ഈ സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി ഇങ്ങനെ

സ്റ്റാന്‍ഡേര്‍ഡ്ഡിഡക്ഷന്‍ 50000 രൂപയില്‍നിന്ന് 75000രൂപയായി ഉയര്‍ത്തി

Update: 2024-08-19 05:53 GMT

2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള തീയതി ജൂലൈ 31-ന് അവസാനിച്ചപ്പോള്‍ ഒരു കാര്യം പുറത്തുവന്നു. ലളിതമായ നികുതി ഘടന വ്യവസ്ഥ കൂടുതല്‍ ആളുകള്‍ സ്വീകരിച്ചിരിക്കുന്നു. അതായത് 72 ശതമാനം റിട്ടേണും പുതിയ നികുതി വ്യവസ്ഥയിലാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ഫയല്‍ ചെയ്യപ്പെട്ട 7.3 കോടി റിട്ടേണുകളില്‍ 5.3 കോടി റിട്ടേണുകളും പുതിയ നികുതിഘടന വ്യവസ്ഥയിലാണ്.

പഴയതും പുതിയതും

നിലവിലുള്ള ആദായ നികുതിഘടന വ്യവസ്ഥയെയാണ് പഴയ വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ തരം നികുതിയിളവുകളും നികുതി റിബേറ്റുകളുംകൊണ്ടു സമ്പന്നമാണ് പഴയ നികുതി വ്യവസ്ഥ. ഇതു ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2020-21-ലെ കേന്ദ്രബജറ്റിലാണ് ആദ്യമായി പുതിയ നികുതി ഘടന വ്യവസ്ഥ അവതരിപ്പിച്ചത്. നികുതിയിളവുകളും റിബേറ്റുകളും മറ്റും ഒഴിവാക്കി നികുതി നിരക്കു കുറച്ച് നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് പുതിയ നികുതി ക്രമത്തില്‍ ചെയതത്.

നികുതിദായകര്‍ക്ക് ഇതില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. ഇപ്പോഴും ഈ സ്വാതന്ത്ര്യം തുടരുന്നുണ്ടെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതു വ്യക്തമാക്കിയിട്ടില്ലെങ്കില്‍ പുതിയ നികുതി ഘടന വ്യവസ്ഥയിലായിരിക്കും ആ റിട്ടേണ്‍ പരിഗണിക്കുക.

പഴയ നികുതി വ്യവസ്ഥയ തുടരുന്നതിനൊപ്പം പുതിയ നികുതി വ്യവസ്ഥയിലേക്ക് നികുതിദായകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ വര്‍ഷവും നികുതിനിരക്കിലും മറ്റും പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് ധനമന്ത്രി. ക്രമേണ പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2024-25 വര്‍ഷത്തേക്കുള്ള ( അസെസ്മെന്റ് വര്‍ഷം 2025-26) പുതിയതും പഴയതുമായ നികുതി ഘടനാവ്യവസ്ഥകള്‍ പരിശോധിക്കാം. ഭൂരിപക്ഷം പേരും സ്വീകരിച്ചിട്ടുള്ള പുതിയ വ്യവസ്ഥ ആദ്യം പരിശോധിക്കാം.

പുതിയ നികുതി ഘടനാ വ്യവസ്ഥ ( 2024-25)

നികുതി സ്ലാബുകള്‍ ആദ്യം പരിശോധിക്കാം. നികുതി ബാധ്യത കുറയ്ക്കത്തക്കവിധത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് 2024 ജൂലൈ 23-ന് അവതരിപ്പിച്ച 2024-25 വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

എന്നാല്‍ പഴയ നികുതിഘടന വ്യവസ്ഥയില്‍ നല്‍കിയിരുന്ന നികുതി റിബേറ്റുകളും നികുതികിഴിവുകളും നികുതിഒഴിവാക്കലുകളും പുതിയ നികുതി വ്യവസ്ഥയില്‍ എടുത്തു കളഞ്ഞിട്ടുണ്ട്.

പുതിയ നികുതിഘടനാ വ്യവസ്ഥയില്‍ ആദായനികുതി സ്ലാബുകള്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും ബാധകമാണ്. അതായത് അറുപതു വയസിനു താഴെയെന്നോ മുതിര്‍ന്ന പൗരന്മാരെന്നോ 80 വയസിനു മുകളിലുള്ളവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരോ നികുതി സ്ലാബുകള്‍ ബാധകമായിരിക്കും.

പുതിയ നികുതി ഘടന വ്യവസ്ഥയുടെ സവിശേഷതകള്‍

1. കുറഞ്ഞ നികുതി നിരക്കുകള്‍.

നികുതി സ്ലാബ് ( 2024-25)

സ്ലാബ് നിരക്ക്

3 ലക്ഷം രൂപ വരെ ഇല്ല

3-7 ലക്ഷം രൂപ 5 %

7-10 ലക്ഷം രൂപ 10 %

10-12 ലക്ഷം രൂപ 15 %

12-15 ലക്ഷം രൂപ 20 %

15 ലക്ഷം രൂപയ്ക്കു മേല്‍ 30 %

2. പഴയതോ പുതിയതോ ആയ നികുതി ഘടന വ്യവസ്ഥ തെരഞ്ഞെടുക്കാം

റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഏതു നികുതി ഘടന തെരഞ്ഞെടുക്കുന്നുവെന്നു വ്യക്തമാക്കുന്നില്ലെങ്കില്‍ റിട്ടേണ്‍ പുതിയ നികുതി ഘടന വ്യവസ്ഥയില്‍ സമര്‍പ്പിച്ചതായി കണക്കാക്കും. പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവര്‍ അതു വ്യക്തമായി രേഖപ്പെടുത്തണമെന്നു സാരം.

