ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലെന്ന് ആര്‍ബിഐ
- വായ്പകളിലും നിക്ഷേപങ്ങളിലും തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി
- ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
- മൊത്ത ബാഡ് ലോണ്‍ അനുപാതവും താഴ്ന്ന നിലയില്‍
ഇന്ത്യന്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മികച്ച രീതിയില്‍ തുടരുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. വായ്പകളുടെയും നിക്ഷേപങ്ങളുടെയും തുടര്‍ച്ചയായ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. അതേസമയം അവരുടെ മൊത്ത ബാഡ് ലോണ്‍ അനുപാതം ഒന്നിലധികം വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം (എന്‍പിഎ) മാര്‍ച്ച് അവസാനത്തെ 2.7 ശതമാനത്തില്‍ നിന്ന് 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.5 ശതമാനത്തിലേക്ക് എത്തി. ബാങ്കുകളുടെ അറ്റ കിട്ടാക്കടം സെപ്റ്റംബര്‍ കുറയുകയും ചെയ്തു.
സുസ്ഥിരമായ ഇരട്ട അക്ക ബാലന്‍സ് ഷീറ്റ് വളര്‍ച്ചയ്ക്കിടയില്‍ നോണ്‍-ബാങ്ക് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്സി) ആസ്തി നിലവാരവും 2023-24 ല്‍ കൂടുതല്‍ മെച്ചപ്പെട്ടതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി, ആര്‍ബിഐ സാമ്പത്തിക മേഖലയ്ക്ക് എല്ലാത്തരം അതിരുകടന്ന നടപടികള്‍ക്കുമെതിരെ മുന്നറിയിപ്പ് നല്‍കി. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കി. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നത് കൂടുതല്‍ ചെലവേറിയതാക്കുകയും പാലിക്കാത്തതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കിട്ടാക്കടങ്ങള്‍ വിറ്റ് അല്ലെങ്കില്‍ എഴുതിത്തള്ളിക്കൊണ്ട് ബാങ്കുകള്‍ സമീപ വര്‍ഷങ്ങളില്‍ അവരുടെ ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്തി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ലാഭക്ഷമത മെച്ചപ്പെട്ടു. മുന്നോട്ട് പോകുമ്പോള്‍, ബാങ്കുകള്‍ അവരുടെ റിസ്‌ക് മാനേജ്‌മെന്റ്, ഐടി ഗവേണന്‍സ് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തണം. സംശയാസ്പദവും അസാധാരണവുമായ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.
അതേസമയം, എന്‍ബിഎഫ്സികളെ സംബന്ധിച്ചിടത്തോളം, വിവേകശൂന്യമായ 'ഏത് രീതിയിലും വളര്‍ച്ച' സമീപനം വിപരീതഫലമുണ്ടാക്കുമെന്ന് ആര്‍ബിഐ പറഞ്ഞു.