14,400 കോടി രൂപയുടെ ഫോണ്‍ വില്‍പന: വന്‍ വളര്‍ച്ചയുമായി സാംസങ്
പ്രീമിയം വിഭാഗത്തിലെ ഫോണ്‍ വില്‍പനയില്‍ 99% വളര്‍ച്ച സാംസങ് ഇന്ത്യ നേടി. സെപ്റ്റംബര്‍ പാദത്തില്‍ വില്‍പന വോളിയത്തിന്റെ അടിസ്ഥാനത്തില്‍ സാംസങിന് ഇന്ത്യന്‍ വിപണിയില്‍ 18 ശതമാനം വിപണി വിഹിതമുണ്ട്.
സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്ത് 14,400 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ വിറ്റ് സാംസങ് ഇന്ത്യ. ഈ വര്‍ഷം ആദ്യ മൂന്നു പാദങ്ങളില്‍ പ്രീമിയം വിഭാഗത്തിലെ മൊബൈല്‍ ഫോണുകളുടെ വില്‍പനയില്‍ 99 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍, ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയില്‍ 178 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നും കമ്പനിയുടെ സീനിയര്‍ ഡയറക്ടര്‍ ആദിത്യ ബബ്ബാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഉത്സവ സീസണില്‍ ഉണ്ടായതിനേക്കാള്‍ വില്‍പന ഇത്തവണ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സാംസങ് ഫിനാന്‍സ് പ്ലസ് സ്റ്റോറുകള്‍ വില്‍പനയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഉത്സവ സീസണില്‍ മാത്രം 10 ലക്ഷത്തില്‍ പരം ഇടപാടുകള്‍ വര്‍ധിച്ചുവെന്നും ബബ്ബാര്‍ പറഞ്ഞു. 30,000 രൂപയ്ക്കു മുകളിലുള്ള സാംസങ് ഫോണുകളുടെ വിഭാഗത്തില്‍ 99 ശതമാനം വളര്‍ച്ചയുണ്ടായെന്നും എസ് 22, ഫോള്‍ഡ് ചെയ്യാന്‍ കഴിയുന്ന ഫോണുകള്‍ എന്നിവയെല്ലാം ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ പാദത്തില്‍ വില്‍പന വോളിയത്തിന്റെ അടിസ്ഥാനത്തില്‍ സാംസങിന് ഇന്ത്യന്‍ വിപണിയില്‍ 18 ശതമാനം വിപണി വിഹിതമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വില്‍പനക്കാരാണ് സാംസങ്. കമ്പനിയുടെ മൊത്ത മൊബൈല്‍ ഫോണ്‍ ബിസിനസ് 20 ശതമാനം വര്‍ധിച്ചു. ഒപ്പം വരുമാനത്തില്‍ 22 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. കമ്പനി വിറ്റ എല്ലാ 5ജി ഫോണുകളിലും നവംബര്‍ 15-നകം 5ജി സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.