കയറ്റുമതി കുറഞ്ഞു, വ്യാപാരക്കമ്മി  27.72 ബില്യണ്‍ ഡോളറായി

എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, അരി എന്നിവയുടെ കയറ്റുമതിയില്‍ ഉണ്ടായ കുറവ് മൂലം രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി സെപ്റ്റംബറില്‍ 3.52 ശതമാനം ഇടിഞ്ഞു.

Update: 2022-10-04 00:50 GMT

എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, അരി എന്നിവയുടെ കയറ്റുമതിയില്‍ ഉണ്ടായ കുറവ് മൂലം രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി സെപ്റ്റംബറില്‍ 3.52 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മാസത്തെ മൊത്തം കയറ്റുമതി മൂല്യം 32.62 ബില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു. വാണിജ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളനുസരിച്ച് വ്യാപാരക്കമ്മി 26.72 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.

വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയ മറ്റ് കയറ്റുമതി മേഖലകളില്‍ രാസവസ്തുക്കള്‍, കോട്ടണ്‍ നൂല്‍ എന്നിവയും ഉള്‍പ്പെടുന്നു.എന്നാല്‍, കഴിഞ്ഞ മാസത്തെ ഇറക്കുമതി 56.29 ബില്യണ്‍ ഡോളറില്‍ നിന്ന് 5.44 ശതമാനം വര്‍ധിച്ച് 59.35 ബില്യണ്‍ ഡോളറിലെത്തി.

2022-23 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി 15.54 ശതമാനം ഉയര്‍ന്ന് 229.05 ബില്യണ്‍ ഡോളറായി. ഇറക്കുമതി ഈ കാലയളവില്‍ 37.89 ശതമാനം വര്‍ധിച്ച് 378.53 ബില്യണ്‍ ഡോളറായി. സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസത്തെ വ്യാപാര കമ്മി 149.47 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 2021-22, ഏപ്രില്‍- സെപ്റ്റംബറില്‍ ഇത് 76.25 ബില്യണ്‍ ഡോളറായിരുന്നു.

ഓഗസ്റ്റില്‍, കയറ്റുമതി 1.62 ശതമാനം ഉയര്‍ന്ന് 33.92 ബില്യണ്‍ യുഎസ് ഡോളറിലെത്തി. അതേസമയം ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതിനാല്‍ വ്യാപാര കമ്മി ഇരട്ടിയിലധികം വര്‍ധിച്ച് 27.98 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി 2021 സെപ്റ്റംബറില്‍ 22.47 ബില്യണ്‍ ഡോളറായിരുന്നു. സെപ്റ്റംബറില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 16.8 ബില്യണ്‍ ഡോളറില്‍ നിന്ന് 15.6 ബില്യണ്‍ ഡോളറായി കുറഞ്ഞു.സ്വര്‍ണ ഇറക്കുമതിയും 5.11 ബില്യണ്‍ ഡോളറില്‍ നിന്ന് 3.65 ബില്യണ്‍ ഡോളറായി കുറഞ്ഞു.

 

Tags:    

Similar News