തിരിച്ചടയ്ക്കാനാവും പക്ഷേ, ചെയ്യില്ല: 'വില്‍ഫുള്‍ ഡിഫോള്‍ട്ടർമാർ' ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1 ലക്ഷം കോടി
വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും തിരിച്ചടവ് നടത്താത്ത ഇത്തരം ആളുകളെ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ എന്നാണ് പറയുന്നത്. ഇത്തരം ആളുകളെ ബാങ്കുകളുടെ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം സേവനങ്ങളില്‍ നിന്നും വിലക്കാറുണ്ട്.
ഡെല്‍ഹി: വായ്പയെടുത്ത് ചെറുകിട സംരംഭം തുടങ്ങുന്ന നിരവധി പേരുണ്ട്. കോവിഡ് പോലുള്ള അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് വായ്പാ തിരിച്ചടവിനായി ബുദ്ധിമുട്ടുന്ന സമയവുമാണിത്. എന്നാല്‍, വന്‍കിട സംരംഭങ്ങള്‍ക്കായി വായ്പ എടുത്ത്, കടം തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും ഇതിനു മുതിരാത്ത 50 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് പാര്‍ലമെന്റിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്. ഈ 50 പേര്‍ ചേര്‍ന്ന് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 92,570 കോടി രൂപയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്സിയാണ് പട്ടികയില്‍ മുന്നില്‍. ചോക്സി തിരിച്ചടയ്ക്കാനുള്ളത് 7,848 കോടി രൂപയാണ്. ഇറ ഇന്‍ഫ്ര 5,879 കോടി രൂപ, റെയ്ഗോ അഗ്രോ 4,803 കോടി രൂപ എന്നീ തുകകളുടെ തിരിച്ചടവ് മുടക്കി പട്ടികയില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും ആര്‍ബിഐയുടെ ഡേറ്റ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. കോണ്‍കാസ്റ്റ് സ്റ്റീല്‍ 4,596 കോടി രൂപ, എബിജി ഷിപ് യാര്‍ഡ്, 3,708 കോടി രൂപ, ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍ 3,311 കോടി രൂപ, വിന്‍സം ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലറി 2,931 കോടി രൂപ, റോട്ടോമാക് ഗ്ലോബല്‍ 2,893 കോടി രൂപ, കോസ്റ്റല്‍ പ്രോജക്ട്സ് 2,311 കോടി രൂപ, സൂം ഡെവലപ്പേഴ്സ് 2,147 കോടി രൂപ എന്നിവയെല്ലാം ഈ പട്ടികയിലുള്ള കടക്കാരാണ്.
വില്‍ഫുള്‍ ഡീഫോള്‍ട്ടര്‍
വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും തിരിച്ചടവ് നടത്താത്ത ഇത്തരം ആളുകളെ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ എന്നാണ് പറയുന്നത്. ഇത്തരം ആളുകളെ ബാങ്കുകളുടെ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം സേവനങ്ങളില്‍ നിന്നും വിലക്കാറുണ്ട്.
കഴിഞ്ഞയാഴ്ച്ച സിബിഐ മെഹുല്‍ ചോക്സിക്കെതിരെ മൂന്ന് പുതിയ എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിഎന്‍ബിയിലെ 6,746 കോടി രൂപയുടെ വായ്പ കുടിശ്ശിക വരുത്തിയതിനെതിരെ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. വായ്പ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും. തിരിച്ചടയ്ക്കാനുള്ള തുക തിരികെ വാങ്ങാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമേഖല ബാങ്കുകളിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.9 ലക്ഷം കോടി രൂപയായിരുന്നതില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ആര്‍ബിഐയുടെ ആസ്തിയുടെ ഗുണമേന്മ വിലയിരുത്തലില്‍ (Asset Quality Review) മൊത്ത നിഷ്‌ക്രിയ ആസ്തി 5.41 ലക്ഷം കോടി രൂപയായി കുറഞ്ഞു.
കൂടാതെ, ബാങ്കുകള്‍ 10.1 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതി തള്ളി. പൊതുമേഖല ബാങ്കുകളില്‍ എസ്ബിഐയാണ് വായ്പകള്‍ എഴുതി തള്ളിയതില്‍ മുന്നില്‍. രണ്ട് ലക്ഷം കോടി രൂപയുടെ വായ്പകളാണ് എസ്ബിഐ എഴുതി തള്ളിയത്. പിഎന്‍ബി 67,214 കോടി രൂപയുടെ വായ്പകളും എഴുതി തള്ളി. സ്വകാര്യ മേഖല ബാങ്കുകളില്‍ ഐസിഐസിഐ ബാങ്കാണ് ഏറ്റവുമധികം തുകയുടെ വായ്പകള്‍ എഴുതി തള്ളിയത്. ബാങ്ക് 50,514 കോടി രൂപയുടെ വായ്പകളാണ് എഴുതി തള്ളിയപ്പോള്‍, എച്ച്ഡിഎഫ്സി ബാങ്ക് 34,782 കോടി രൂപയുടെ വായ്പകളും എഴുതി തള്ളിയതായും മന്ത്രി വ്യക്തമാക്കി.