ഇനി സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ് കാലമോ?- 3 ലക്ഷം മുടക്കി ആപ്പിളിന്റെ വിഷന്‍ പ്രോ ആര് വാങ്ങാനാണ്?

  • 2024 ല്‍ മാത്രമേ യുഎസ് വിപണിയില്‍ ലഭ്യമാവൂയെന്ന് ആപ്പിള്‍
  • ഡെവലപ്പര്‍മാരും പ്രോഗ്രാമിംഗ് കമ്പനികളും ഉടനെ വാങ്ങാൻ തയ്യാറാവും
  • മറ്റൊരു വിപ്ലവത്തിന് തുടക്കമിടാൻ സ്പേഷ്യൽ കമ്പ്യൂട്ടിങ്

Update: 2023-06-13 07:52 GMT

ഓര്‍ക്കുന്നുണ്ടോ? 2007ല്‍ സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ഐഫോണ്‍ ലോഞ്ച് ചടങ്ങ്. വിപ്ലവകരമായ യൂസര്‍ ഇന്റര്‍ഫേസ് എന്ന് പറഞ്ഞ്, ബട്ടണുകളൊക്കെ ഒഴിവാക്കി, ടച്ച് സ്‌ക്രീന്‍ കൊണ്ടുവന്ന് അത്ഭുതം കാണിച്ച നിമിഷം.കണ്ടുനിന്നവരെല്ലാം അത്ഭുതം കൂറിയ ആ ഫോണിന്റെ വില കേട്ട് പക്ഷേ, ആളുകളെല്ലാം ഞെട്ടല്‍ രേഖപ്പെടുത്തി. 499 ഡോളര്‍!

Full View 

കണ്ടുനിന്നവരെല്ലാം അത്ഭുതം കൂറിയ ആ ഫോണിന്റെ വില കേട്ട് പക്ഷേ, ആളുകളെല്ലാം ഞെട്ടല്‍ രേഖപ്പെടുത്തി. 499 ഡോളര്‍!

16 വര്‍ഷത്തിനിപ്പുറം സ്റ്റീവ് ജോബ്‌സിന് പകരം ടിം കുക്ക് ആപ്പിള്‍ പാര്‍ക്കില്‍ നിന്നൊരു പ്രഖ്യാപനം നടത്തുകയാണ്. അടുത്തൊരു വിപ്ലവകരമായ ഉപകരണമാണെന്ന് പരിചയപ്പെടുത്തി തന്നെയാണ് ടിം കുക്കിന്റെ പ്രഖ്യാപനം. 'വിഷന്‍ പ്രോ' അത്ഭുതപ്പെടുത്തിയെങ്കിലും വില കേട്ട് ആളുകളെല്ലാം ഒന്നുകൂടി ഞെട്ടി, 3,499 ഡോളര്‍!

വിലയില്‍ ഞെട്ടിയാലും ഇല്ലെങ്കിലും അതൊക്കെ സാരമില്ലെന്ന് പറഞ്ഞ് വാങ്ങാവുന്ന തലത്തിലേക്ക് ആപ്പിളിന്റെ വിഷന്‍ പ്രോയും മാറുമെന്ന് തന്നെ പറയാം. കാരണം, വെറുതെയൊരു പ്രോഡക്ട് ഇറക്കുകയല്ല ആപ്പിള്‍ ചെയ്തിരിക്കുന്നത്. ഭാവിയിലെ കംപ്യൂട്ടിംഗ് രീതി കൂടി അവതരിപ്പിക്കുകയും കൂടുതല്‍ ജനപ്രിയമാക്കുകയും ചര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തുകൊണ്ടാണ് ആപ്പിള്‍ വിഷന്‍ പ്രോ അവതരിപ്പിച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല, സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ് (Spatial Computing) ആണ്.

