റിപ്പോ നിരക്കു വർധന: ഡെറ്റ് ഫണ്ടുകളിൽ നിന്നും പണം പുറത്തേക്കൊഴുകുന്നു
പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരക്കുയർത്തിയതിനു പിന്നാലെ സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും പുറത്തേക്കുള്ള ഒഴുക്ക് മെയ് മാസത്തിൽ 32,722 കോടി രൂപയായി. ഏപ്രിലിൽ 54,656 കോടി രൂപ പിൻവലിക്കപ്പെട്ടതിനു പിന്നാലെയാണിതെന്നു അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ടസ് ഇൻ ഇന്ത്യ (ആംഫി) പുറത്തു വിട്ട കണക്കിൽ പറയുന്നു. ഇതിനു പുറമെ, ഏപ്രിൽ മെയ് മാസങ്ങളിൽ ഫോളിയോകളുടെ എണ്ണം 73.43 ലക്ഷത്തിൽ നിന്ന് 72 .87 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഡെറ്റ് ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപമാർഗമാണ്, പ്രത്യേകിച്ച് […]
പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരക്കുയർത്തിയതിനു പിന്നാലെ സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും പുറത്തേക്കുള്ള ഒഴുക്ക് മെയ് മാസത്തിൽ 32,722 കോടി രൂപയായി.
ഏപ്രിലിൽ 54,656 കോടി രൂപ പിൻവലിക്കപ്പെട്ടതിനു പിന്നാലെയാണിതെന്നു അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ടസ് ഇൻ ഇന്ത്യ (ആംഫി) പുറത്തു വിട്ട കണക്കിൽ പറയുന്നു. ഇതിനു പുറമെ, ഏപ്രിൽ മെയ് മാസങ്ങളിൽ ഫോളിയോകളുടെ എണ്ണം 73.43 ലക്ഷത്തിൽ നിന്ന് 72 .87 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
ഡെറ്റ് ഫണ്ടുകൾ സുരക്ഷിതമായ നിക്ഷേപമാർഗമാണ്, പ്രത്യേകിച്ച് ചാഞ്ചാട്ടമുള്ള വിപണികളിൽ. എന്നാൽ സമ്പദ് ഘടനയിലെ അസ്ഥിരതയും, ഉയരുന്ന പണപ്പെരുപ്പവും, ഉയരുന്ന ബോണ്ട് യീൽഡും നിക്ഷേപകരെ ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
"യുക്രെയിൻ യുദ്ധവും, ഭക്ഷ്യ, ചരക്ക്, ഇന്ധന വിലകൾ ഉയരുന്നതും മെയ് മാസത്തിൽ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുന്നതിന് കാരണമായി. ഇതിനു പുറമെ, പണപ്പെരുപ്പം തടയുന്നതിൽ ആർബിഐ ശ്രദ്ധ കേന്ദ്രീകരിച്ചത് തുടർ നിരക്കു വർദ്ധനകൾക്ക് അനുകൂല സാഹചര്യമുണ്ടാക്കി. നിലവിലെ സാഹചര്യവും, വിപണിയുടെ പ്രതീക്ഷകളും പരിശോധിച്ചാൽ ഓവർനൈറ്റ്, ലിക്വിഡ് ഫണ്ടുകളൊഴിച്ച് മറ്റെല്ലാ ഡെറ്റ് ഫണ്ടുകളും പണം പിൻവലിക്കലിന് വിധേയമാകുന്നു. ഒറ്റയക്ക വരുമാനവും, ഇക്വിറ്റി പോലുള്ള മറ്റ് ആസ്തികളിലെ നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതുമാണ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ആഘാതമുണ്ടാക്കിയത്," മോർണിംഗ് സ്റ്റാർ ഇന്ത്യ അനലിസ്റ്റ് കവിത കൃഷ്ണൻ പറഞ്ഞു.
മേയിൽ 16 ഫിക്സ്ഡ് ഇൻകം-ഡെറ്റ് ഫണ്ടുകളിൽ 12 എണ്ണം പുറത്തേക്കുള്ള അറ്റ ഒഴുക്കിന് വിധേയമായി. ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ഗിൽറ്റ് ഫണ്ട് എന്നീ വിഭാഗങ്ങളിൽ മാത്രമേ നിക്ഷേപം ഉണ്ടായുള്ളൂ. അതും 10 വർഷത്തെ സ്ഥിര കാലാവധിയിൽ.
ഈ വിഭാഗത്തിൽ മണിമാർക്കറ്റ് ഫണ്ടുകളാണ് ഏറ്റവുമധികം വിറ്റഴിക്കൽ നേരിട്ടത്, 14,598 കോടി രൂപ. ഹ്രസ്വകാല ഫണ്ടുകൾ (8,603 കോടി രൂപ), അൾട്രാ ഹ്രസ്വകാല ഫണ്ടുകൾ (7,105 കോടി രൂപ), താഴ്ന്ന കാലാവധിയുള്ള ഫണ്ടുകൾ (6,716 കോടി രൂപ) എന്നിവയും വിറ്റഴിക്കൽ നേരിട്ടു.
"ഉയരുന്ന റിപ്പോ നിരക്കിന്റെയും, പണപ്പെരുപ്പ നിരക്കിന്റെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് നിക്ഷേപകർ തങ്ങളുടെ ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനാവാം ഇത്തരത്തിൽ പണം പിൻവലിക്കുന്നത്,"എൽഎക്സ്എംഇ സ്ഥാപക പ്രീതി രതി ഗുപ്ത പറഞ്ഞു.