ഇന്‍ഷുറന്‍സ് നികുതി ലാഭിക്കാന്‍ മാത്രമാണോ? അല്ല വേറെയുമുണ്ട് നേട്ടങ്ങള്‍

  • ഇന്‍ഷുറന്‍സിനെ നികുതിയിളവിനുള്ള ഓപ്ഷനായി മാത്രം കാണാതിരിക്കുക
  • ഇതൊരു ദീര്‍ഘകാല്യ ബാധ്യതയാണെന്ന് ഓര്‍ക്കുക
  • പോളിസിയുടെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും വായിച്ച് മനസിലാക്കേണ്ടതുണ്ട

Update: 2024-03-18 09:34 GMT

മാര്‍ച്ച് ആയല്ലോ ഇതുവരെ നികുതിയാസൂത്രണം ഒന്നും ചെയ്തില്ല എന്നു പറയുന്നവര്‍ക്കുള്ള ആദ്യത്തെ ഉപദേശം ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കൂ എന്നായിരിക്കും. ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം അടവിന് നികുതിയിളവ് ലഭിക്കും എന്നതാണ് ഈ ഉപദശത്തിനു പിന്നില്‍. ഇതു കേട്ടപാതി കേള്‍ക്കാത്ത പാതി ഓടിപ്പോയി ഒരു പോളിസി എടുക്കും. പക്ഷേ, പിന്നീട് അതൊരു ബാധ്യതയാകുമ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നും. ഇങ്ങനെയൊരു തോന്നലുണ്ടാകേണ്ടെങ്കില്‍ ഇന്‍ഷുറന്‍സിനെ നികുതിയിളവിനുള്ള ഓപ്ഷനായി മാത്രം കാണാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ഇന്‍ഷുറന്‍സ് എന്താണെന്നു മനസിലാക്കാം

ധനകാര്യ ആസൂത്രണത്തില്‍ ആദ്യം വരേണ്ട കാര്യമാണ് ഇന്‍ഷുറന്‍സ്. സാമ്പത്തിക സുരക്ഷിതത്വവും മനസമാധാനവും നല്‍കുന്നതില്‍ ഇന്‍ഷുറന്‍സിന്റെ പങ്ക് ചെറുതല്ല എന്നതാണ് ഇതിനു കാരണം. അസുഖങ്ങള്‍, അപകടങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിങ്ങനെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സുരക്ഷയൊരുക്കുന്ന കവചമാണ് ഇന്‍ഷുറന്‍സ്. പോളിസി എടുത്ത് പ്രമീയം അടയ്ക്കുമ്പോള്‍ പോളിസി ഉടമ തങ്ങളുടെ റിസ്‌ക് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കുന്നതെങ്കില്‍ പോളിസി ഉടമ മരിച്ചാല്‍ അദ്ദേഹത്തെ ആശ്രയിക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ ഇതിനാകും. ഡെത്ത് ബെനഫിറ്റായി വലിയൊരു തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ഇത് ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ മുടക്കമില്ലാതെ തുടരാന്‍ സഹായിക്കും. ആരോഗ്യ ഇന്‍ഷുറന്‍സാണ് എടുക്കുന്നതെങ്കില്‍ ആശുപത്രി ചെലവുകള്‍ തുടങ്ങിയവയില്‍ നിന്നും സംരക്ഷണം ലഭിക്കും.

എങ്ങനെ മികച്ച പോളിസി തെരഞ്ഞെടുക്കാം

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണെങ്കിലും മികച്ച പോളിസി തെരഞ്ഞെടുക്കണം. അതിനാദ്യം ചെയ്യേണ്ടത് ധനകാര്യ ലക്ഷ്യങ്ങള്‍, ബാധ്യതകള്‍, ആശ്രിതര്‍, ജീവിതശൈലി എന്നിവ കണ്ടെത്തുക എന്നുള്ളതാണ്. കാരണം ഇതെല്ലാം അടിസ്ഥാനമാക്കി വേണം എത്ര രൂപയുടെ കവറേജുള്ള പോളിസി വേണം എന്നു തീരുമാനിക്കാന്‍.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണെങ്കില്‍ വരുമാനം, ഏത് തരത്തിലുള്ള ചികിത്സയാണ് എടുക്കാനാഗ്രഹിക്കുന്നത്, പാരമ്പര്യമായി രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ടോ എന്നതൊക്കെ പരിഗണിച്ചു വേണം പോളിസി തെരഞ്ഞെടുക്കാന്‍.

വിവിധ കമ്പനികളുടെ പോളിസികള്‍ വെച്ച് കവറേജ്, പ്രീമിയം, ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ എന്നിവ താരതമ്യം ചെയ്യാം. അതിനൊപ്പം പോളിസിയുടെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും വായിച്ച് മനസിലാക്കേണ്ടതുണ്ട്. ഗുരുതര രോഗങ്ങള്‍ക്കുള്ള പോളിസി, അപടക ഇന്‍ഷുറന്‍സ് പോളിസി എന്നിവയ്ക്കായി അഡീഷണല്‍ പോളിസി എടുക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനായി റൈഡര്‍ പോളിസികള്‍ എടുക്കാം.

നികുതിയിളവിന് മാത്രമല്ലെന്ന് പറയാനുള്ള കാരണം

ഇന്‍ഷുറന്‍സ് പ്രീമിയം അടവിന് നികുതിയിളവ് ഉറപ്പായും ലഭിക്കും. പക്ഷേ, അതായിരിക്കരുത് ആദ്യത്തെ ലക്ഷ്യം. മറിച്ച് സുരക്ഷിതത്വമായിരിക്കണം.

കവറേജ്: നികുതിയിളവിനായി പോളിസി തെരഞ്ഞെടുത്താല്‍ പലപ്പോഴും കവറേജ് ആവശ്യത്തിന് ലഭിച്ചെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പോളിസികൊണ്ട് ഒരു ഉപകാരവുമില്ലാതെ വരും. അതിനാല്‍ ആവശ്യത്തിന് കവറേജുള്ള പോളിസി തെരഞ്ഞെടുക്കണം.

തെറ്റിധരിപ്പിക്കാം: ഇന്‍ഷുറന്‍സ് കമ്പനികള്‍, ഏജന്റുമാര്‍ എന്നിവരെ സംബന്ധിച്ച് അവരുടെ ഉത്പന്നം വിറ്റു പോവുക എന്നതാണ് ആവശ്യം. ഉചിതമായ പോളിസി എടുക്കുക എന്നുള്ളത് ഉപഭോക്താവിന്റെ മാത്രം ആവശ്യമാണ്. അതുകൊണ്ട് തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളിലോ, വാക്കുകളിലോ വീണു പോകാതിരിക്കുക.

ദീര്‍ഘകാല ഉത്തരവാദിത്തം: ഇന്‍ഷുറന്‍സ് പോളിസികള്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. നികുതിയിളവിനായി പെട്ടന്ന് ഒരു പോളസി വാങ്ങി പിന്നീട് അത് ബാധ്യതയായപ്പോള്‍ സറണ്ടര്‍ ചെയ്യുന്നത് അത്ര നല്ല രീതിയല്ല. അതുകൊണ്ട് പോളിസി എടുക്കും മുമ്പേ ഇതൊരു ദീര്‍ഘകാല്യ ബാധ്യതയാണെന്ന് ഓര്‍ക്കുക.

Tags:    

Similar News