'ഓപ്പണ്‍' യൂണികോണ്‍ ക്ലബിലെ ഇളമുറക്കാരന്‍, നിയോ ബാങ്കിംഗ് ഇതാണ്

  ആഗോളതലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ 'നൂറാമത് യൂണികോണ്‍' എന്ന നേട്ടം ഓപ്പണ്‍ എന്ന നിയോ ബാങ്കിംഗ് ആപ്പിലൂടെയായിരുന്നു. ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് ഈ നേട്ടം കൊയ്തു എന്നത് നേട്ടത്തിന് ഇരട്ടി തിളക്കം നല്‍കുന്നു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആകെ മൂല്യം ഒരു ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ എത്തുമ്പോഴാണ് യൂണികോണ്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഫിന്‍ടെക്ക് മേഖലയില്‍ നാഴികക്കല്ല് സൃഷ്ടിച്ച നിയോ ബാങ്കിംഗ് തന്നെ ഈ നേട്ടത്തിലേക്കുള്ള ചവിട്ടുപടിയാകുമ്പോള്‍ ഈ പുത്തന്‍ ടെക്നോളജിയെ നാം അടുത്തറിയേണ്ടതുണ്ട്. എന്താണ് നിയോ […]

Update: 2022-05-06 05:30 GMT

 

ആഗോളതലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ 'നൂറാമത് യൂണികോണ്‍' എന്ന നേട്ടം ഓപ്പണ്‍ എന്ന നിയോ ബാങ്കിംഗ് ആപ്പിലൂടെയായിരുന്നു. ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് ഈ നേട്ടം കൊയ്തു എന്നത് നേട്ടത്തിന് ഇരട്ടി തിളക്കം നല്‍കുന്നു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആകെ മൂല്യം ഒരു ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ എത്തുമ്പോഴാണ് യൂണികോണ്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഫിന്‍ടെക്ക് മേഖലയില്‍ നാഴികക്കല്ല് സൃഷ്ടിച്ച നിയോ ബാങ്കിംഗ് തന്നെ ഈ നേട്ടത്തിലേക്കുള്ള ചവിട്ടുപടിയാകുമ്പോള്‍ ഈ പുത്തന്‍ ടെക്നോളജിയെ നാം അടുത്തറിയേണ്ടതുണ്ട്. എന്താണ് നിയോ ബാങ്കിംഗ് എന്നും ഇവ സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രയോജനം ചെയ്യുമെന്നും മനസിലാക്കാം.

എന്താണ് നിയോ ബാങ്കിംഗ്?

ബാങ്കുകളുമായി സഹകരിച്ച് ബാങ്കിംഗ് സേവനങ്ങള്‍ തരുന്ന പ്ലാറ്റ്ഫോമിനെയാണ് നിയോ ബാങ്കിംഗ് എന്ന് വിളിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ബാങ്കിംഗ് ലൈസന്‍സ് നിലവില്‍ ആവശ്യമില്ല. ഓട്ടേമേറ്റഡ് അക്കൗണ്ടിംഗ്, ബള്‍ക്ക് പേ ഔട്ട് തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് നിയോ ബാങ്കിംഗ് എന്ന ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ചെറു സംരംഭകര്‍ക്കടക്കം ഇത് ഏറെ പ്രയോജനകരമാണ്. സംരംഭം എത്ര ചെറുതാണെങ്കിലും അതിന് അനുയോജ്യമായ തരത്തിലുള്ള നിയോ ബാങ്കിംഗ് ആപ്പുകള്‍ ഇന്ത്യയിലുണ്ട്. പൂര്‍ണമായും ഡിജിറ്റലായിട്ടാണ് ഇവയുടെ പ്രവര്‍ത്തനം. പരമ്പരാഗത ബാങ്കിംഗ് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ഗുണങ്ങളും ദോഷങ്ങളും നിയോ ബാങ്കിംഗ് സേവനത്തിനുണ്ട്.

വിശ്വാസ്യതയുടെ കാര്യത്തില്‍ പരമ്പരാഗത ബാങ്കിംഗ് സേവനമാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നിരുന്നാലും ഇപ്പോഴുള്ള മിക്ക നിയോ ബാങ്കിംഗ് ആപ്പുകളും ഉപഭോക്താക്കളുടെ വിശ്വാസ്യത ഒരുവിധം നേടിക്കഴിഞ്ഞു. റീട്ടെയില്‍ ഉപഭോക്താക്കള്‍, ചെറുകിട-ഇടത്തരം ബിസിനസുകള്‍ എന്നിവയ്ക്കാണ് നിയോ ബാങ്കിംഗ് കൂടുതല്‍ അനുയോജ്യമാകുക. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2020ല്‍ ഏകദേശം 230 മില്യണ്‍ യുഎസ് ഡോളര്‍ രാജ്യത്തെ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗുണ,ദോഷങ്ങള്‍ അറിയാം

സാധാരണ ബാങ്കിംഗ് സേവനങ്ങളുടെ ഭൂരിഭാഗവും നിയോ ബാങ്കിംഗിലും ലഭ്യമാകും എന്നതാണ് ഇവയുടെ പ്രധാന ഗുണം. മാത്രമല്ല നിയോ ബാങ്കിംഗ് സേവനങ്ങള്‍ താരതമ്യേന കുറഞ്ഞ ചെലവിലുള്ളതാണ്. പ്രതിമാസ മെയിന്റനന്‍സ് ചെലവും കുറവാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ട് തുടങ്ങാനും ബാങ്കിംഗ് ഇടപാടുകള്‍ അതിവേഗം പൂര്‍ത്തിയാക്കാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. നിമിഷ നേരം കൊണ്ട് ഓണ്‍ലൈന്‍ വായ്പ വരെ തരപ്പെടുത്തുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയിലുണ്ട്.

