ആദായ നികുതി ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഫയല്‍ ചെയ്യുന്നതെങ്ങനെ

  • നികുതി റിട്ടേണ്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ ചെയ്യാം
  • ഇ-ഫയലിംഗ് വെബ്‌സൈറ്റ് ഉപയോഗിച്ചാണ് നികുതി റിട്ടേണ്‍ ചെയ്യേണ്ടത്
  • വിവിധ വരുമാന വിഭാഗത്തിലുള്ളവര്‍ക്ക് ഫോമുകള്‍ വേറെയാണ്‌

Update: 2024-03-20 12:32 GMT

2023-24 സാമ്പത്തിക വര്‍ഷത്തില്‍ (അസെസ്‌മെന്റ് ഇയര്‍ 2024-25) ബാധകമായ ഐടിആര്‍-1, ഐടിആര്‍-4 എന്നിവയ്ക്കുള്ള ഓഫ്‌ലൈന്‍ ഫോമുകള്‍ (ജെഎസ്എന്‍ യൂട്ടിലിറ്റി) ആദായനികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. 2024 ഏപ്രില്‍ 1 മുതലാണ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്. ആദായ നികുതി വകുപ്പ് നികുതിദായകര്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ രണ്ട് ഓപ്ഷനുകളാണ് നല്‍കുന്നത്. ഒന്ന് പൂര്‍ണമായും ഓണ്‍ലൈനായി റിട്ടേണ്‍ ഫയല്‍ ചെയ്യാം. അല്ലെങ്കില്‍ പകുതി ഓണ്‍ലൈനായും പകുതി ഓഫ്‌ലൈനായും ചെയ്യാം.

ഓഫ്‌ലൈന്‍ ഫയലിംഗ് ആണെങ്കില്‍

നികുതിദായകര്‍ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ നിന്ന് (നികുതി വകുപ്പ് പുറത്തിറക്കിയ ജെഎസ്എന്‍ യൂട്ടിലിറ്റി) യൂട്ടിലിറ്റി ഫോം ഡൗണ്‍ലോഡ് ചെയ്യണം. യൂട്ടിലിറ്റി ഫോം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, നികുതിദായകന്‍ അതത് സാമ്പത്തിക വര്‍ഷത്തിന് ബാധകമായ വരുമാനവും മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്യാം.

ഓണ്‍ലൈന്‍ ആണെങ്കില്‍

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് ചെയ്യുന്നതെങ്കില്‍ നികുതിദായകന്‍് ഇ-ഫയലിംഗ് വെബ്‌സൈറ്റിലെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് ഐടിആര്‍ ഫയല്‍ ചെയ്യാം.

ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്നുള്ള വരുമാനം, വീട് ആസ്തിയായി പരിഗണിച്ചുള്ള വരുമാനം ഉള്‍പ്പെടെയുള്ള ഒരു വ്യക്തിക്ക് ഐടിആര്‍-1 (സഹജ്) ഫോം ഉപയോഗിക്കാം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം (പലിശ മുതലായവ), കാര്‍ഷിക വരുമാനം 5,000 രൂപ വരെയുള്ളവര്‍ക്കും ഈ ഫോം ഉപയോഗിക്കാം.

ആദായനികുതി നിയമത്തിലെ 44 എഡി, 44 എഡിഎ അല്ലെങ്കില്‍ 44 എഇ വകുപ്പുകള്‍ പ്രകാരം കണക്കാക്കിയിട്ടുള്ള മൊത്തം വരുമാനം 50 ലക്ഷം രൂപ വരെയുള്ളവര്‍ക്കും. എച്ചയുഎഫുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും (എല്‍എല്‍പി ഒഴികെ) ഐടിആര്‍ -4 ഫോം (സുഗം) ഉപയോഗിക്കാം.

ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഡാറ്റ ഓഫ് ലൈന്‍ യൂട്ടിലിറ്റിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ഫയല്‍ ഫോര്‍മാറ്റാണ് ജെഎസ്എന്‍ യൂട്ടിലിറ്റി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത നികുതിദായകര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്.

Tags:    

Similar News