ക്രൂഡ് വിലയിടിവും, ആ​ഗോള മുന്നേറ്റങ്ങളും തുണച്ചു; വിപണി മികച്ച നേട്ടത്തിൽ

ഓഹരി വിപണിയിൽ ഈയാഴ്ചത്തെ തുടക്കം വളരെ മികച്ചതായി. തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച യുഎസ് വിപണിയിൽ ഉണ്ടായ തിരിച്ചുവരവ് ആഗോള വിപണികളിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൂഡ് ഓയിൽ വിലയിലുണ്ടാവുന്ന ഇടിവ് വിപണികൾക്കു വളരെ വലിയ ആശ്വാസമാണ് നൽകിയത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു കാരണമായേക്കാവുന്ന ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചും, കർശന പണനയത്തെക്കുറിച്ചുമുള്ള ആശങ്കകളെയാണ് ലഘൂകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയിൽ യുഎസ് വിപണിയിലുണ്ടായ 3 ശതമാനത്തോളം നേട്ടത്തെ പിന്തുടർന്നു ഇന്ത്യൻ […]

Update: 2022-06-27 08:33 GMT

ഓഹരി വിപണിയിൽ ഈയാഴ്ചത്തെ തുടക്കം വളരെ മികച്ചതായി. തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച യുഎസ് വിപണിയിൽ ഉണ്ടായ തിരിച്ചുവരവ് ആഗോള വിപണികളിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൂഡ് ഓയിൽ വിലയിലുണ്ടാവുന്ന ഇടിവ് വിപണികൾക്കു വളരെ വലിയ ആശ്വാസമാണ് നൽകിയത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു കാരണമായേക്കാവുന്ന ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചും, കർശന പണനയത്തെക്കുറിച്ചുമുള്ള ആശങ്കകളെയാണ് ലഘൂകരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയിൽ യുഎസ് വിപണിയിലുണ്ടായ 3 ശതമാനത്തോളം നേട്ടത്തെ പിന്തുടർന്നു ഇന്ത്യൻ വിപണിയും മികച്ച 'ഗാപ് അപ്പി'ലാണ്‌ വ്യാപാരം ആരംഭിച്ചത്. എങ്കിലും ഉയർന്ന തലത്തിലുള്ള ലാഭമെടുപ്പ് സെൻസെക്‌സും, നിഫ്റ്റിയും രാവിലെ ഉണ്ടാക്കിയ നേട്ടങ്ങൾ കുറയുന്നതിനു കാരണമായി.

സെൻസെക്സ് 433.30 പോയിന്റ് ഉയർന്ന് 53,161.28 ൽ (0.82 ശതമാനം) വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 136.30 (0.87 ശതമാനം) പോയിന്റ് ഉയർന്ന് 15,835.55 ലും ക്ലോസ് ചെയ്തു. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ക്യാപിറ്റൽ ​ഗുഡ്സ് ഇൻഡക്സ് 2.26 ശതമാനവും, ബിഎസ്ഇ ഐടി ഇൻഡക്സ് 2.02 ശതമാനവും ഉയർന്നു.

മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് റീട്ടെയിൽ റിസർച്ച് ഹെഡ്
സിദ്ധാർഥ് ഖേംക പറയുന്നു: "ആഗോള വിപണികളിലെല്ലാം ശുഭ സൂചനയാണുള്ളത്. ട്രഷറി ആദായം കുറഞ്ഞതും, ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇതിനു സഹായിച്ചു. ഒപ്പം, നിക്ഷേപകർ യുഎസ് നിരക്കു വർദ്ധനവിനെ കുറിച്ചും, ആഗോള മാന്ദ്യ സാധ്യതകളെ കുറിച്ചും നടത്തിയ നിരന്തരമായ വിലയിരുത്തലും, ഒരു പരിധി വരെ അപകട സാധ്യതകളുണ്ടായിരുന്നിട്ടും, വിപണികൾ മുന്നേറുന്നതിനു കാരണമായിട്ടുണ്ട്. ബുധനാഴ്ച നടക്കാനിരിക്കുന്ന, കേന്ദ്ര ബാങ്കുകൾ പങ്കെടുക്കുന്ന, പാനൽ ചർച്ചയും നിക്ഷേപകർ ഉറ്റു നോക്കുന്നുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ പണപ്പെരുപ്പം തടയുന്നതിനുള്ള നടപടികൾ എങ്ങനെ സ്വീകരിക്കും എന്നറിയുന്നതിനും നിക്ഷേപകർക്ക് താല്പര്യമുണ്ട്. ഈ ആഴ്ചയിൽ പുറത്തു വരാനിരിക്കുന്ന യുഎസ്, യുകെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വിവരങ്ങളാണ് നിക്ഷേപകർ ഉറ്റു നോക്കുന്ന മറ്റൊരു ഘടകം. ഈ ആഴ്ചയിലും വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിഫ്റ്റി അതിന്റെ പ്രധാന പ്രതിരോധ നിലയായ 16,000 ത്തിന്റെ അടുത്താണ് ഇപ്പോൾ."

ഏഷ്യൻ വിപണിയിൽ, ഹോങ്കോങ്ങിലെ ഹാങ്സെങ് 2.35 ശതമാനവും, സൗത്ത് കൊറിയയുടെ കോസ്‌പി സൂചിക 1.49 ശതമാനവും, ജപ്പാന്റെ നിക്കി 1.43 ശതമാനവും, തായ്‌വാൻ വെയ്റ്റഡ് 1.60 ശതമാനവും ഉയർന്നു. യൂറോപ്യൻ വിപണികളും മികച്ച നേട്ടമുണ്ടാക്കി.

"തകർന്നു കൊണ്ടിരുന്ന ഓഹരി വിപണിയെ ഉയർത്തുന്നതിൽ ചരക്കു വിലയിലുണ്ടാകുന്ന ഇടിവ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും, പണപ്പെരുപ്പവും, പണനയത്തിലുണ്ടായേക്കാവുന്ന കർശന നടപടികളും വിപണിയെ വലിയ ചാഞ്ചാട്ടത്തിലേക്ക് നയിച്ചേക്കാം. ഈ അനിശ്ചിതത്വങ്ങളിൽ നിന്ന് അകന്ന് സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിക്കുകയും, വിദേശ നിക്ഷേപകർ വാങ്ങുന്നവരായി മാറുകയും ചെയ്യുമ്പോൾ മാത്രമേ വിപണിയിൽ ശക്തമായ ഉണർവ് പ്രതീക്ഷിക്കാനാകൂ," ജിയോജിത് ഫിനാൻഷ്യൽ സർവീസ്സിന്റെ റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,386 എണ്ണം നേട്ടത്തിലായപ്പോൾ, 1,038 എണ്ണം നഷ്ടത്തിലും അവസാനിച്ചു.

Tags:    

Similar News