കഴിഞ്ഞ ആറ് മാസത്തിനിടെ എഐ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്ന് പഠനത്തില്‍ കണ്ടെത്തി.
മൈക്രോസോഫ്റ്റ് ലിങ്ക്ഡിന്റെ ' 2024 വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്‌സ് വാര്‍ഷിക റിപ്പോര്‍ട്ട് ' ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
75 ശതമാനം വരുന്ന ഗ്ലോബല്‍ നോളജ് വര്‍ക്കേഴ്‌സ് ജോലി സ്ഥലത്ത് എഐ ഉപയോഗിക്കുന്നവരാണെന്നു പഠനം പറയുന്നു.
വ്യക്തിഗത കഴിവുകളും, വൈദഗ്ധ്യവും ഉപയോഗിച്ചു സ്ഥാപനത്തിന് മൂല്യം സൃഷ്ടിക്കുന്ന ഒരു പ്രഫഷണലിനെയാണ് നോളജ് വര്‍ക്കര്‍ എന്നു വിളിക്കുന്നത്.
ഇന്ന് തൊഴിലിടങ്ങളില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യമുണ്ട്. ജോലിയുടെ അമിത വേഗവും തൊഴിലിന്റെ വ്യാപ്തിയും കൈകാര്യം ചെയ്യുന്നതിനായി വ്യക്തിഗത എഐ ടൂളുകളെ പലരും ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എഐ ഉപയോഗിച്ച 90 ശതമാനം പേരും സര്‍വേയില്‍ പറഞ്ഞത് ഈ പുതിയ ടെക്‌നോളജി സമയം ലാഭിക്കാന്‍ സഹായിച്ചെന്നാണ്.
ഏറ്റവും നിര്‍ണായകമായ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു.
കൂടുതല്‍ സര്‍ഗാത്മകമായി അനുഭവപ്പെട്ടെന്നു 84 ശതമാനം പേരും ജോലി കൂടുതല്‍ ആസ്വദിച്ചതായി 83 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മത്സരക്ഷമതയ്ക്ക് എഐ ആവശ്യമാണെന്ന് 79 ശതമാനം കമ്പനി മേധാവികളും സമ്മതിക്കുന്നു.
എഐ എല്ലാ പ്രായത്തിലുള്ളവരും ഉപയോഗിക്കുന്നുണ്ട്. ജനറേഷന്‍ ഇസഡിലെ (1997-2012 നുമിടയില്‍ ജനിച്ചവര്‍) 85 ശതമാനം പേരും, മില്ലേനിയല്‍സിലെ (1980-2000 നുമിടയില്‍ ജനിച്ചവര്‍) 78 ശതമാനം പേരും ജനറേഷന്‍ എക്‌സിലെ (1965-1980 നുമിടയില്‍ ജനിച്ചവര്‍) 76 ശതമാനം പേരും എഐ ഉപയോഗിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി.