ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വളര്‍ച്ച കുറഞ്ഞു

  • വായ്പാ വളര്‍ച്ച 11.1% ആയാണ് കുറഞ്ഞത്
  • നിക്ഷേപ വളര്‍ച്ച 11.2 ശതമാനത്തിലെത്തി

Update: 2024-12-04 10:01 GMT

രാജ്യത്ത് ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വളര്‍ച്ച കുറഞ്ഞു; മന്ദഗതിയിലുള്ള വായ്പാ വളര്‍ച്ച ജിഡിപിയെ ബാധിച്ചേക്കാമെന്നും വിലയിരുത്തല്‍. വായ്പാ വളര്‍ച്ച 11.1% ആയാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 20.6% ആയിരുന്നു. എച്ച്ഡിഎഫ്‌സി ലിമിറ്റഡ്-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം കണക്കിലെടുക്കുമ്പോള്‍ പോലും, വായ്പാ വളര്‍ച്ച 2023ലെ 16.2 ശതമാനത്തില്‍ കുറഞ്ഞു.

അതേസമയം, നിക്ഷേപ വളര്‍ച്ചയും കുറഞ്ഞു, ഈ വര്‍ഷം നിക്ഷേപ വളര്‍ച്ച 11.2 ശതമാനത്തിലെത്തി. മുന്‍വര്‍ഷം 13.6 ശതമാനമായിരുന്നു നിക്ഷേപ വളര്‍ച്ച.

മൊത്തം ബാങ്ക് നിക്ഷേപം 218.5 ലക്ഷം കോടി രൂപയിലെത്തി. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 6.7% വര്‍ധനയാണുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ 13.8 ലക്ഷം കോടി രൂപയുടെ നിക്ഷേപം അധികമായി ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ചേര്‍ത്ത 16.1 ലക്ഷം കോടി രൂപയേക്കാള്‍ കുറവാണ് ഇത്. നവംബര്‍ 15 വരെ മൊത്തം ബാങ്ക് വായ്പകള്‍ 173.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ 9.3 ലക്ഷം കോടി രൂപ പുതിയ വായ്പയായി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19.5 ലക്ഷം കോടി രൂപയായിരുന്നു.

വായ്പാ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ദഗതിയിലുള്ള നിക്ഷേപ വളര്‍ച്ച ബാങ്കുകളെ സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കുന്നതിലേക്ക് നയിച്ചു. നവംബര്‍ 15 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ആര്‍ബിഐയുടെ കൈവശമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ 67,431 കോടി രൂപ കുറഞ്ഞ് 64.4 ലക്ഷം കോടി രൂപയായി.

നിരവധി വായ്പാ വിഭാഗങ്ങള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് നേരിടുന്നത്. മോര്‍ട്ട്ഗേജ് വളര്‍ച്ച 18% ല്‍ നിന്ന് 12% ആയി കുറഞ്ഞു. വാഹന വായ്പ 20 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറഞ്ഞു. 

Tags:    

Similar News