'സ്വിച്ച് മൊബിലിറ്റി' ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ എസി ബസ് പുറത്തിറക്കി
മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ എയര്‍ കണ്ടീഷന്‍ഡ് ബസ് പുറത്തിറക്കി.
മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി, രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ എയര്‍ കണ്ടീഷന്‍ഡ് ബസ് പുറത്തിറക്കി. ബ്രിഹന്‍ മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിന്റെ (ബെസ്റ്റ്) നിലവിലുള്ള ഡബിള്‍ ഡെക്കര്‍ ഫ്ളീറ്റിനു പകരമാണ് ഈ ബസുകള്‍. നിലവില്‍ സ്വിച്ചിന് യുകെയില്‍ ഇരട്ട നിലകളുള്ള ഇലക്ട്രിക് എസി ബസുകള്‍ ഉണ്ട്.
മുംബൈയില്‍ 200 ഡബിള്‍ ഡെക്കര്‍ ബസുകളുടെ ഓര്‍ഡര്‍ സ്വിച്ച് ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യയിലും യുകെയിലും ഇലക്ട്രിക് ബസുകള്‍ക്കും മറ്റ് വാണിജ്യ വാഹനങ്ങള്‍ക്കുമായി 300 ദശലക്ഷം പൗണ്ടിന്റെ മുതല്‍ മുടക്കും കമ്പനി പ്രഖ്യാപിച്ചു. മുംബൈയില്‍ ആദ്യമായി ഡബിള്‍ ഡെക്കര്‍ ബസുകള്‍ പുറത്തിറക്കിയത് 1967 ല്‍ അശോക് ലെയ്ലന്‍ഡായിരുന്നു.
ഡ്യുവല്‍ ഗണ്‍ ചാര്‍ജിംഗ് സാങ്കേതിക വിദ്യയിലൂന്നിയ 231 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ് ഡബിള്‍ ഡെക്കര്‍ എസി ബസായ ഇഐവി22 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.