ഞെട്ടറ്റ് ആപ്പിള്‍; വിപണിമൂല്യത്തില്‍ 113 ബില്യന്‍ ഡോളര്‍ ഇടിഞ്ഞു
- 2.65 ട്രില്യന്‍ യുഎസ് ഡോളറാണ് ഇപ്പോള്‍ ആപ്പിളിന്റെ വിപണി മൂല്യം
- കമ്പനിയുടെ ഓഹരികള്‍ മാര്‍ച്ച് 21 വ്യാഴാഴ്ച 4.1 ശതമാനമാണ് ഇടിഞ്ഞത്
- യൂറോപ്പിലും ആപ്പിളിനെതിരേ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്
കുത്തകാവകാശം സ്ഥാപിക്കുന്നതിനെതിരേയുള്ള നിയമം (ആന്റി ട്രസ്റ്റ് നിയമം) ലംഘിച്ചതിന് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെതിരേ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും (യുഎസ് നീതി ന്യായ വകുപ്പ്) 15 സംസ്ഥാനങ്ങളും കേസെടുത്തു.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കുത്തക സ്ഥാപിച്ചെന്നും, ചെറുകിട എതിരാളികളെ ദ്രോഹിച്ചെന്നും, ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു കേസ്.
യൂറോപ്പിലും ആപ്പിളിനെതിരേ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. യൂറോപ്പിലെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് പാലിക്കുന്നുണ്ടോ എന്നതിനെ കുറിച്ചാണ് അന്വേഷണം.
ഇതേ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ മാര്‍ച്ച് 21 വ്യാഴാഴ്ച 4.1 ശതമാനമാണ് ഇടിഞ്ഞത്. അതിലൂടെ 113 ബില്യന്‍ ഡോളറിന്റെ നഷ്ടം കമ്പനിയുടെ വിപണി മൂല്യത്തിലുമുണ്ടായി.
നാസ്ഡാക്ക് 100, എസ് & പി 500 എന്നിവയില്‍ ആപ്പിളിന്റെ ഇതുവരെയുള്ള പ്രകടനം 2024-ല്‍ മങ്ങിയതാണ്.
2.65 ട്രില്യന്‍ യുഎസ് ഡോളറാണ് ഇപ്പോള്‍ ആപ്പിളിന്റെ വിപണി മൂല്യം.
സമീപകാലത്ത് ആപ്പിളിന് 2 ബില്യന്‍ ഡോളര്‍ പിഴ യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയിരുന്നു. ആപ് സ്റ്റോറില്‍ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിലാണ് ആപ്പിളിനെതിരേ നടപടിയെടുത്തത്. അഞ്ച് വര്‍ഷം മുന്‍പ് മ്യൂസിക് സ്ട്രീമിംഗ് സേവനം നല്‍കുന്ന സ്വീഡിഷ് കമ്പനിയായ സ്‌പോട്ടിഫൈ നല്‍കിയ പരാതിയിലാണ് നടപടി.
ആപ്പിളിന്റെ ആപ് സ്റ്റോറിനു പുറത്തുള്ള ഇതര, വില കുറഞ്ഞ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളെ കുറിച്ച് ഐഒഎസ് യൂസര്‍മാരെ അറിയിക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ ആപ്പിള്‍ വിലക്കി. ഏകദേശം 10 വര്‍ഷത്തോളം ഇത്തരത്തില്‍ ആപ്പിള്‍ പ്രവര്‍ത്തിച്ചു.
യൂറോപ്യന്‍ ആന്റി ട്രസ്റ്റ് നിയമപ്രകാരം, ഇത് നിയമവിരുദ്ധമാണ്. ആപ്പിള്‍ ഇങ്ങനെ ചെയ്തതിലൂടെ പല യൂസര്‍മാര്‍ക്കും മ്യൂസിക് സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടതായി വരികയും ചെയ്തു.