ആദായ നികുതി: പഴയ സ്‌കീമിന്റെ വിശദാംശങ്ങള്‍ എന്ത്?

  • പഴയ ആദായ നികുതി വ്യവസ്ഥയുടെ പ്രധാന സവിശേഷതകള്‍
  • പഴയ നികുതി വ്യവസ്ഥയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത്

Update: 2024-09-14 10:39 GMT

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ 72 ശതമാനവും പുതിയ നികുതി സ്‌കീം ആണ് സ്വീകരിച്ചത്. ലളിതമായ നികുതിഘടനയും കൂടുതല്‍ പണം നികുതിദായകന്റെ കൈവശമെത്തുന്നതുമാണ് കാരണം.

നികുതിയളവുകളും ആനുകൂല്യങ്ങളുമാണ് പുതിയ സ്‌കീമിനേയും പഴയ സ്‌കീമിനേയും വ്യത്യസ്തമാക്കുന്നത്. പതിയ സ്‌കീമില്‍ നികുതിയിളവുകള്‍ തീരെയില്ലങ്കില്‍ പഴയ സ്‌കീമില്‍ നിരവധി നികുതിയാനുകൂല്യങ്ങളും ഇളവുകളും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ ഏതു സ്വീകരിക്കണമെന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

ഇവിടെ പഴയ നികുതി സ്‌കീമിനെ പരിശോധിക്കാം. പ്രായത്തെ അടിസ്ഥാനമാക്കിയാണ് നികുതി സ്ലാബുകള്‍ ബാധകമാകുക. സാധാരണ നികുതിദായകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 80 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം പ്രത്യേകം നികുതി സ്ലാബുകള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.

പഴയ സ്‌കീം നികുതി സ്ലാബുകള്‍ ( 2024-25)

സാധാരണ നികുതിദായകര്‍

നികുതി സ്ലാബ് നിരക്ക് (%)

2.5 ലക്ഷം രൂപവരെ 0

2.5-5 ലക്ഷം രൂപ 5

5-10 ലക്ഷം രൂപ 20

10 ലക്ഷത്തിനു മേല്‍ 30

മുതിര്‍ന്ന പൗരന്മാര്‍ (80 വയസ് താഴെ)

നികുതി സ്ലാബ് നിരക്ക് (%)

3 ലക്ഷം രൂപവരെ 0

3-5 ലക്ഷം രൂപ 5

5-10 ലക്ഷം രൂപ 20

10 ലക്ഷത്തിനു മേല്‍ 30

സൂപ്പര്‍ മുതിര്‍ന്ന പൗരന്മാര്‍ (80 വയസിനു മേല്‍)

നികുതി സ്ലാബ് നിരക്ക് (%)

5 ലക്ഷം രൂപവരെ 0

5-10 ലക്ഷം രൂപ 20

10 ലക്ഷത്തിനു മേല്‍ 30

പഴയ സ്‌കീമില്‍ നികുതി കണക്കാക്കുമ്പോള്‍

പഴയ നികുതി സ്‌കീം സ്വീകരിക്കുന്ന ശമ്പളക്കാര്‍ക്ക് പുതിയ സ്‌കീമില്‍ ലഭ്യമല്ലാത്ത ഏഴുപതോളം നികുതി ഇളവുകളും നികുതിയാനുകൂല്യങ്ങളും ( 80 സി , 80 ഡി, എച്ച്ആര്‍എ ഒഴിവ്, എന്‍പിഎസ് നിക്ഷേപം തുടങ്ങിയവ) ലഭ്യമാണ്.

മൊത്തം വരുമാനത്തില്‍നിന്ന് നികുതിയിളവുകളും ഒഴിവുകളും കുറച്ചശേഷമുളള വരുമാനത്തിന് നികുതി നല്‍കിയാല്‍ മതി. ഈ വരുമാനം ഏതു സ്ലാബിലാണോ വരുന്നത് അതിലെ നിരക്കാണ് ബാധകം. ഇതോടൊപ്പം, നല്‍കുന്ന നികുതിയില്‍ നാലു ശതമാനം സെസും നല്‍കണം.

നികുതി കണക്കാക്കുന്നത് എങ്ങനെ

ശമ്പള വരുമാനത്തില്‍ നികുതി നല്‍കേണ്ട വരുമാനം എങ്ങനെ കണ്ടെത്താം എന്നു നോക്കാം.

1. മൊത്തം വരുമാനം: മൊത്തം വരുമാനം കണ്ടെത്തുകയെന്നതാണ് ആദ്യത്തെ നടപടി. ശമ്പളം, അലവന്‍സ് , ബോണസ് , പലിശ പോലുള്ള മറ്റു വരുമാനം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുത്തി മൊത്തം വരുമാനം കണക്കാക്കുക.

2. നികുതിയൊഴിവ് വരുമാനം: ശമ്പളവരുമാനത്തിലെ ചിലയിനങ്ങള്‍ക്ക് നികുതി ഒഴിവ് അനുവദിച്ചിട്ടുണ്ട്. എച്ച് ആര്‍എ ( ഹൗസ് റെന്റ് അലവന്‍സ്), എല്‍ടിഎ ( ലീവ് ട്രാവല്‍ അലവന്‍സ്), സ്്റ്റാന്‍ഡാര്‍ഡ് ഡിഡക്്ഷന്‍ ( പഴയ നികുതി സ്‌കീമില്‍ 50000 രൂപ) തുടങ്ങിയവ. ഇത്തരം നികുതി ഒഴിവുള്ള വരുമാനം മൊത്തം വരുമാനത്തില്‍നിന്നു കുറയ്ക്കുക. ഇതായിരിക്കും നികുതിബാധ്യതയുള്ള വരുമാനം.

