റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

  • പലിശനിരക്കില്‍ തല്‍സ്ഥിതി തുടരുന്നത് തുടര്‍ച്ചയായ 11-ാം തവണ
  • സിആര്‍ആര്‍ നിരക്ക് വെട്ടിക്കുറച്ചു
  • ജിഡിപി നിരക്ക് പ്രതീക്ഷിച്ചതിലും താഴെയെന്നും ആര്‍ബിഐ

Update: 2024-12-06 05:59 GMT

അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് പണനയ നിര്‍ണയ സമിതി (എംപിസി) യോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായ 11-ാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ തല്‍ സ്ഥിതി തുടരാന്‍ തീരുമാനിക്കുന്നത്.

രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് പ്രതീക്ഷിച്ചതിലും താഴെയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുക, വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക എന്നിവക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യമായ നാല് ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ ഇത് 6.21 ല്‍ എത്തിയിരുന്നു. ഭക്ഷ്യ വില കുതിക്കുന്നതും ആര്‍ബിഐയെ ആശങ്കയിലാഴ്ത്തുന്നു.

അതേസമയം ബാങ്കുകളുടെ കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) എംപിസി നാല് ശതമാനമാക്കി വെട്ടിക്കുറച്ചു. സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പ വര്‍ധന, വിനിമയ നിരക്കിലെ സമ്മര്‍ദ്ദം എന്നിവയ്ക്കിടയില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിനായാണ് സിആര്‍ആര്‍ വെട്ടിക്കുറച്ചത്. നേരത്തെ കരുതല്‍ ധനാനുപാതം 4.5 ശതമാനമായിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രൊജക്ഷനും നേരത്തെയുള്ള 7.2 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറച്ചു.

അതേസമയം റിപ്പോ നിരക്ക് നില നിര്‍ത്തിയത് വിവിധ വായ്പകളുടെ പലിശനിരക്കും ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ കാരണമാകും. എന്നാല്‍ രൂപ സ്ഥിരത കൈവരിക്കുകയും പണപ്പെരുപ്പം നിയന്ത്രണം വിധേയമാകുകയും ചെയ്താല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

കാര്‍ഷിക മേഖലയിലെ ഈടില്ലാത്ത വായ്പ 2 ലക്ഷം രൂപയായി ഉയര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഈടില്ലാത്ത വായ്പ ഓരോ വായ്പക്കാരനും 1.6 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്താനും തീരുമാനമായി. 

Tags:    

Similar News