'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പിന്തുണക്കാൻ ഗൂഗിൾ ക്രോംബുക്ക് നിർമാണം ആരംഭിച്ചു
- 2023 ഒക്ടോബർ 2 മുതൽ എച്ച്പി ക്രോം ബുക്കിന്റെ നിർമാണം തുടങ്ങി
- ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കുക ലക്‌ഷ്യം
കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണക്കുന്നതിനായി ഗൂഗിൾ ക്രോംബുക്ക് ലാപ്ടോപ്പുകളുടെ നിർമാണം ആരംഭിക്കുന്നു. ക്രോം ബുക്ക് നിർമാണത്തിനായി എച്ച്പി കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചെന്നൈയിൽ ഫ്ലെക്സ് ഫെസിലിറ്റിയിലാണ് ക്രോം ബുക്ക് ഡിവൈസുകൾ നിർമ്മിക്കുന്നത്. 2023 ഒക്ടോബർ 2 മുതൽ എച്ച്പി ക്രോം ബുക്കിന്റെ നിർമാണം ആരംഭിച്ചു.
ഇന്ത്യയിലെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ പിന്തുണക്കുന്ന പദ്ധതിയുമായാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എച്ച് പിയും വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും താങ്ങാവുന്നതും സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ കമ്പ്യൂട്ടിങ് ഉപകരണങ്ങൾ നൽകി വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.
ലോകമെമ്പാടുമുള്ള 5 കോടിയിലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും പഠനത്തിന് സഹായിക്കുന്ന പദ്ധതിയാണ് ഇത്. ക്രോം ബുക്ക് പ്ലാറ്റ്ഫോമുകൾക്ക് 10 വർഷത്തേക്ക് സ്ഥിരമായി ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ലഭിക്കുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു.
ഇന്ത്യയിൽ ലാപ്ടോപ്പുകളുടെയും കംപ്യൂട്ടറുകളുടെയും ഡിമാൻഡ് മിക്കവാറും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്താണ് നികത്തുന്നത്.. ഇതിനു ഒരു ബദൽ സൃഷ്ടിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം.
ഐ ടി ഹാർഡ് വെയർ നിർമാണത്തിൽ ഇന്ത്യയുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനു സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ( പി എൽ ഐ )സ്‌കീം 2.0 പദ്ധതി ഗുണപ്പെടുമെന്നാണ് പ്രതീക്ഷ. അസുസ്, ഡെൽ, എച്ച് പി ഫോക്സ് കോൺ എന്നിവയുൾപ്പെടെ 40 കമ്പനികൾ പി എൽ ഐ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ പദ്ധതിയിടുന്നു.
കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഇന്ത്യയിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളായ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തുന്നു. ഈ സാമ്പത്തികാവർഷം ഏപ്രിൽ - ജൂൺ കാലയളവിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി മുൻവർഷത്തെ 4.73 ബില്യൺ ഡോളറിൽ 6.9 ബില്യൺ ഡോളർ ആയി വർധിച്ചു. മൊത്തം ഇറക്കുമതിയുടെ 4-7 ശതമാനം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കാണ്.
ലാപ്ടോപ്പുകളും പാം ടോപ്പുകളും ഉൾപ്പെടെയുള്ള പേർസണൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലാണ് ഇറക്കുമതിയുടെ ഏറ്റവും ഉയർന്ന വിഹിതം. ഈ വർഷം ഏപ്രിൽ. മെയ് മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 558.36 മില്യൺ ഡോളർ ആയിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 618.26 മില്യൺ ഡോളർ ആയിരുന്നു.
ഇന്ത്യയുടെ പേർസണൽ കമ്പ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും ഇറക്കുമതിയുടെ ഏകദേശം 70- 80 ശതമാനവും ചൈനയിൽ നിന്നാണ്.
ഓഗസ്റ്റിൽ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിക്ക് ലൈസൻസിങ് ഏർപ്പെടുത്താനും സർക്കാർ ശ്രമിച്ചു. എന്നാൽ വ്യവസായത്തിൽ നിന്നുള്ള ശക്തമായ തിരിച്ചടിയെ തുടർന്ന് നിർദേശം നടപ്പിലാക്കുന്നത് ഒക്ടോബർ 31 വരെ നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതരായി.