മാര്‍ച്ചില്‍ മുഴുവന്‍ ശമ്പളം വാങ്ങണോ? നികുതിദായകര്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- നികുതിയിളവിനുള്ള ഓപ്ഷനുകള്‍ മറക്കേണ്ട
- അവസാന നിമിഷമല്ല നികുതിയാസൂത്രണം നടത്തേണ്ടത്
- നികുതിയിളവിനായുള്ള രേഖകള്‍ തയ്യാറാക്കി വെയ്ക്കാം
മരണവും നികുതിയും ഒഴിവാക്കാനാവാത്ത രണ്ട് യാഥാര്‍ഥ്യങ്ങളാണെന്നാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ അഭിപ്രായപ്പെട്ടത്. ആദായ നികുതി വകുപ്പ് നിശ്ചയിച്ച പരിധിക്ക് മുകളിലാണെങ്കില്‍ ആദായ നികുതി നല്‍കിയേ തീരു. പക്ഷേ, ആദായ നികുതിയിളവ് നേടാന്‍ ചില ഓപ്ഷനുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
പക്ഷേ, ശരിയായി നികുതിയാസൂത്രണം നടത്താത്തവര്‍, ശരിയായ നികുതിയിളവ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാത്തവര്‍ എന്നിവരെ സംബന്ധിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ ഉറക്കമില്ലാത്തതാകും. കൂടാതെ, നികുതി കുടിശ്ശികകള്‍ തൊഴിവുടമ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതും ഈ മാസങ്ങളിലാകും. മിക്കവര്‍ക്കും ടിഡിഎസ് കിഴിച്ചു കഴിഞ്ഞ് കയ്യില്‍ കിട്ടുന്നത് ശമ്പളത്തിന്റെ 30, 40 ശതമാനം മാത്രമാകും. ഈ അവസ്ഥ ഒഴിവാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതുണ്ട്.
ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കാം
നികുതിയിളവിനായി നടത്തുന്ന നിക്ഷേപങ്ങള്‍ ആദായ നികുതി സെക്ഷന്‍ 80 സി, 80 ഡി മുതലായവയിലുള്‍പ്പെടുന്ന നിക്ഷേപങ്ങള്‍, ഹൗസ് റെന്റ് അലവന്‍സ്, ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിഎ) തുടങ്ങിയവയുടെ രേഖകള്‍ കൃത്യസമയത്ത് നല്‍കുക. ഇല്ലെങ്കില്‍ നികുതിയിളവ് ലഭിക്കില്ല.
ശമ്പളക്കാരായ നികുതിദായകര്‍ ചെയ്യുന്ന മറ്റൊരു തെറ്റ് അതേ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ജോലി മാറുമ്പോഴാണ്. അവര്‍ അവരുടെ മുന്‍പത്തെ ശമ്പളം വെളുപ്പെടുത്തും, പക്ഷേ മുന്‍ തൊഴിലുടമ ചുമത്തിയ ടിഡിഎസ് വ്യക്തമാക്കില്ല. നിലവിലെ തൊഴിലുടമ മുമ്പത്തെ വരുമാനം ഉള്‍പ്പെടുത്തുകയും അത്തരം വരുമാനത്തിന് വീണ്ടും ടിഡിഎസ് ഈടാക്കുകയും ചെയ്യും. നിലവിലെ തൊഴിലുടമയ്ക്ക് സമര്‍പ്പിച്ച ഡിക്ലറേഷന്‍ സൂക്ഷമമായി പരിശോധിച്ചാല്‍ ഈ തെറ്റ് ഒഴിവാക്കാം.
പലിശ വരുമാനം, വാടക, ഓഹരി വില്‍പ്പനയില്‍ നിന്നുള്ള മൂലധന നേട്ടം, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനമുള്ള ശമ്പളക്കാരായ നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയം വരെ കാത്തിരിക്കുന്നതിനുപകരം ടിഡിഎസ് തൊഴിലുടമ കിഴിക്കാനും അടയ്ക്കാനും അവസരം തൊഴിലുടമയ്ക്ക് തന്നെ നല്‍കുന്നതാണ് നല്ലത്.