3. ഉയര്‍ന്ന നികുതിയൊഴിവു പരിധി

പഴയ നികുതി വ്യവസ്ഥയിലെ നികുതിയൊഴിവു പരിധിയേക്കള്‍ ഉയര്‍ന്നതാണ് പുതിയ നികുതി വ്യവസ്ഥയില്‍. മൂന്നു ലക്ഷം രൂപയാണ് നികുതിയൊഴിവു പരിധി. പഴയ നികുതി വ്യവസ്ഥയിലിത് 2.5 ലക്ഷം രൂപയാണ്.

4. ടാക്സ് റിബേറ്റ്

ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തില്‍ നികുതി റിബേറ്റ് ഏര്‍പ്പെടുത്തി. പഴയ നികുതി വ്യവസ്ഥയിലിത് അഞ്ചു ലക്ഷം രൂപയായിരുന്നു.

5. സ്റ്റാന്‍ഡേര്‍ഡ്  ഡിഡക്ഷന്‍

ശമ്പള വരുമാനം: നികുതി ബാധ്യത കണക്കാക്കുന്നതിനുള്ള വരുമാനം കണക്കാക്കാന്‍ മൊത്തവരുമാനത്തില്‍നിന്ന് 75000 രൂപ സ്റ്റാന്‍ഡേര്‍ഡ്   ഡിഡക്ഷനായി കുറയ്ക്കാം. ( കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലിത് 50000 രൂപയായിരുന്നു).

കുടംബ പെന്‍ഷന്‍: ഗവണ്‍മെന്റില്‍നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നോ കുടുംബപെന്‍ഷന്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ നികുതി കണക്കാക്കുന്നതിനായി മൊത്തം വരുമാനത്തില്‍നിന്ന് 25000 രൂപ വരെ ( അല്ലെങ്കില്‍ പെന്‍ഷന്റെ മൂന്നിലൊന്ന് ഏതാണോ കുറവ്) കുറയ്ക്കാം.

6. സര്‍ച്ചാര്‍ജ് റിഡക്ഷന്‍: ഉയര്‍ന്ന നെറ്റ് വര്‍ത്തുള്ള വ്യക്തികളുടെ അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വരുമാനത്തിനു നല്‍കേണ്ട സര്‍ച്ചാര്‍ജ് 25 ശതമാനമാക്കി കുറച്ചു. ( പഴയ നികുതി വ്യവസ്ഥയില്‍ 37 ശതമാനം). ഇത് എച്ച്എന്‍ഐകളുടെ നികുതി ബാധ്യത 42.74 ശതമാനത്തില്‍നിന്ന് 39 ശതമാനമായി കുറച്ചു.

7. ലീവ് എന്‍കാഷ്മെന്റ് ഇളവ്

ഗവണ്‍മെന്റേതര ജോലിക്കാര്‍ക്ക് ഉയര്‍ന്ന ലീവ് എന്‍കാഷ്മെന്റ് പരിധി മൂന്നു ലക്ഷം രൂപയില്‍നിന്ന് 25 ലക്ഷം രൂപയായി ഉയര്‍ത്തി.

8. ദീര്‍ഘകാലമൂലധന വളര്‍ച്ചാ നികുതിഇളവ് : 2023 മാര്‍ച്ച് 31-ന് ശേഷം ഡെറ്റ് ഫണ്ടില്‍ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ ദീര്‍ഘകാലമൂലധന വളര്‍ച്ചയ്ക്ക് നികുതിയിളവില്ല.

9. അടിസ്ഥാന നികുതിയിളവു പരിധി: പ്രായഭേദമന്യേ എല്ലാ നികുതിദായകര്‍ക്കും മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയിളവ്.

ടാക്സ് റിബേറ്റ്: ഏഴു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ട. നികുതി ബാധ്യതയ്ക്ക് ആദായനികുതി 87 എ വകുപ്പ് അനുസരിച്ച് 25000 രൂപ വരെ റിബേറ്റ് അനുവദിച്ചിട്ടുണ്ട്.

പുതിയ നികുതി സ്‌കീമില്‍ റിട്ടേണ്‍ സമര്‍പ്പിക്കുക എളുപ്പമാണ്. കാരണം നികുതിയിളവുകളും റിബേറ്റുകളും നികുതി ഒഴിവുകളും പരമാവധി ഇല്ലാതാക്കിയിരിക്കുന്നു. പകരം നികുതി നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. അല്ലെങ്കില്‍ നികുതി ബാധ്യത വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയിരിക്കുന്നു. സമ്പാദ്യവും നിക്ഷേപവും പുതിയ സ്‌കീമില്‍ പ്രശ്നമല്ല. ഓരോരുത്തര്‍ക്കും അവരവര്‍ക്കിഷ്ടമുള്ളതുപോലെ അതു നടത്താം. അല്ലെങ്കില്‍ പണം ചെലവഴിക്കാം.

പഴയ സ്‌കീമില്‍ നികുതി ലാഭിക്കണമെങ്കില്‍ നിക്ഷേപം നടത്തണം; അല്ലെങ്കില്‍ സമ്പാദ്യം നടത്തണം; അതുമല്ലെങ്കില്‍ നിര്‍ദ്ദിഷ്ടരീതിയില്‍ ചെലവഴിക്കല്‍ നടത്തണം. നികുതി കുറയ്ക്കുവാന്‍ ഇവയൊക്കെ നര്‍ബന്ധമായിരുന്നു. സമ്പാദ്യ, നിക്ഷേപശീലത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പഴയ സ്‌കീം.

Tags:    

Similar News