വ്യാജ ജിഎസ്ടി സമന്‍സിനെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

  • വ്യാജ സമന്‍സുകള്‍ നല്‍കി തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
  • ജിഎസ്ടി അധികൃതരില്‍ നിന്നുള്ള സന്ദേശങ്ങളില്‍ സത്യാവസ്ഥ പരിശോധിക്കണം
  • സംശയാസ്പദമായ കേസുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം

Update: 2024-02-12 10:59 GMT

വ്യാജ ജിഎസ്ടി സമന്‍സിനെതിരെ നികുതിദായകര്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ മുന്നറിയിപ്പ്. ജിഎസ്ടി അധികൃതരില്‍ നിന്നുള്ള സന്ദേശങ്ങളില്‍ സത്യാവസ്ഥ പരിശോധിക്കാനും സിബിഐസി നികുതിദായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സമന്‍സുകള്‍ നല്‍കി തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ജിഎസ്ടി വകുപ്പിന്റെ സമന്‍സെന്ന തരത്തില്‍ വ്യാജ സമന്‍സുകള്‍ സൃഷ്ടിക്കുകയും നികുതിദായകര്‍ക്ക് അയയ്ക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡാക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിഐഎന്‍) ഉള്‍പ്പെടുത്തിയാണ് വ്യാജ സമന്‍സുകള്‍ നല്‍കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഇത്തരത്തിലൊരു സന്ദേശം നല്‍കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നികുതിദായര്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിബിഐസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നികുതിദായകര്‍ക്ക് സിബിഐസിയുടെ വെബ്സൈറ്റിലെ വെരിഫേ സിബിഐസി ഡിഐഎന്‍ ' വിന്‍ഡോ ഉപയോഗിച്ചോ സിബിഐസിയുടെ ഡയറക്ടറേറ്റ് ഓഫ് ഡാറ്റാ മാനേജ്മെന്റിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഡിഐഎന്‍ യൂട്ടിലിറ്റി സെര്‍ച്ച് വഴിയോ നിയമാനുസൃതമായ സമന്‍സിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും.

സംശയാസ്പദമായതോ ഒരുപക്ഷേ വ്യാജമെന്നോ തോന്നുന്ന സമന്‍സുകള്‍ ലഭിക്കുന്ന വ്യക്തിഗത നികുതിദായകര്‍ ബന്ധപ്പെട്ട അധികാരപരിധിയിലുള്ള ഡിജിജിഐ/സിബിഐസി ഓഫീസിലും സ്ഥിരീകരണത്തിനായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ സാധിക്കുമെന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.


Tags:    

Similar News