022-എത്തിയപ്പോള്‍ 52.6 ശതമാനമായി കുറഞ്ഞു.

Tags:    

Similar News