ഇവി ബാറ്ററി പ്ലാന്റ്; എപ്‌സിലോണ്‍ ഗ്രൂപ്പ് കര്‍ണാടകയില്‍ 15,350 കോടി നിക്ഷേപിക്കും
- ഇന്‍വെസ്റ്റ് കര്‍ണാടക ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചു
- ഈ തന്ത്രപരമായ നിക്ഷേപം, ഇന്ത്യയുടെ ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും
കര്‍ണാടകയില്‍ ഇവി ബാറ്ററി ടെസ്റ്റിംഗിനും അത്യാധുനിക സാമഗ്രികള്‍ക്കുമായി ഒരു നിര്‍മ്മാണ, ഗവേഷണ സൗകര്യം എപ്‌സിലോണ്‍ ഗ്രൂപ്പ് വികസിപ്പിക്കുന്നു. ഇതിനായി 15,350 കോടി രൂപയാണ് ഗ്രൂപ്പ് നിക്ഷേപിക്കുന്നത്.
ബെംഗളൂരുവില്‍ നടന്ന ഇന്‍വെസ്റ്റ് കര്‍ണാടക ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി (ജിഒകെ) ധാരണാപത്രം ഒപ്പുവെച്ചതായി എപ്‌സിലോണ്‍ പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആസൂത്രണം ചെയ്യുന്ന ഈ തന്ത്രപരമായ നിക്ഷേപം, ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പദ്ധതി നൂതന ബാറ്ററി സാങ്കേതികവിദ്യയുടെ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
ധാരണാപത്ര പ്രകാരം ഗ്രാഫൈറ്റ് ആനോഡും ലിഥിയം അയണ്‍ ഫോസ്ഫേറ്റും കാഥോഡ് ബാറ്ററി മെറ്റീരിയലുകളും എപ്‌സിലോണ്‍ ഗ്രൂപ്പ് നിര്‍മ്മിക്കും.
ഗ്രാഫൈറ്റ് ആനോഡ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 9,000 കോടി രൂപയും എല്‍എഫ്പി കാഥോഡ് നിര്‍മ്മാണ പ്ലാന്റിന് 6,000 കോടി രൂപയും ബാറ്ററി മെറ്റീരിയലുകള്‍ക്കും ബാറ്ററി ടെസ്റ്റിംഗ് ഗവേഷണ-വികസനത്തിനും പരിശീലന കേന്ദ്രത്തിനുമായി 350 കോടി രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഈ സംരംഭം ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തന കേന്ദ്രമാകാനുള്ള കര്‍ണാടകയുടെ അഭിലാഷത്തെ പിന്തുണയ്ക്കുന്നതായി എപ്‌സിലോണ്‍ പറഞ്ഞു. ''കര്‍ണാടകയിലെ ഞങ്ങളുടെ നിക്ഷേപം, നൂതന ബാറ്ററി സാമഗ്രികളില്‍ ഇന്ത്യയെ സ്വാശ്രയമാക്കാനും രാജ്യത്തിന്റെ ഇവി അഭിലാഷങ്ങളെ പിന്തുണയ്ക്കാനുമുള്ള കമ്പനിയുടെ കാഴ്ചപ്പാടുമായി ഒത്തുചേരുന്നു,'' എപ്‌സിലോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിക്രം ഹാന്‍ഡ പറഞ്ഞു.
വികസിത ഭാരതിന്റെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാങ്കേതിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശികവല്‍ക്കരിക്കപ്പെട്ടതും സ്വയംപര്യാപ്തമായ ബാറ്ററി മെറ്റീരിയല്‍ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവയ്പാണ് തങ്ങളുടെ നിക്ഷേപമെന്ന് കമ്പനി പറഞ്ഞു.