വിപ്ലവകരമായ മാറ്റമെന്ന നിലയ്ക്ക് 2007ല്‍ തന്നെ ഐഫോണ്‍ പുറത്തിക്കിയെങ്കിലും അത്തരമൊരു മൊബൈലിന്റെ യഥാര്‍ത്ഥ ഉപയോഗം എത്ര കാലം കഴിഞ്ഞാണ് വളരെ ജനകീയമായത്?- പിന്നെയും പത്തു വര്‍ഷമെങ്കിലും കഴിഞ്ഞു അല്ലേ. അന്ന് 499 ഡോളറില്‍ ഞെട്ടിയവര്‍ ഇന്ന് അതിനേക്കാള്‍ 1000 ഡോളര്‍ കൂട്ടിക്കൊടുത്താണെങ്കിലും ഐഫോണ്‍ വാങ്ങാന്‍ തയ്യാറാണ്. ചാറ്റിംഗും വീഡിയോ കോളും മൊബൈല്‍ വീഡിയോ ക്രിയേഷനും മറ്റുമൊക്കെയായി ജനകീയമാവാന്‍ ഇത്രയും കാലമെടുത്തെങ്കില്‍ ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷന്‍ പ്രോയ്ക്ക് ജനപ്രിയത കിട്ടാനും ഏതാണ്ടതേ കാലമെടുക്കുമെന്ന് കണക്കാക്കാം.

ആപ്പിളിന്റെ ഉദ്ദേശം

ഐഫോണ്‍ പോലെയോ വാച്ച് പോലെയോ വിഷന്‍ പ്രോ ഇപ്പോള്‍ തന്നെ ലോകം മൊത്തം വിറ്റഴിക്കാമെന്ന് ആപ്പിള്‍ കണക്കുകൂട്ടുന്നില്ല. 2024 ല്‍ മാത്രമേ യുഎസ് വിപണിയില്‍ ലഭ്യമാവൂയെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ആറു മാസമെങ്കിലും ബാക്കിയിരിക്കേ എന്തിനായിരിക്കും ആപ്പിള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപനം നടത്തിയത്? ഉത്തരം സിംപിളാണ്. വിഷന്‍ പ്രോ എന്ന ഉപകരണം മാത്രം ഇറക്കിയതു കൊണ്ടായില്ലല്ലോ. അത് ഫംഗ്ഷന്‍ ചെയ്യാന്‍ വേണ്ട ആപ്പുകളും സോഫ്റ്റ് പ്രോഡക്ടുകളും സുലഭമായി സൃഷ്ടിക്കപ്പെടണം. അതിനായി മറ്റു ടെക് കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്ന സമയമാണിത്.

ഈയൊരു കാലയളവില്‍ വിഷന്‍ പ്രോ ലക്ഷ്യമിട്ട് ധാരാളം കമ്പനികള്‍ വിവിധ പ്രോഡക്ടുകളും കണ്ടന്റുകളും പുറത്തിറക്കും. ബിസിനസ്, എന്‍ജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഓരോ മേഖലകളിലും വേണ്ട കണ്ടന്റുകള്‍ ഉണ്ടാക്കാനുള്ള ശ്രമം പ്രോഗ്രാമര്‍മാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. വിഷന്‍ പ്രോ ഇറക്കുന്നതോടൊപ്പം തന്നെ ഡെവലപ്പര്‍മാര്‍ക്കുള്ള സെഷനും ആപ്പിള്‍ നല്‍കിക്കഴിഞ്ഞു. ഐഡിയകളുടെ പങ്കുവെക്കലും വിവിധ പരിശീലന പരിപാടികളും ഇതൊടൊപ്പം നടക്കുന്നുണ്ട്.

