ഒരു ഡോളറിനു എ ഐ കാമുകി
- 'ഫോറെവർ വോയിസ് എന്ന കമ്പനി ആണ് എ ഐ കാറിൻ എന്ന പേരിലുള്ള എ ഐ ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത്
- സ്നാപ്പ് ചാറ്റ് ഇൻഫ്ലുൻസർ കാറിൻ മാർജോറിയുടെ ക്ലോൺ പതിപ്പ്
- സാമൂഹിക പ്രത്യാഘാതങ്ങൾ തള്ളിക്കളയാൻ ആവില്ലെന്ന് വിദഗ്ധർ
പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കാൻ ആഴത്തിലുള്ള സൗഹൃദങ്ങൾ ആഗ്രഹിക്കുന്നവരാണ് പൊതുവെ മനുഷ്യർ. ഏകാന്തത കാരണമുണ്ടാവുന്ന വൈകാരിക പ്രശ്നങ്ങൾ സമൂഹത്തിന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. തിരക്കിൻറെ ലോകത്ത് മനുഷ്യരെ കേൾക്കാൻ ആളില്ലാതാവുന്നതാണ് മിക്ക മാനസിക വൈകാരിക പ്രശ്നങ്ങളുടെയും കാരണം.
ആളുകളുടെ ഈ പ്രശ്നത്തിന് പരിഹാരമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തന്റെ തന്നെ ക്ലോൺ പതിപ്പായ വിർച്വൽ കാമുകിയെ സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്നാപ്പ് ചാറ്റ് ഇൻഫ്ലുൻസർ കാറിൻ മർജോരി. 23 വയസു പ്രായമുള്ള കാറിൻ മാർജോറിയുടെ ക്ലോൺ ആയ എ ഐ ചാറ്റ് ബോട്ട് സൃഷ്ടി വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി.
ദശലക്ഷക്കണക്കിനു ആരാധകരുള്ള മാർജോറി ദിവസവും തന്റെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇവരുടെ ആരാധകരിൽ കൂടുതലും പുരുഷമാരാണ്. ഇവരോട് ആശയവിനിമയം നടത്താൻ തന്റെ തന്നെ ക്ലോൺ പതിപ്പായ എ ഐ ചാറ്റ് ബോട്ടിനു കാറിൻ എഐ എന്ന പേര് തന്നെ നൽകി. എന്നാൽ വിർച്വൽ കാമുകിയുമായി സംസാരിക്കുന്നതിനു മിനിറ്റിനു 1 ഡോളർ നല്കണം.
എന്താണ് 'കാറിൻ എഐ'
'ഫോറെവർ വോയിസ് എന്ന കമ്പനി ആണ് എ ഐ കാറിൻ എന്ന പേരിലുള്ള എ ഐ ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത്. ഈ എഐ ചാറ്റ് ബോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഒരു വലിയ മുന്നേറ്റം തന്നെയാണ്. കാറിൻ മജോറിയുടെ വ്യക്തിത്വത്തെ ഉപയോഗിച്ച് മണിക്കൂറുകൾ ചെലവിട്ട് ശബ്ദം റെക്കോർഡ് ചെയ്താണ് വിർച്വൽ കാമുകിയെ വികസിപ്പിച്ചത്. സ്റ്റീവ് ജോബ്സ് ,ടൈലർ സ്വിഫ്റ്റ്, ഡൊണാൾഡ് ട്രംപ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളുടെ ക്ലോൺ വേർഷനുകൾ സൃഷ്ടിച്ച എഐ കമ്പനി ആണ് ഫോർവേർ വോയ്സസ്.
ഉപയോക്താക്കളുമായി ആഴത്തിലും വൈകാരികവുമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ ചാറ്റ് ബോട്ടിന്റെ ലക്‌ഷ്യം. മാർജോറിയുടെ ക്ലോണുമായുള്ള ആശയ വിനിമയത്തിലൂടെ പരിമിതികളില്ലാത്ത ഇടപെടലുകൾ സാധ്യമാവുന്നു. ഉപയോക്താക്കൾക്ക്പ്ര തങ്ങളുടെ പ്രശ്നങ്ങൾക്കിടയിൽ ആശ്വാസവും സ്നേഹവും കണ്ടെത്താനും തങ്ങളുടെ ദൈനം ദിന അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കാനും ഉള്ള ഒരു പ്ലാറ്റ്‌ഫോം ആയി ഇതിനെ കാണാം.
മജോറിക്കു സ്നാപ്പ് ചാറ്റിൽ ധാരാളം ആരാധകർ ഉണ്ട്. മാർജോറിക്കു അവരുടെ ആരാധകർക്ക് മേലുള്ള സ്വാധീനത്തെ ഇവിടെ ഉപയോഗിക്കുന്നു. ദശലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉള്ളതിനാൽ ഓരോരുത്തരോടും വ്യക്തിപരമായി ഇടപെടുന്നത് മാർജോറിക്കു ഒരു വെല്ലുവിളി ആയിരുന്നു. അതിനൊരു പരിഹാരമായി അവതരിപ്പിച്ച അവരുടെ ക്ലോൺ പതിപ്പ് മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഇടയിലുള്ള അതിരുകൾ ഇല്ലാതാക്കുന്നു.
സാമൂഹിക പ്രത്യാഘാതങ്ങൾ
ഇത്തരം എ ഐ ചാറ്റ്ബോറ്റുകളുടെ സാമൂഹിക സ്വാധീനത്തെ കുറിച്ച് വിദഗ്ധർ ആശങ്കകളുമുയർത്തുന്നുണ്ട് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ഇത്തരം ക്ലോണുകൾ ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്ന് അവർ കരുതുന്നു. ഇത്തരം എ ഐ സൗഹൃദങ്ങൾ യഥാർത്ഥ ബന്ധങ്ങളെ ഇല്ലാതാക്കുകയും സാമൂഹിക ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആശങ്ക
കാറിൻ എഐ നൽകുന്ന വൈകാരികമായ ബന്ധം ഉപയോക്താക്കളെ അതിലേക്ക് ആകർഷിക്കുന്നു. എന്നാൽ കൗമാരക്കാരായ ഉപയോക്താക്കൾക്കിടയിൽ ഇത്തരം സംഭാഷണങ്ങൾ അതിന്റെ പരിധികൾ ലംഘിച്ചു പോവാനും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പറയുന്നു
എഐ സൗഹൃദങ്ങൾ തത്കാലത്തേക്ക് മാത്രമുള്ള വിനോദവും സന്തോഷവും മാത്രം പ്രദാനം ചെയ്യുമ്പോൾ യഥാർത്ഥ മനുഷ്യ സൗഹൃദങ്ങൾ കുറച്ചു കൂടി ആഴത്തിൽ ഉള്ളതും അനുഭവങ്ങൾ അന്യോന്യം പങ്കുവയ്ക്കാൻ കഴിയുന്നതും ആയിരിക്കും. ഇത്തരം സാങ്കേതിക വികാസങ്ങളെ കുറച്ചു കൂടെ ജാഗ്രതയോടു കൂടി സമീപിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു .