വനിതകൾക്ക് അതിവേഗ വായ്പ, എസ്.ബി.ഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍
മുത്തൂറ്റ് മൈക്രോഫിന്‍ എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തിൽ വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ മുത്തൂറ്റ് മൈക്രോഫിന്നിന് അനുവദിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേർന്ന് വായ്പ നൽകും.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. ഗ്രാമീണ സംരംഭകര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചെറിയ ബിസിനസ് നടത്തുന്ന വനിതകള്‍ക്ക്, അവരുടെ ബിസിനസ് വളര്‍ത്താനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാനാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ രാജ്യവ്യാപകമായി സേവനങ്ങള്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ സമൂഹങ്ങളിലെ മുഴുവന്‍ പേരിലേക്കും സാമ്പത്തികസേവനങ്ങള്‍ എത്തിക്കാനും സ്വയം പര്യാപ്തരാക്കാനും ഇതുവഴി സാധിക്കും.
എസ്ബിഐയുമായുള്ള സവിശേഷമായ ഈ സഹകരണം വഴി വനിതാ സംരംഭകര്‍ക്ക് താങ്ങാനാവുന്ന വിധത്തിലുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് മുത്തൂറ്റ്മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.