ബാങ്കിംഗ്, ഐടി, എഫ്എംസിജി ഓഹരികളുടെ മുന്നേറ്റം വിപണിയെ തുണച്ചു
ഓഹരി വിപണി ഇന്ന് ഒരു ശതമാനത്തിലേറെ ഉയർന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും, യുഎസ്, യൂറോസോൺ ഓഹരികളിലുണ്ടായ മികച്ച നേട്ടവും, ആഭ്യന്തര വിപണിയിലും മുന്നേറ്റമുണ്ടാക്കി. ഒപ്പം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 1,296 കോടി രൂപയുടെ അറ്റ നിക്ഷേപകരായി മാറിയെന്ന വിവരം പുറത്തു വന്നതും ഓഹരികളിൽ പുതിയ വാങ്ങലുകൾക്കു കാരണമായി. ബാങ്കിംഗ്, എഫ്എംസിജി, ഐടി ഓഹരികളുടെ മികച്ച മുന്നേറ്റത്തിൽ സെൻസെക്സ് 616.62 പോയിന്റ് (1.16 ശതമാനം) ഉയർന്ന് 53,750.97 ൽ […]
ഓഹരി വിപണി ഇന്ന് ഒരു ശതമാനത്തിലേറെ ഉയർന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും, യുഎസ്, യൂറോസോൺ ഓഹരികളിലുണ്ടായ മികച്ച നേട്ടവും, ആഭ്യന്തര വിപണിയിലും മുന്നേറ്റമുണ്ടാക്കി. ഒപ്പം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 1,296 കോടി രൂപയുടെ അറ്റ നിക്ഷേപകരായി മാറിയെന്ന വിവരം പുറത്തു വന്നതും ഓഹരികളിൽ പുതിയ വാങ്ങലുകൾക്കു കാരണമായി.
ബാങ്കിംഗ്, എഫ്എംസിജി, ഐടി ഓഹരികളുടെ മികച്ച മുന്നേറ്റത്തിൽ സെൻസെക്സ് 616.62 പോയിന്റ് (1.16 ശതമാനം) ഉയർന്ന് 53,750.97 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ നിർണ്ണായക നിലയായ 16,000 മറികടക്കുകയും പിന്നീട് 178.95 പോയിന്റ് (1.13 ശതമാനം) നേട്ടത്തിൽ 15,989.80 ൽ ക്ളോസ് ചെയ്യുകയും ചെയ്തു.
ബിഎസ്ഇയിൽ, പ്രധാന മേഖലാ സൂചികകളായ കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ഓട്ടോമൊബൈൽ, റിയൽറ്റി എന്നിവ 2 ശതമാനത്തോളം നേട്ടമുണ്ടാക്കി. സെൻസെക്സ് ഘടക ഓഹരികളിൽ ബജാജ് ഫിൻസേർവ് 4.54 ശതമാനവും, ബജാജ് ഫിനാൻസ് 4.51 ശതമാനവും ഉയർന്നു. എച്ച് യു എൽ, മാരുതി, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റാൻ എന്നിവ 3 ശതമാനത്തോളം നേട്ടമുണ്ടാക്കി.
വിപണിയിലെ ഇടപാടുകാരുടെ അഭിപ്രായത്തിൽ, ക്രൂഡ് ഓയിൽ വില അതിന്റെ നിർണായക നിലയായ 100 ഡോളറിനു താഴെയായതും, വിദേശ നിക്ഷേപ ഫണ്ടുകളുടെ ഒഴുക്ക് വർധിച്ചതും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗത്തിൽ 'ഷോർട്ട് കവറിങ്' വർധിക്കുന്നതിന് കാരണമായി.
"ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസമുണ്ടായ നഷ്ടം മുഴുവൻ നികത്തുകയും, ഉയർന്ന നിലയിൽ അവസാനിച്ചതും വ്യാപാരത്തിലുടനീളം ശക്തമായ ഷോർട്ട് കവറിങ് നടന്നതിനാലാണ്. നിഫ്റ്റിയേക്കാളും ശക്തമായ നിലയിൽ ബാങ്ക് നിഫ്റ്റി നിലനില്ക്കും. ഒപ്പം 33,800 ൽ ശക്തമായ പിന്തുണ നിലനിർത്തി 'വാങ്ങൽ രീതി'യിൽ തന്നെ തുടരും. ബാങ്ക് നിഫ്റ്റി 35,000-35,500 നിലയിലേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു.
വിപണിയിൽ ഇന്ന് വ്യപാരത്തിനെത്തിയ ഓഹരികളിൽ 1,827 എണ്ണം ലാഭത്തിലായപ്പോൾ 1,472 എണ്ണം നഷ്ടത്തിലായി. ബിഎസ്ഇയുടെ സ്മാൾ ക്യാപ് സൂചിക 0.94 ശതമാനവും, മിഡ് ക്യാപ് സൂചിക 1.76 ശതമാനവും ഉയർന്നു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് 2.50 ശതമാനം താഴ്ന്ന് 20.27 ലെത്തി. ഇത് ആഭ്യന്തര വിപണിയിൽ ശുഭ സൂചനയാണ്.