മൊബൈലിനോട് നോ പറയാം, എല്ലാം ഹെഡ്സെറ്റിലാക്കി ആപ്പിള്‍ വിഷന്‍ പ്രോ വിസ്മയം, കണ്ണിറുക്കി അന്തരീക്ഷത്തിലെ സ്‌ക്രീന്‍ നിയന്ത്രിക്കാം

  • 3,499 ഡോളറാണ് ഹെഡ്സെറ്റിന്റെ വില. ഏകദേശം 2,89,012 രൂപയോളം വരും
  • ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് വിഷന്‍ പ്രോ അവതരിപ്പിച്ചത്.
  • വിഷന്‍ പ്രോ എന്നത് ഒരു വെര്‍ച്വല്‍ റിയല്‍റ്റി ഹെഡ്‌സെറ്റാണ്

Update: 2023-06-06 11:12 GMT

ഐഫോണിലൂടെ ടച്ച് സ്‌ക്രീന്‍ യുഗത്തിനു തുടക്കമിടുകയും, മാക് എന്ന കമ്പ്യൂട്ടറിലൂടെ പേഴ്‌സണല്‍ കന്വ്യൂട്ടിംഗിന് നവ്യാനുഭവം പകരുകയും ചെയ്ത ആപ്പിള്‍, വിഷന്‍ പ്രോ എന്ന പുതിയ പ്രൊഡക്ടിലൂടെ പുതിയ കമ്പ്യൂട്ടിംഗ് യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ജൂണ്‍ അഞ്ചിന് നടന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് വിഷന്‍ പ്രോ അവതരിപ്പിച്ചത്.

വെര്‍ച്വല്‍ റിയാല്‍റ്റിയുടെ (വിആര്‍) സാധ്യതകളെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണ് വിഷന്‍ പ്രോയിലൂടെ ആപ്പിള്‍ ചെയ്യുന്നത്.

വിഷന്‍ പ്രോ എന്നത് ഒരു വെര്‍ച്വല്‍ റിയല്‍റ്റി ഹെഡ്‌സെറ്റാണ്. എന്നാല്‍ ഇതിനെ ആ ഒരു നിര്‍വചനത്തിലും ഒതുക്കാന്‍ സാധിക്കില്ല.



വിഷന്‍ പ്രോ ഹെഡ്സെറ്റ് ധരിച്ചാല്‍, നമ്മള്‍ ഏത് പശ്ചാത്തലത്തിലാണെങ്കിലും സ്‌ക്രീന്‍ തെളിഞ്ഞുവരും. കണ്ണിറുക്കിയും ബട്ടണ്‍ ഞെക്കിയും കൈകൊണ്ട് ആംഗ്യം കാണിച്ചും അന്തരീക്ഷത്തിലുള്ള ഈ സ്‌ക്രീന്‍ നിയന്ത്രിക്കാം. കണ്ണെവിടെ ചലിക്കുന്നോ, അവിടെ സ്‌ക്രീന്‍ തെളിയും.

വെര്‍ച്വല്‍ സ്പേസിലെന്ന പോലെ റിയല്‍ സ്പേസും കാണാനാവുമെന്നതാണ് മറ്റ് വിആര്‍ ഹെഡ്സെറ്റുകളില്‍ നിന്ന് ആപ്പിളിന്റെ വിഷന്‍ പ്രോയെ വ്യത്യസ്തമാക്കുന്നത്. അതായത്, ഈ ഹെഡ്സെറ്റ് ധരിച്ച് കുക്കിംഗ് വീഡിയോ കണ്ടുകൊണ്ട് തന്നെ കുക്കിംഗ് ചെയ്യാനുമാകും. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വിഷന്‍ പ്രോ, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി അനുഭവങ്ങള്‍ പകര്‍ന്നുതരാന്‍ കഴിവുള്ള ഒരു മിക്‌സഡ് റിയാലിറ്റി ഉപകരണമാണ്.

ഈ ഉപകരണം ഇപ്പോള്‍ പൊതുജനങ്ങളെക്കാള്‍ വീഡിയോ ഗെയിമുകളുടെയും മറ്റ് ആപ്ലിക്കേഷനുകളുടെയും ഡെവലപ്പര്‍മാരെ ലക്ഷ്യം വച്ചുള്ളതാണ്. എങ്കിലും വളര്‍ന്നു വരുന്ന വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി വിപണിയിലേക്കുള്ള ആപ്പിളിന്റെ പ്രവേശനം ഈ സാങ്കേതികവിദ്യയില്‍ ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

വിഷന്‍ പ്രോ ധരിക്കുന്നവര്‍ക്ക് അവര്‍ സാധാരണയായി മൊബൈല്‍ ഉപകരണങ്ങളിലൂടെ ആക്‌സസ് ചെയ്യുന്ന ആപ്പുകളുമായി സംവദിക്കാനാകും. അതു പോലെ ടിവിയും, സിനിമകളും കാണുവാന്‍ സാധിക്കും. അതോടൊപ്പം ആപ്പിളിന്റെ ഫേസ്‌ടൈം വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍ വഴി സമ്പര്‍ക്കം പുലര്‍ത്താനും സാധിക്കും.

3,499 ഡോളറാണ് ഹെഡ്സെറ്റിന്റെ വില. ഏകദേശം 2,89,012 രൂപയോളം വരും. അടുത്തവര്‍ഷം ആദ്യം യുഎസില്‍ ഇറക്കും.

Tags:    

Similar News