കാലത്തിനൊത്ത് കൃത്യമായ മാറ്റങ്ങള്‍ വരുത്തിയാലെ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കൂ. മാത്രമല്ല നിലവില്‍ നിയോ ബാങ്കിംഗിന് മേല്‍ അധികം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ല. ആര്‍ബിഐ ഇവയെ റെഗുലേറ്റ് ചെയ്തിട്ടില്ല എന്നതും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഭാവി സുരക്ഷിതമായിരിക്കും എന്ന്് പ്രവചിക്കാന്‍ സാധിക്കില്ല. സാധാരണ ബാങ്കുകളെ പോലെ ഇവയ്ക്ക് ബ്രാഞ്ചുകളില്ല എന്നത് മറ്റൊരു ന്യൂനതയാണ്. പരമ്പരാഗത ബാങ്കിംഗ് സേവനത്തില്‍ ബ്രാഞ്ചുകളുള്ളത് വിശ്വാസ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. മാത്രമല്ല പരമ്പരാഗത ബാങ്കുകള്‍ നല്‍കുന്ന ചില സുപ്രധാന സേവനങ്ങള്‍ നിയോ ബാങ്കിംഗില്‍ ലഭ്യമല്ല. എടിഎം, വലിയ തുകയുടെ വായ്പകള്‍, വിദേശത്തേക്ക് പണമയയ്ക്കല്‍ എന്നിവ ഉദാഹരണം.

പ്രധാന ഇന്ത്യന്‍ കമ്പനികള്‍

നിയോ: 2015ലാണ് നിയോ ആരംഭിക്കുന്നത്. സീറോ ബാലന്‍സോടെ ഇതില്‍ അക്കൗണ്ട് സൃഷ്ടിക്കാം. അഡ്വാന്‍സ് ശമ്പള വിതരണം, സൗജന്യ അപകട മരണ ഇന്‍ഷുറന്‍സ് എന്നിവ നിയോയുടെ പ്രത്യേകതയാണ്. ഫോറെക്സ് കാര്‍ഡുകളും, ടാക്സ് സേവര്‍ കാര്‍ഡുകളും നിയോ നല്‍കുന്നുണ്ട്.

റേസര്‍പേ എക്സ്: 2018 നവംബറിലാണ് റേസര്‍പേ എക്സ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് അനുയോജ്യമാകും വിധമാണ് ഇതിന്റെ രൂപകല്‍പന. പണത്തിന്റെ ഒഴുക്ക് എങ്ങനെയെന്ന് കൃത്യമായി കാണിക്കുന്ന ഫീച്ചര്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ലഡ്ജര്‍ സപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങളും ലഭ്യം.

ഓപ്പണ്‍: മലയാളികള്‍ ആരംഭിച്ച നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം. 2017ലാണ് ഇത് ലോഞ്ച് ചെയ്തത്. ഡെപ്പോസിറ്റ് അക്കൗണ്ട്, മണി ട്രാന്‍സ്ഫര്‍, ഓണ്‍ലൈന്‍ ഓഫ്ലൈന്‍ പര്‍ച്ചേസ് എന്നിവയുള്‍പ്പടെയുള്ള സേവനം ഓപ്പണിലൂടെ ലഭിക്കും. ഓപ്പണ്‍ അടുത്തിടെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായിരുന്നു.

ജൂപ്പിറ്റര്‍: 2019ലാണ് ജൂപ്പിറ്റര്‍ എന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. എന്‍എഫ്സി (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സാങ്കേതികവിദ്യയുള്ള പ്രീപ്പെയ്ഡ് കാര്‍ഡുകളാണ് ജൂപ്പിറ്ററിന്റെ പ്രത്യേകതകളിലൊന്ന്. ട്രാന്‍സാക്ഷനുകള്‍ കൃത്യമായി നിരീക്ഷിക്കുവാന്‍ മികച്ച ഡാഷ്ബോര്‍ഡും ജൂപ്പിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

എപ്പിഫൈ: 2019ലാണ് എപ്പിഫൈ എന്ന നിയോ ബാങ്കിംഗ് പ്ലാറ്റഫോമിന്റെ ആരംഭം. സേവിംഗ്സ് അക്കൗണ്ട് വളരെ ലളിതമായി ആരംഭിക്കാം എന്നതും ബില്‍ പേയ്മെന്റുകളടക്കം കൃത്യമായി പൂര്‍ത്തിയാക്കാനും സാധിക്കുന്ന വിധമാണ് പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണം.

 

Tags:    

Similar News