അടുത്തുള്ള ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ അറിയാന്‍'ആപ്പു'മായി സര്‍ക്കാര്‍

  • 2023 മെയ് അഞ്ച് വരെയുള്ള കണക്ക് പ്രകാരം, രാജ്യത്ത് 7,013 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്
  • എഡിബി ആണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്
  • ഇപ്പോള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യത്യസ്ത കമ്പനികളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്

Update: 2023-06-12 07:14 GMT

ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ചാര്‍ജിംഗ് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിറഞ്ഞുനില്‍ക്കുന്ന ഉത്കണ്ഠ ലഘൂകരിക്കുന്നതിനുമായി ഒരു മാസ്റ്റര്‍ ആപ്പ് ഡെവലപ് ചെയ്യാന്‍ കേന്ദ്രം പദ്ധതിയിടുന്നു.

സമീപത്തുള്ള ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത വിശദമാക്കുന്ന ഒരു മാസ്റ്റര്‍ ആപ്പ് വികസിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

ഇതു സംബന്ധിച്ച് നീതി ആയോഗ് ഏതാനും തല്‍പരകക്ഷികളുമായി (stake holder) ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആപ്പിന്റെ ബീറ്റ പതിപ്പ് വികസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ആണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ആപ്പ് പൂര്‍ണ്ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും പ്രവര്‍ത്തിപ്പിക്കുക.

ഇവി യൂസര്‍മാര്‍ക്ക് ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്താനും ഒരു സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും പേയ്മെന്റുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും.

ഇപ്പോള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യത്യസ്ത കമ്പനികളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഓരോന്നിനും വ്യത്യസ്തമായ ആപ്പുകള്‍ (dedicated app) ആണ് ഉള്ളത്.

ഇതു കാരണം യൂസര്‍ക്ക് അടുത്തുള്ള ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത അറിയണമെങ്കില്‍ ഓരോ കമ്പനികളുടെയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്ന മാസ്റ്റര്‍ ആപ്പിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കും. മാത്രമല്ല, യുപിഐയിലൂടെ ചാര്‍ജിംഗ് കഴിയുമ്പോള്‍ പണം അടയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ടാവും.

ചാര്‍ജിംഗ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ മെംബര്‍ഷിപ്പ് ഫീസ് യൂസര്‍ക്ക് നല്‍കേണ്ടിയും വരില്ല.

ഓരോ ചാര്‍ജിംഗ് സ്റ്റേഷന്‍ ഓപ്പറേറ്ററെയും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആപ്പിലേക്ക് സംയോജിപ്പിച്ച് സമഗ്രമായി പരീക്ഷിക്കുക എന്നതാണ് നിലവിലെ വെല്ലുവിളി.

2023 മെയ് അഞ്ച് വരെയുള്ള കണക്ക് പ്രകാരം, രാജ്യത്ത് 7,013 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്.

25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ 2019 ഏപ്രില്‍ 1-ന് മൂന്ന് വര്‍ഷത്തേക്ക് അവതരിപ്പിച്ച സബ്സിഡി സ്‌കീമാണ് ഫെയിം (FAME) അല്ലെങ്കില്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് & ഇലക്ട്രിക് വെഹിക്കിള്‍സ് സ്‌കീം.

ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസിപ്പിക്കാനായി 1,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. അതോടൊപ്പം ഒമ്പത് എക്‌സ്പ്രസ് പാതകളിലും 16 ദേശീയപാതകളിലുമായി 1,576 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിരിക്കുകയാണ്.

തങ്ങളുടെ ചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ 22,000 ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഓരോ എണ്ണ വിപണന കമ്പനികള്‍ അടുത്തിടെ 800 കോടി രൂപ അനുവദിച്ചിരുന്നു.

Tags:    

Similar News