ഇത്രയും ഭീമമായ വിലയ്ക്ക് എല്ലാവരും ഇത് വാങ്ങാന്‍ തുനിയില്ലെന്നും ആപ്പിളിനറിയാം. എന്നാല്‍ ഡെവലപ്പര്‍മാരും പ്രോഗ്രാമിംഗ് കമ്പനികളും ഇത് തീര്‍ച്ചയായും പെട്ടെന്ന് തന്നെ സ്വന്തമാക്കാന്‍ നോക്കും. ഇതൊരു ഫസ്റ്റ് ജനറേഷന്‍ പ്രോഡക്ട് മാത്രമായിരിക്കും. ഇതിലും മികച്ച ഫീച്ചറുകളുമായി കുറഞ്ഞ വിലയില്‍ ഭാവിയില്‍ ആപ്പിളിന്റെ വിഷന്‍ പ്രോ ഇറങ്ങിക്കൂടായ്കയില്ല. ആ കാലം സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ് ജനകീയമായ കാലമായിരിക്കും.

സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ്

ഇതൊരു പുതിയ പ്രയോഗമല്ല. സൈമണ്‍ ഗ്രീന്‍വേള്‍ഡ് 2003ല്‍ തന്നെ സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ അനക്കങ്ങള്‍, ആംഗ്യങ്ങള്‍, സംസാരം എന്നിവയെല്ലാം ഇന്‍പുട്ടായി സ്വീകരിച്ച് അതിനനുസരിച്ച് ഔട്ട്പുട്ട് ഉണ്ടാക്കുന്നതാണ് സിംപിളായി പറഞ്ഞാല്‍ സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ്. ഇപ്പോള്‍ തന്നെ പല ഉപയോഗങ്ങളും സ്‌പേഷ്യല്‍ കംപ്യൂട്ടിംഗിലൂടെ നടക്കുന്നുണ്ട്. ജിപിഎസ്, റൈഡ് ഷെയറിംഗ് ആപ്പ്, സോഷ്യല്‍ മീഡിയയിലെ ലൊക്കേഷന്‍ ടാഗിംഗ് മുതല്‍ ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകള്‍ വരെ സ്‌പേഷ്യല്‍ കംപ്യൂട്ടിംഗിന്റെ സംഭാവനയാണ്. വിവിധ സോഷ്യല്‍ മീഡിയകളില്‍ ഉപയോഗിക്കുന്ന ഫില്‍റ്ററുകളും ഇതിന്റെ ഭാഗമാണ്. ആപ്പിള്‍ വിഷന്‍ പ്രോയുടെ ലോഞ്ചിങ്വീഡിയോ  കണ്ടാല്‍ ഇത് കൃത്യമായി മനസിലാക്കാം. Full View

വിഷന്‍ പ്രോ അവതരിപ്പിച്ചിരിക്കുന്നതും സ്‌പേഷ്യല്‍ കംപ്യൂട്ടിംഗ് ഉപകരണമെന്ന നിലയ്ക്കാണ്. വെര്‍ച്വല്‍ ലോകത്തേക്കും റിയല്‍ ലോകത്തേക്കും ഒരുപോലെ ഷിഫ്റ്റ് ചെയ്യാവുന്ന സാങ്കേതിക മികവോടെയാണ് ആപ്പിള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇനി സ്‌പേഷ്യല്‍ കംപ്യൂംട്ടിഗിന്റെ യുഗമാണെന്നും ടിം കുക്ക് പറഞ്ഞുവെച്ചിട്ടുണ്ട്. അതിനര്‍ത്ഥം എല്ലാം കൂടി ആപ്പിള്‍ ചെയ്യുമന്നല്ല. ആപ്പിള്‍ വഴി തുറന്നിട്ടിരിക്കുകയാണ്. അത് അടിസ്ഥാനമാക്കി ആപ്പിളിന്റെ പ്രോഡക്ടും പുറത്തിറക്കി. ആപ്പിളിനറിയാം, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവം വന്നതുപോലെ മറ്റൊരു വിപ്ലവത്തിന് തുടക്കമിടാന്‍ സ്‌പേഷ്യല്‍ കംപ്യൂട്ടിംഗിനാവുമെന്ന്. അങ്ങനെയൊരു കാലത്ത് ആപ്പിളിന്റെ പ്രോഡക്ടുകള്‍ എന്തു വില കൊടുത്തും ആളുകള്‍ വാങ്ങുമെന്നും.

Tags:    

Similar News