നികുതിയിളവാണോ ലക്ഷ്യം? എങ്കില്‍ ഈ പോസ്‌റ്റോഫീസ് പദ്ധതികളില്‍ നിക്ഷേപിക്കും മുമ്പ് ഒന്നാലോചിക്കൂ

  • അഞ്ച് നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവില്ല.
  • സ്ത്രീകള്‍ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം.
  • ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലയളവുകളിലാണ് നാഷണല്‍ സേവിംഗ്‌സ ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാവുന്നത്.

Update: 2024-03-01 07:16 GMT

നികുതിയിളവിനായി നിക്ഷേപ ഉപകരണങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാകും ആദായ നികുതി നല്‍കുന്നവര്‍. നിക്ഷേപത്തിനായി പോസ്‌റ്റോഫീസ് പദ്ധതികള്‍ പരിഗണിക്കുന്നവരുമുണ്ടാകും.  എന്നാല്‍, ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കാത്ത പോസ്‌റ്റോഫീസ് നിക്ഷേപ ഓപ്ഷനുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

പോസ്‌റ്റോഫീസ് മംത്‌ലി ഇന്‍കം സ്‌കീം

പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണ് പോസ്‌റ്റോഫീസ് മംത്‌ലി ഇന്‍കം സ്‌കീം. കുറഞ്ഞ നിക്ഷേപം 1500 രൂപയാണ്. ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയാണ്. പലിശ നിരക്ക് 7.4 ശതമാനം. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടേണിന് നകുതിയുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് പലിശയായി 40,000 രൂപയോ, 50,000 രൂപയോ ലഭിച്ചാല്‍ ടിഡിഎസ് കിഴിക്കും.

കിസാന്‍ വികാസ് പത്ര

നിക്ഷേപം ഒമ്പത് വര്‍ഷവും ഏഴ് മാസവും കൊണ്ട് ഇരട്ടിയകുമെന്നതാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതിയുണ്ട്.

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം

സ്ത്രീകള്‍ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപ. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ്. പ്രതിവര്‍ഷ പലിശ 7.5 ശതമാനമാണ്. പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതിയുണ്ട്.

നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ്

റെക്കറിംഗ് നിക്ഷേപ ഓപ്ഷനാണിത്. പദ്ധതിയില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. പലിശ നിരക്ക് 6.7 ശതമാനമാണ്. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി നല്‍കണം.

നാഷണല്‍ സേവിംഗ്്‌സ് ടൈം ഡെപ്പോസിറ്റ്

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലയളവുകളിലാണ് നാഷണല്‍ സേവിംഗ്‌സ ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാവുന്നത്. ഒരു വര്‍ഷത്തേക്ക് 6.9 ശതമാനം, രണ്ട് വര്‍ഷത്തേക്ക് 7 ശതമാനം, മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം, അഞ്ച് വര്‍ഷത്തേക്ക് 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് നികുതിയിളവില്ല. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് നികുതിയിളവുണ്ട്.

Tags:    

Similar News