എഫ്ഡിയുണ്ടോ? ഒരു കോടി വരെ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കാം
- കാലാവധി പൂര്‍ത്തിയാകുന്നതുവരെ പിന്‍വലിക്കലുകള്‍ അനുവദിക്കാത്ത ടേം ഡെപ്പോസിറ്റുകളാണ് നോണ്‍-കോളാബിള്‍ എഫ്ഡികള്‍.
നിക്ഷേപ ഓപ്ഷനുകളില്‍ എന്നും പ്രിയപ്പെട്ടതാണ് സ്ഥിര നിക്ഷേപങ്ങള്‍. പേരുപോലെ തന്നെ ഒരു നിശ്ചിത കാലത്തേക്ക് സ്ഥിരമായി സൂക്ഷിക്കുന്നവയാണ് ഇത്തരം നിക്ഷേപങ്ങള്‍. പക്ഷേ, ചില അടിയന്തര ഘട്ടങ്ങളില്‍ ഈ നിക്ഷേപവും പിന്‍വലിക്കേണ്ടി വന്നേക്കാം.
സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നതാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഒരു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാമെന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. നിലവില്‍ 15 ലക്ഷം രൂപവരെയായിരുന്നു പരിധി.
കാലാവധി പൂര്‍ത്തിയാകുന്നതുവരെ പിന്‍വലിക്കലുകള്‍ അനുവദിക്കാത്ത ടേം ഡെപ്പോസിറ്റുകളാണ് നോണ്‍-കോളാബിള്‍ എഫ്ഡികള്‍. ഈ എഫ്ഡികളില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍, എഫ്ഡി കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഫണ്ടുകള്‍ ലോക്ക് ചെയ്യപ്പെടും. ഒക്ടോബര്‍ 26 ന് പുറത്തിറക്കിയ ആര്‍ബിഐയുടെ വിജ്ഞാപനം അനുസരിച്ച് 'ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, അകാല പിന്‍വലിക്കല്‍ ഓപ്ഷനില്ലാതെ ആഭ്യന്തര ടേം ഡെപ്പോസിറ്റ് ഡിഫറന്‍ഷ്യല്‍ നിരക്ക് വാഗ്ദാനം ചെയ്യാനും ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം, ഈ നിര്‍ദ്ദേശങ്ങള്‍ എന്‍ആര്‍ഇ നിക്ഷേപം, ഓര്‍ഡിനറി നോണ്‍-റസിഡന്റ് (എന്‍ആര്‍ഒ) നിക്ഷേപം എന്നിവയ്ക്കും ബാധകമാണെന്നതാണ്.
സാധാരണ സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കുകള്‍ പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാനാകാത്ത എഫ്ഡിക്ക് അല്‍പ്പം ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. ഉദാഹരണത്തിന്, എസ്ബിഐ ഒരു വര്‍ഷത്തെ പിന്‍വലിക്കാനാകാത്ത സര്‍വോത്തം എഫ്ഡിക്ക് 7.10 ശതമാനം പലിശനിരക്ക് നല്‍കുമ്പോള്‍, ഒരു വര്‍ഷ കാലാവധിയുള്ള സാധാരണ എഫ്ഡിക്ക് 6.8 ശതമാനം പലിശയാണ് നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡ 2 കോടി രൂപയില്‍ താഴെയുള്ള പിന്‍വലിക്കാനാകാത്ത എഫ്ഡിക്ക് 0.25 ശതമാനവും 2 കോടി രൂപയ്ക്ക് മുകളിലുള്ള പിന്‍വിലിക്കാനാകാത്ത എഫ്ഡിക്ക് 0.10 ശതമാനവും അധിക പലിശനിരക്ക് നല്‍കുന്നുണ്ട്.
ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഈ നിര്‍ദ്ദേശം ബാധകമാണ്. ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുക എന്നതാണ് ഇത്തരം നിക്ഷേപത്തിന്റെ വലുപ്പം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.