ഐഫോണ്‍ 16 പ്രോ ഉടന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

  • രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകളുടെ നിര്‍മ്മാണം പരിഗണിക്കുന്നു
  • ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്‌കോണിന്റെ പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുക

Update: 2024-08-20 08:37 GMT

വരാനിരിക്കുന്ന ഐഫോണ്‍ 16 സീരിസിലെ പ്രോ മോഡലുകള്‍ ആപ്പിള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിള്‍ അതിന്റെ പങ്കാളിയായ ഫോക്സ്‌കോണിലൂടെ, ചൈനയ്ക്ക് പുറത്ത് ഐഫോണ്‍ ഉല്‍പ്പാദനം വൈവിധ്യവത്കരിക്കാനും ഇന്ത്യയില്‍ ഉല്‍പ്പാദന സാന്നിധ്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ പ്രോ മോഡലുകളുടെ നിര്‍മ്മാണം പരിഗണിക്കുന്നുണ്ടെന്നും യുഎസ് ആസ്ഥാനമായുള്ള സാങ്കേതിക ഭീമന്‍ ഇപ്പോള്‍ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.മോഡലുകളുടെ ആദ്യ ബാച്ച് ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍തന്നെ അസംബിള്‍ ചെയ്യും.

റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്‌കോണിന്റെ പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുക. ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ ഈ സ്ഥാപനത്തില്‍ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുടക്കത്തില്‍, ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് മോഡലുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും. എന്നാല്‍ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ ആപ്പിള്‍ അവ ആഭ്യന്തരമായി അസംബിള്‍ ചെയ്യാന്‍ തുടങ്ങും. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 മോഡലുകള്‍ ലോഞ്ച് ചെയ്ത ആദ്യ ദിവസം മുതല്‍ രാജ്യത്ത് ലഭ്യമായിരുന്നു.

സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം അവസാനത്തോടെ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.

Tags:    

Similar News