നിഫ്റ്റിയിൽ 12 ശതമാനം ഉയർച്ചയ്ക്ക് സാധ്യത
നിഫ്റ്റിയിലെ പ്രധാന കമ്പനികളുടെ ജൂൺ പാദ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, വരും മാസങ്ങളിൽ നിഫ്റ്റി 10 മുതൽ 12 ശതമാനം വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം വിദഗ്ധരും കണക്കാക്കുന്നത്. സമവായ കണക്കുകൾ പ്രകാരം ഇന്ന് 17,659 ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇതിൽ നിന്നും 2,058 പോയിന്റ്, അഥവാ 11.65 ശതമാനം, വരെ ഉയർന്ന് 19,717 വരെ എത്തിയേക്കാം. സ്വകാര്യ ബാങ്കുകൾ, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നീ ഓഹരികളാകും നിഫ്റ്റിയുടെ നേട്ടത്തിൽ പ്രധാന പങ്കു […]
നിഫ്റ്റിയിലെ പ്രധാന കമ്പനികളുടെ ജൂൺ പാദ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, വരും മാസങ്ങളിൽ നിഫ്റ്റി 10 മുതൽ 12 ശതമാനം വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം വിദഗ്ധരും കണക്കാക്കുന്നത്. സമവായ കണക്കുകൾ പ്രകാരം ഇന്ന് 17,659 ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇതിൽ നിന്നും 2,058 പോയിന്റ്, അഥവാ 11.65 ശതമാനം, വരെ ഉയർന്ന് 19,717 വരെ എത്തിയേക്കാം.
സ്വകാര്യ ബാങ്കുകൾ, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നീ ഓഹരികളാകും നിഫ്റ്റിയുടെ നേട്ടത്തിൽ പ്രധാന പങ്കു വഹിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര ബ്രോക്കറേജുകൾ നടത്തിയ പഠനങ്ങൾ വിലയിരുത്തിയ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നത് നിഫ്റ്റിയുടെ വളർച്ചയ്ക്ക് സ്വകാര്യ ബാങ്കുകൾ 35.31 ശതമാനവും, ഓയിൽ ആൻഡ് ഗ്യാസ് 13.27 ശതമാനവും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 11.08 ശതമാനവും സംഭാവന നൽകുമെന്നാണ്.
ടെക്നോളജി മേഖലയിൽ നിന്ന് 6.88 ശതമാനം സംഭാവനയും, പബ്ളിക് സെക്ടർ ബാങ്കുകളിൽ നിന്ന് 4.7 ശതമാനം സംഭാവനയും, ടെലികോം മേഖലയിൽ നിന്ന് 4.69 ശതമാനം സംഭാവനയും, കൺസ്യൂമർ മേഖലകളിൽ നിന്ന് 4.42 ശതമാനം സംഭാവനയും ഉണ്ടാകുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, കൺസ്യൂമർ, പബ്ളിക് സെക്ടർ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയ്ക്ക് വിപണിയിൽ ഇതുവരെ യഥാക്രമം 18 ശതമാനം, 18 ശതമാനം, 14 ശതമാനം, 11 ശതമാനം, 8 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഇവയിൽ യുപിഎൽ 36 ശതമാനവും, ഒഎൻജിസി 32 ശതമാനവും, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് 28 ശതമാനവും, ആക്സിസ് ബാങ്ക് 25 ശതമാനവും, ഭാരതി എയർടെൽ 25 ശതമാനവും വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ജെഎസ്ഡബ്ള്യു സ്റ്റീൽ 18 ശതമാനവും, ഏഷ്യൻ പെയിന്റ്സ് 4 ശതമാനവും, ഐയ്‌ഷർ മോട്ടോർസ് 3 ശതമാനവും, കോൾ ഇന്ത്യ 2 ശതമാനവും, വിപ്രോ ഒരു ശതമാനവും കുറയാനും ഇടയുണ്ട്.
അനലിസ്റ്റുകളുടെ വാങ്ങൽ/വിൽക്കൽ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, അവരുടെ പ്രതീക്ഷകൾ മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരികൾ വാങ്ങാനുള്ള ശുപാർശയുടെ അനുപാതം കഴിഞ്ഞ വർഷത്തെ 74 ശതമാനത്തിൽ നിന്നും ഇപ്പോൾ 75 ശതമാനമായി ഉയർന്നു. ഓഹരികൾ നിലനിർത്തുന്നതിനുള്ള ശുപാർശ മാറ്റമില്ലാതെ തുടരുന്നു. വിൽക്കുന്നതിനുള്ള ശുപാർശ കഴിഞ്ഞ വർഷത്തെ 10 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞു.
ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ വിലയിരുത്തിയ 51 അനലിസ്റ്റുകളിൽ 98 ശതമാനവും അത് വാങ്ങാനുള്ള ശുപാർശ നൽകുമ്പോൾ, എൽ ആൻഡ് ടി അനലിസ്റ്റുകളിൽ 98 ശതമാനവും, ഐടിസി അനലിസ്റ്റുകളിൽ 97 ശതമാനവും, എസ്ബിഐ അനലിസ്റ്റുകളിൽ 96 ശതമാനവും, എച്ച്ഡിഎഫ്സി അനലിസ്റ്റുകളിൽ 96 ശതമാനവും അവ വാങ്ങുന്നതിന് ശുപാർശ ചെയുന്നു.