ഇലക്ടറല്‍ ബോണ്ട്;നികുതിയിളവ് കിട്ടുമോ? നിക്ഷേപകര്‍ക്ക് ആശങ്ക

  • നികുതിയിളവ് സംബന്ധിച്ച തീരുമാനം ആദായ നികുതി വകുപ്പിന്റേതാണ്.
  • 100 ശതമാനം നികുതി രഹിതമാണ് ഇലക്ടറല്‍ ബോണ്ട് സംഭാവനകള്‍.
  • പുതിയ നിക്ഷേപകര്‍ക്കും പഴയ നിക്ഷേപകര്‍ക്കും നികുതിയിളവുകള്‍ തുടരുമോയെന്നതാണ് പ്രധാന ആശങ്ക.

Update: 2024-02-16 07:26 GMT

ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ഇന്നലെയാണ് വന്നത്. എന്നാല്‍, ഈ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവര്‍ ചെറിയൊരു ആശയക്കുഴപ്പത്തിലാണ്. നിലവിലുള്ള സംഭാവനയ്ക്ക് നികുതിയിളവ് കിട്ടുമോ എന്നുള്ളതാണ് നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണം. ഇലക്ടറല്‍ ബോണ്ടുകളിലെ സംഭാവനകള്‍ പൂര്‍ണമായും നികുതിരഹിതമാണെന്ന് ബോണ്ട് അവതരിപ്പിച്ചപ്പോഴെ പ്രഖ്യാപിച്ചിരുന്നു.

നികുതിദായകര്‍ കാത്തിരിക്കൂ

നികുതിദായകരെ സംബന്ധിച്ചിടത്തോളം, 2023-24 വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള പൂര്‍ണമായ നികുതി കിഴിവ് ലഭ്യമാകുമോ ഇല്ലയോ എന്നതാണ് പ്രധാന ആശങ്ക. ഈ വര്‍ഷം ജൂലൈ 31 ന് മുമ്പ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴാണ് ഈ കിഴിവുകള്‍ ക്ലെയിം ചെയ്യേണ്ടത്. സുപ്രീം കോടതി ഉത്തരവിനു മുമ്പ് വാങ്ങിയ ബോണ്ടുകള്‍ക്ക് നികുതി കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയുമോ എന്നുള്ളത് സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്) വ്യക്തമാക്കേണ്ടതുണ്ട്. നിക്ഷേപകര്‍ അതുവരെ കാത്തിരെ മതിയാകൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

നികുതി റിട്ടേണുകളില്‍ നികുതിദായകര്‍ സംഭാവന നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ പരാമര്‍ശിക്കണമെന്ന് ആദായനികുതി നിയമത്തില്‍ പറയുന്നില്ല. എന്നാല്‍ 1961 ലെ ആദായനികുതി നിയമത്തിലെ 80 ജിജിബി, 80 ജിജിസി സെക്ഷനുകള്‍ പ്രകാരം നികുതി കിഴിവ് ക്ലെയിം ചെയ്യുന്നതിന് നികുതിദായകര്‍ സംഭാവന സ്വീകരിക്കുന്നവരുടെ രേഖകളും പാന്‍ നമ്പറും നല്‍കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് സംഭാവന ലഭിച്ചത് എന്നത് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി എസ്ബിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മുന്‍ കാലങ്ങളിലെ സംഭാവനയ്ക്ക് ലഭിച്ച നികുതി കിഴിവുകളെ അത് ബാധിക്കില്ലെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ അഭിപ്രായപ്പെടുന്നു.

ഒരാള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഇലക്ടറല്‍ ബോണ്ട് സംഭാവന ക്ലെയിം ചെയ്യുമ്പോള്‍ അവിടെ സുതാര്യതയുടെ പ്രശ്‌നം അവസാനിക്കും. എന്നാല്‍ ഈ വര്‍ഷം വിധിക്ക് മുമ്പും മുന്‍ വര്‍ഷങ്ങളിലും വാങ്ങിയ ഈ ബോണ്ടുകള്‍ക്ക് ലഭിച്ച നികുതി കിഴിവ് തടസ്സമില്ലാതെ തുടരുമോ എന്നതാണ് ഇനി അറിയാനുള്ളത്. കൂടാതെ, സുപ്രീം കോടതി വിധി വന്നതോടെ പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ക്ക് എങ്ങനെ നികുതിയിളവ് ക്ലെയിം ചെയ്യും എന്നത് മറ്റൊരു പ്രശ്‌നമാണ്. അത് വ്യക്തമാക്കേണ്ടത് ആദായ നികുതി വകുപ്പാണ്.

റീഫണ്ടിന് സാധ്യതയുണ്ടോ?

സുപ്രീം കോടതി വിധി വരുന്നതിനു മുമ്പുള്ള ഏതാനും ദിവസങ്ങളിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെങ്കില്‍ അത് റീഫണ്ട് ചെയ്യാനുള്ള സാധ്യതയും അന്വേഷിക്കാവുന്നതാണ്. ബോണ്ട് വാങ്ങി 15 ദിവസത്തിനുള്ളിലാണ് അത് പാര്‍ട്ടികള്‍ക്ക് കൈമാറുന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കു ശേഷം കൈമാറിയിട്ടില്ലെങ്കില്‍ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും. ബോണ്ട് വാങ്ങിയിട്ട് 15 ദിവസമാകുന്നതെയുള്ളുവെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.

പക്ഷേ, സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. അത് റീഫണ്ടുകളുടെ കാര്യത്തില്‍ ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. കാരണം റീഫണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കേണ്ടി വരുമ്പോള്‍ നികുതി ഇളവ് എങ്ങനെ ക്ലെയിം ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം.

സംഭാവന നല്‍കുന്നത് ആരെന്ന് വെളുപ്പെടുത്തില്ല എന്നുള്ളതായിരുന്നു ഇലക്ടറല്‍ ബോണ്ടുകളുടെ പ്രത്യേകത. പക്ഷേ, ഇത് ഭരണഘടന വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇത് റദ്ദാക്കിയത്. 2021-22 വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ രീതിയില്‍ ലഭിച്ച സംഭാവന 2,664 കോടി രൂപയിലധികമാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം റീട്ടെയില്‍ സംഭാവനകളുടെ 55.09 ശതമാനത്തോളം വരും.

Tags:    

Similar News