3. നികുതിയിളവുകള്‍ കണക്കാക്കുക: ചിലതരം നിക്ഷേപങ്ങള്‍ക്കും ചെലവാക്കലുകള്‍ക്കുംനികുതിയിളവുകള്‍ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ട്, പിപിഎഫ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ബാങ്ക് ഡിപ്പോസിറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിന്റെ 80സിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ( 80 ഡി), ഭവന വായ്പ പലിശ( ആദായനികുതി വകുപ്പ് 24 ബി), സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പലിശ 10000 രൂപ വരെ ( 80ടിടിഎ), എന്‍പിഎസ് തുടങ്ങിയവയ്ക്കും കിഴിവുകളുണ്ട്.

4. അറ്റ നികുതി ബാധ്യത വരുമാനം: നേരത്തെ കണ്ടെത്തിയ നികുതി ബാധ്യത വരുമാനത്തില്‍നിന്ന് നികുതിയാനുകൂല്യങ്ങള്‍ കുറച്ചു കിട്ടുന്ന തുകയായിരിക്കും അറ്റ നികുതിബാധ്യത വരുമാനം.

5. നികുതി ബാധ്യത കണക്കാക്കുക: നികുതി ബാധ്യത കണക്കാക്കുവാനായി സ്ലാബുകളും നിരക്കുകളും ഉപയോഗിക്കുക. ഓരോ സ്ലാബിലും വരുന്ന തുകയ്ക്ക് ആ സ്ലാബിലെ നികുതി നിരക്ക് ഉപയോഗിച്ച് നികുതി കണ്ടെത്തുക. അവയെല്ലാം കൂടി കൂട്ടുമ്പോള്‍ ലഭിക്കുന്ന തുകയാണ് നികുതി ബാധ്യത.

6. റിബേറ്റും സര്‍ച്ചാര്‍ജും: നികുതി ബാധ്യത കണക്കാക്കിക്കഴിഞ്ഞാല്‍ റിബേറ്റും സര്‍ച്ചാര്‍ജും ഉണ്ടോയെന്നു പരിശോധിക്കുക. അഞ്ചു ലക്ഷം രൂപ വരെ നികുതിബാധ്യത വരുമാനമുള്ളവര്‍ക്ക് 12500 രൂപയുടെ റിബേറ്റ് ഉണ്ട്. നികുതി ബാധ്യതയ്ക്ക് നാലു ശതമാനം ആരോഗ്യ, എഡ്യൂക്കേഷന്‍ സര്‍ച്ചാര്‍ജ് നല്‍കണം. ഇതുംകൂടി ചേര്‍ക്കുമ്പോള്‍ മൊത്തം നികുതി ബാധ്യത എത്രയാണെന്നു ലഭിക്കും.

15 ലക്ഷം രൂപ വരുമാനമുള്ളയാള്‍ നല്‍കേണ്ട നികുതി

ഒരു വര്‍ഷം 15 ലക്ഷം രൂപ വരുമാനമുള്ള ഒരാളുടെ ഉദാഹരണം കൂടി പരിശോധിക്കാം. ആദായനികുതി വകുപ്പ് 80 സി യില്‍ 1.5 ലക്ഷം രൂപ ക്ലെയിം ഉണ്ട്. എന്‍പിഎസില്‍ 50000 രൂപയും മെഡിക്കല്‍ പ്രീമിയമായി 25000 രൂപയും നല്‍കിയിട്ടുണ്ട്. സേവിംഗ്സ് പലിശ വരുമാനം 10000 രൂപയുമുണ്ടെന്നു കരുതുക. അതായത് 235000 രൂപയുടെ ഇളവുകള്‍ക്ക് അര്‍ഹനാണ്.

ഈ ഇളവുകള്‍ക്കുശേഷം നികുതി ബാധ്യത വരുമാനം 1265000 രൂപയാണ്. ഇതില്‍ നികുതി കണക്കാക്കുന്നതു എങ്ങനെയാണെന്നു നോക്കാം.

നികുതി ബാധ്യത- പഴയ സ്‌കീം

അറ്റ നികുതി ബാധ്യത വരുമാനം 1265000 രൂപ

ആദ്യ രണ്ടര ലക്ഷം രൂപവരെ നികുതി 0

ശേഷിച്ച തുക (1265000-250000) 1015000 രൂപ

2.5-5 ലക്ഷം രൂപവരെ നികുതി (5%) 12500 രൂപ

ശേഷിച്ച തുക ( 1015000-250000) 765000 രൂപ

5- 10 ലക്ഷം രൂപ വരെ നികുതി (20%)100000 രൂപ

ശേഷിച്ച തുക ( 765000-500000) 265000 രൂപ

10 ലക്ഷം രൂപയ്ക്കു മുകളില്‍ (30%) 79500 രൂപ

ആകെ നികുതി : 12500 +100000+79500= 192000 രൂപ

സെസ് (4%) 7680 രൂപ

ആകെ നികുതി ബാധ്യത 199680 രൂപ

Tags:    

Similar News