രാജ്യത്ത് 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള നീക്കവുമായി മുന്‍നിര ടെലികോം കമ്പനികള്‍ മുന്നോട്ട് പോകുമ്പോള്‍ വ്യത്യസ്ഥമായ ചുവടുവെപ്പു കൂടി നടത്തുകയാണ് റിലയന്‍സ് ജിയോ. നിലവിലുള്ള ജിയോ ഉപഭോക്താക്കള്‍ 5ജി ഉപയോഗത്തില്‍ തല്‍പരരാണോ എന്ന് അറിയുന്നതിനുള്ള ചോദ്യാവലി വെബ്‌സൈറ്റിലൂടെ കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിച്ചു. 5ജിയില്‍ നിന്നും അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. മാത്രമല്ല ഉപഭോക്താക്കളുടെ സര്‍ക്കിള്‍ അനുസരിച്ച് എപ്പോള്‍ 5ജി സേവനം ലഭ്യമായി തുടങ്ങും എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും കമ്പനി ലഭ്യമാക്കുന്നുണ്ടെന്നാണ് സൂചന. കമ്പനി ഇപ്പോള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തെ എട്ട് നഗരങ്ങളില്‍ 5ജി സേവനം വൈകാതെ ലഭിച്ചു തുടങ്ങും. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, വാരണാസി, ഹൈദരാബാദ്, ബെംഗലൂരു, നാഥ്ദ്വാരാ തുടങ്ങിയ നഗരങ്ങളിലാകും 5ജി സേവനം വിന്യസിക്കുക.
പായും പുലിയാകുമോ ജിയോ 5ജി ?
ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഇതുവരെയുള്ളതിലെ അതിവേഗ ഡൗണ്‍ലോഡ് സ്പീഡ് റിലയന്‍സ് ജിയോ കാഴ്ച്ചവെച്ചുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. പ്രമുഖ ടെലികോം ന്യൂസ് പോര്‍ട്ടലായ ടെലി ടോക്ക് പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ കമ്പനി നടത്തിയ 5ജി ബീറ്റാ ട്രയിലില്‍ 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് സ്പീഡാണ് രേഖപ്പെടുത്തിയത്. നിലവിലെ 4ജി ഡൗണ്‍ലോഡിംഗ് സ്പീഡിലും ജിയോ തന്നെയാണ് മുന്നില്‍. ഇത് ശരാശരി 21-22 എംബിപിഎസ് സ്പീഡ് വരെയാണ് വരിക. 4ജിയുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ 25 ഇരട്ടിയിലേറെ വേഗതയാണ് 5ജി കാഴ്ച്ചവെച്ചിരിക്കുന്നത്. ആഗോള നെറ്റ് വര്‍ക്ക് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ഓക്ലയാണ് 5ജി സ്പീഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്.
വളരെ കുറച്ച് യൂസേഴ്സിനെ ഉള്‍പ്പെടുത്തിയാണ് 5ജി ബീറ്റാ ട്രയല്‍ നടത്തിയതെങ്കിലും 5ജി സേവനം വ്യാപിപ്പിച്ചാലും ഡൗണ്‍ലോഡ് സ്പീഡ് 500 എംബിപിഎസില്‍ താഴേയ്ക്ക് പോകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍ഹിയ്ക്ക് പുറമേ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സ്പീഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊല്‍ക്കത്തയില്‍ 482.02 എംബിപിഎസ്, മുംബൈയില്‍ 515.38 എംബിപിഎസ്, വാരണാസിയില്‍ 485.22 എംബിപിഎസ് എന്നിങ്ങനെ 5ജി ഡൗണ്‍ലോഡ് സ്പീഡ് ജിയോ രേഖപ്പെടുത്തി. അപ് ലോഡിംഗ് സ്പീഡ് സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ജിയോ. ട്രയല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള ഡൗണ്‍ലോഡിംഗ് സ്പീഡ് ലഭിച്ചാല്‍ വെറും 5 സെക്കന്‍ഡില്‍ താഴെയുള്ള സമയം കൊണ്ട് ഒരു സിനിമ 5ജി ഫോണില്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.