ഐഫോണ്‍ ഉല്‍പ്പാദനം:18 ശതമാനം ഇന്ത്യയിലാക്കാന്‍ ആപ്പിള്‍

  • കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയാണ് ആപ്പിളിന്റെ ഈ സുപ്രധാന തീരുമാനത്തിന് പിന്നില്‍
  • ആപ്പിളിന്റെ ആദ്യത്തെ രണ്ട് എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ഏപ്രിലില്‍ മുംബൈയിലും ഡല്‍ഹിയിലും തുറന്നിരുന്നു
  • ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം 2021-ലെ 1 ശതമാനത്തില്‍ നിന്ന് 2023-ല്‍ 7 ശതമാനമായി ഉയര്‍ത്തി

Update: 2023-06-14 07:12 GMT

2024-25 സാമ്പത്തികവര്‍ഷത്തില്‍ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 18 ശതമാനത്തിലധികം ഇന്ത്യയിലാക്കാന്‍ ആപ്പിള്‍ തയാറെടുക്കുന്നു.

2023-സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തിലുള്ള ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഏഴ് ശതമാനമായിരുന്നു. ഇതാണ് 2025-ഓടെ 18 ശതമാനമായി ഉയര്‍ത്താന്‍ പോകുന്നത്.

ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (production-linked incentive- PLI ) പദ്ധതിയാണ് ആപ്പിളിന്റെ ഈ സുപ്രധാന തീരുമാനത്തിന് പിന്നില്‍.

PLI സ്‌കീം 2021-ലായിരുന്നു ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.

ആപ്പിള്‍ പോലുള്ള കമ്പനികളെയും ആപ്പിളിന്റെ ഉല്‍പ്പന്നം വില്‍ക്കുന്നവരെയും (vendor) ഇന്ത്യയ്ക്കകത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് PLI സ്‌കീം ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉല്‍പ്പാദനം 126 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുക, കയറ്റുമതിയില്‍ അഞ്ചിരട്ടി വളര്‍ച്ച കൈവരിക്കുക, 2026 സാമ്പത്തിക വര്‍ഷത്തോടെ 55 ബില്യണ്‍ ഡോളറിലെത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ഈ പദ്ധതി.

ആപ്പിള്‍ ഇതിനകം തന്നെ ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം 2021-ലെ 1 ശതമാനത്തില്‍ നിന്ന് 2023-ല്‍ 7 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

15 ശതമാനമെന്ന സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (compound annual growth rate-CAGR) ഗണ്യമായ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍ വിപണി.

ഇന്ത്യയില്‍ ആഭ്യന്തരതലത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഇലക്ട്രോണിക്സ് ഉപകരണവും മൊബൈല്‍ ഫോണാണ്. ആഭ്യന്തര ഡിമാന്‍ഡിന്റെ 21.5 ശതമാനം വരുമിത്. 2023 സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഇന്ത്യ 158 ബില്യന്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും, കാര്യമായ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും വലിയൊരു ഭാഗം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സാമ്പത്തികവര്‍ഷം 2023-ല്‍ 77 ബില്യന്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിലൂടെ രാജ്യത്തിന്റെ വ്യാപാര കമ്മിയുടെ 20 ശതമാനം സംഭാവന ചെയ്യുകയും ചെയ്തു.

മൊബൈല്‍ ഫോണിന്റെ വിലയുടെ ഏകദേശം 70 ശതമാനവും ഡിസ്‌പ്ലേ, മെമ്മറി, സെമി കണ്ടക്ടേഴ്‌സ് എന്നിവയ്ക്കാണ്. ഇവ പ്രാദേശികതലത്തില്‍ ഉല്‍പ്പാദിപ്പിച്ചാല്‍ ഐഫോണ്‍ പോലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ സാധാരണക്കാര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും. പക്ഷേ, ഇവ പ്രാദേശികതലത്തില്‍ ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ ഹൈ-എന്‍ഡ് ടെക്‌നോളജിയും ഉയര്‍ന്ന മൂലധനവും ആവശ്യമാണ്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് PLI സ്‌കീം നടപ്പാക്കിയത്.

ഈ സ്‌കീം നടപ്പാക്കിയതോടെ വലിയ തോതില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്ന് വന്‍കിട മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളുടെ വിശ്വസനീയമായ വിതരണ ശൃംഖലയാക്കി(global supply chain) ഇന്ത്യയെ പൊസിഷന്‍ ചെയ്‌തെടുത്തു ഈ സ്‌കീം.

ആപ്പിളിന്റെ ആദ്യത്തെ രണ്ട് എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ഏപ്രിലില്‍ മുംബൈയിലും ഡല്‍ഹിയിലും തുറന്നിരുന്നു.

സിഇഒ ടിം കുക്ക് ആണ് ഈ ഔട്ട്ലെറ്റുകള്‍ ഉദ്ഘാടനം ചെയ്തത്. വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി, 2027 ഓടെ ഇന്ത്യയില്‍ മൂന്ന് അധിക സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പിള്‍ കമ്പനി പദ്ധതിയിട്ടിരിക്കുകയാണ്.

Tags:    

Similar News