ഐടി ആക്ട് ലംഘനം: മെറ്റയ്ക്ക് സര്‍ക്കാര്‍ അയയ്ച്ചത് അരലക്ഷം തിരുത്തല്‍ നിര്‍ദ്ദേശം
കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിലെ 597 ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് (പ്രവേശനം) മരവിപ്പിച്ചുവെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.
it act violation by meta
ഡെല്‍ഹി: ഉപഭോക്തൃ വിവരങ്ങള്‍ തേടി വിവിധ രാജ്യങ്ങളുടെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മെറ്റയിലേക്ക് വരുന്ന അപേക്ഷകളുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കകം 55,497 അപേക്ഷകളാണ് ഇന്ത്യയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വന്നതെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ വന്ന അപേക്ഷകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ്. യുഎസാണ് രണ്ടാം സ്ഥാനത്ത്.
2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഏകദേശം 50,382 അപേക്ഷകളാണ് വന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിലെ 597 ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് (പ്രവേശനം) മരവിപ്പിച്ചുവെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.
2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സെക്ഷന്‍ 69 എ വകുപ്പിന്റെ ലംഘനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരില്‍ നിന്നും കമ്പനിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ വന്നതെന്നും മെറ്റ ഇറക്കിയ ട്രാന്‍സ്‌പെരന്‍സി റിപ്പോര്‍ട്ടിലുണ്ട്.
സെക്ഷന്‍ 69എ പ്രകാരം രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ (കണ്ടന്റ്) ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലുള്ളവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പരാതി പ്രകാരം ആറ് കണ്ടന്റുകളും (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് റൂള്‍ 16 പ്രകാരം), ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം 23 കണ്ടന്റുകളുമാണ് മെറ്റ വിലക്കിയത്. ഈ കണ്ടന്റുകള്‍ ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. 19 മറ്റ് കണ്ടന്റുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നുവെന്നും മെറ്റയുടെ അറിയിപ്പിലുണ്ട്.