ശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവിനുള്ള മികച്ച ഓപ്ഷനിതാ
- റിട്ടയര്‍മെന്റ് കാലത്ത് പെന്‍ഷനും നിക്ഷേപം വാഗ്ദാനം ചെയ്യുന്നു
- നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേണും നികുതി രഹിതമാണ്
- ഇഇഇ (എക്‌സെപ്റ്റ്-എക്‌സെപ്റ്റ്-എക്‌സെപ്റ്റ്) നികുതി ആനുകൂല്യമാണ് ഇപിഎഫിനുള്ളത്
ശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവിനുള്ള മികച്ച മാര്‍ഗമാണ് ഇപിഎഫ് (എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്). റിട്ടയര്‍മെന്റ് കാലത്തേക്ക് ഒരു സമ്പാദ്യം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്. 1952 ലെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ആക്ട് പ്രകാരമാണ് ഈ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. ഇപ്പോള്‍ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇത് നിയന്ത്രിക്കുന്നത്.
നിക്ഷേപം
ഇപിഎഫ് സ്‌കീമില്‍ തൊഴിലുടമയും ജീവനക്കാരനും നിക്ഷേപം നടത്തണം. ഇപിഎഫ് സ്‌കീമില്‍, ജീവനക്കാര്‍ ഓരോ മാസവും അവരുടെ അടിസ്ഥാന വരുമാനത്തിന്റെ 12 ശതമാനമാണ് സംഭാവന ചെയ്യേണ്ടത്. തൊഴിലുടമയും ഇതേ അളവില്‍ നിക്ഷേപം നടത്തണം. വിരമിക്കുമ്പോള്‍, പലിശയോടൊപ്പം മൊത്തം തുകയും ലഭിക്കും. ഇപിഎഫ് കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമായി കണക്കാക്കപ്പെടുന്നത്. കാരണം ഇത് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വരുന്ന പദ്ധതിയാണ്. അംഗങ്ങളാകുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് പെന്‍ഷനും നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. തൊഴിലുടമയുടെ സംഭാവനയുടെ 8.33 ശതമാനം എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിലേക്ക് (ഇപിഎസ്) നീക്കിവച്ചിരിക്കുന്നു. നിലവില്‍ 8.25 ശതമാനമാണ് ഇപിഎഫ് പലിശ നിരക്ക്.
നികുതിയിളവ്
ഇപിഎഫ് അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ഫണ്ട് നല്‍കുക മാത്രമല്ല, നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇപിഎഫിന്റെ ദീര്‍ഘകാല നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിന് കിഴിവുകള്‍ ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന റിട്ടേണും നികുതി രഹിതമാണ്. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള പിന്‍വലിക്കലുകളെ ആദായനികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍, നികുതിയിളവ് എന്നിവയ്ക്കുള്ള മികച്ച ഓപ്ഷനാണ് ഇപിഎഫ് എന്നാണ് സാമ്പത്തിക വിദഗ്ധരുടെയും ഉപദേശം.
ഇഇഇ (എക്‌സെപ്റ്റ്-എക്‌സെപ്റ്റ്-എക്‌സെപ്റ്റ്) നികുതി ആനുകൂല്യമാണ് ഇപിഎഫി നുള്ളത്. അതായത നിക്ഷേപം, റിട്ടേണ്‍, മച്യൂരിറ്റി എന്നിവയെല്ലാം നികുതിരഹിതമാണ്.ഉദാഹരണത്തിന്, പ്രതിമാസ അടിസ്ഥാന ശമ്പളം 1,00,000 രൂപയും ഇപിഎഫ് സംഭാവന 12,000 രൂപയും (നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12%) ആണെങ്കില്‍, സെക്ഷന്‍ 80 സി പ്രകാരം പ്രതിവര്‍ഷം 1,44,000 രൂപ (12 x 12,000 രൂപ) യുടെ നികുതി കിഴിവ് അവകാശപ്പെടാം. ഇത് നികുതി നല്‍കേണ്ട വരുമാനം കുറയ്ക്കുകയും നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.