നേട്ടം രേഖപ്പെടുത്തിയെങ്കിലും സൂചികകൾ സമ്മർദത്തിൽ തുടർന്നു
വിപണിയിൽ ‘ബുള്ളുകൾ’ സ്ഥാനമുറപ്പിച്ച ഒരാഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ ദിവസങ്ങളിലായി ആഗോള ആഭ്യന്തര വിപണികളിൽ നിന്നും പുറത്തു വന്ന സാമ്പത്തിക കണക്കുകൾ നിക്ഷേപകരെ താഴ്ന്ന നിലയിൽ കൂടുതൽ വാങ്ങുന്നതിനു പ്രേരിപ്പിച്ചു. ഇത് വിപണിയിലെ നിർണായക പ്രതിരോധം മറികടക്കുന്നതിന് കാരണമായി. സെൻസെക്‌സും നിഫ്റ്റിയും, തുടർച്ചയായ മൂന്നാം ആഴ്ചയും യഥാക്രമം 1.61 ശതമാനവും 1.41 ശതമാനവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയുടെ ജൂൺ ഫ്യുച്ചേഴ്സ് കോൺട്രാക്ട് നിഫ്റ്റിയുടെ ക്ലോസിംഗായ 16,584.30 നിന്നും 16.7 പോയിന്റ് വർധിച്ചു 16,601ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് സമീപകാലത്തേക്കുള്ള […]
വിപണിയിൽ ‘ബുള്ളുകൾ’ സ്ഥാനമുറപ്പിച്ച ഒരാഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ ദിവസങ്ങളിലായി ആഗോള ആഭ്യന്തര വിപണികളിൽ നിന്നും പുറത്തു വന്ന സാമ്പത്തിക കണക്കുകൾ നിക്ഷേപകരെ താഴ്ന്ന നിലയിൽ കൂടുതൽ വാങ്ങുന്നതിനു പ്രേരിപ്പിച്ചു. ഇത് വിപണിയിലെ നിർണായക പ്രതിരോധം മറികടക്കുന്നതിന് കാരണമായി.
സെൻസെക്‌സും നിഫ്റ്റിയും, തുടർച്ചയായ മൂന്നാം ആഴ്ചയും യഥാക്രമം 1.61 ശതമാനവും 1.41 ശതമാനവും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയുടെ ജൂൺ ഫ്യുച്ചേഴ്സ് കോൺട്രാക്ട് നിഫ്റ്റിയുടെ ക്ലോസിംഗായ 16,584.30 നിന്നും 16.7 പോയിന്റ് വർധിച്ചു 16,601ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് സമീപകാലത്തേക്കുള്ള ബുള്ളിഷ് സാധ്യതയെ സൂചിപ്പിക്കുന്നു.
ആഴ്ചയുടെ ആരംഭത്തിൽ നിഫ്റ്റി അതിന്റെ നിർണായക പ്രതിരോധ മേഖലയായ 16,400 കടന്നിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വന്നതോടെയാണ് നിഫ്റ്റിയിൽ ഇത് സാധ്യമായത്. ഉപഭോക്‌തൃ ചെലവിൽ മാർച്ച് മാസത്തേക്കാളും 0.7 ശതമാനം വർദ്ധനവ് ഏപ്രിൽ മാസത്തിൽ ഉണ്ടായി. കുതിച്ചുയരുന്ന വിലയും പലിശനിരക്കും യുഎസ് ഉപഭോഗത്തിൽ യാതൊരു കോട്ടവും വരുത്തിയിട്ടില്ലെന്നും, അതിനാൽ വിപണി ആശങ്കപ്പെട്ട പോലെ ഈ പ്രതിസന്ധികൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ഷാങ്ങ്ഹായ് ഏഴാഴ്ചയിലെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജൂൺ ഒന്ന് മുതൽ അതിന്റെ പ്രവർത്തനങ്ങൾ വീണ്ടു പുനരാരംഭിച്ചതും ആഗോള വിപണികളിൽ മികച്ച മുന്നേറ്റത്തിലേക്കു നയിച്ചു. തുറമുഖം, സാധാരണ നിലയിലാകുന്നത് ആഗോള വ്യാപാരത്തിനുള്ള കണ്ടെയ്‌നറുകളുടെ ലഭ്യതയെ ഗണ്യമായി സഹായിക്കും, അതുവഴി ആഗോള വിതരണ ശൃംഖലയിലെ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കും.
മികച്ച കാലവർഷം രാജ്യത്തിലുടനീളം ലഭിക്കുമെന്ന ഇന്ത്യൻ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റ്സ് (IMD) ന്റെ പ്രവചനവും ആഭ്യന്തരവിപണി ശക്തമായി നിലനിൽക്കുന്നതിൽ പങ്കുവഹിച്ചു. മൺസൂൺ ആരംഭം, കാർഷിക മേഖലയിലെ പുരോഗതിക്കും അതുവഴി ഗ്രാമീണ മേഖലയിലെ വികസനത്തിനും വളർച്ചക്കും കാരണമാകും.
എങ്കിലും, അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേടിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടായ ചാഞ്ചാട്ടവും, യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കുണ്ടായ മൂല്യ തകർച്ചയും ആഭ്യന്തര വിപണയിൽ തടസ്സമുണ്ടാക്കി. എന്നാൽ എണ്ണ ഉത്പാദനം ഉയർത്താനുള്ള ഒപെക്കിന്റെ തീരുമാനം വിപണികളിൽ വലിയ ആശ്വാസമേകി. റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലമുണ്ടായേക്കാവുന്ന കുറവ് നികത്താൻ എണ്ണ ഉത്പാദക രാജ്യങ്ങൾ പ്രഖ്യാപിച്ച വർദ്ധനവ് പര്യാപ്തമാകില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നതിനാൽ എണ്ണ വില ഉറച്ചുനിന്നു.
വെള്ളിയാഴ്ച പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന ധനകാര്യ സ്ഥാപങ്ങൾ, ഓട്ടോ, റിയാലിറ്റി എന്നീ മേഖലകളിലെ ഓഹരികൾ വൻതോതിലുള്ള വില്പന നേരിട്ടു. അടുത്താഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര ബാങ്കിന്റെ പണ നയ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുപ്പ് നടത്താൻ ശ്രമിച്ചതാണ് കാരണം.
സിമന്റ് മേഖലയിലെ പ്രമുഖ കമ്പനിയായ അൾട്രാ ടെക് സിമന്റ് മൊത്തം ഉത്പാദനം 22.6 എംടിപിഎ (mtpa) വർധിപ്പിക്കാൻ 12,8886 കോടി രൂപ നിക്ഷേപിക്കുന്നു എന്ന വാർത്തയെ പിന്തുടർന്ന് എല്ലാ സിമന്റ് ഓഹരികളിലും വിറ്റൊഴിക്കൽ നടന്നു. കുറഞ്ഞ ഡിമാൻഡും ഉയർന്ന ഇൻപുട്ട് വിലയും ഈ കമ്പനികളുടെ മുന്നോട്ടുള്ള മാർജിനുകളെ ബാധിക്കും എന്ന ഭയമാണ് നിക്ഷേപകരെ വിറ്റൊഴിക്കലിലേക്ക് നയിച്ചത്.