അഡ്വാന്‍സ് ടാക്‌സ്‌ അടക്കാനുണ്ടോ? അവസാന തീയതി മാര്‍ച്ച് 15

  • അഡ്വാന്‍സ് ടാക്‌സ് നാല് ഗഡുക്കളായാണ് അടയ്ക്കാന്‍ അവസരം
  • അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ് നല്‍കിയില്ലെങ്കില്‍ പിഴ
  • അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ് അടയ്ക്കാനുള്ളവരോട് അത് മാര്‍ച്ച് 15 നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദ്ദേശിച്ചിരുന്നു

Update: 2024-03-14 11:49 GMT

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നികുതി ഒറ്റയടിക്ക് അടയ്ക്കുന്നതിനു പകരം നികുതിദായകര്‍ക്ക് മുന്‍ കൂട്ടി നികുതി അടയ്ക്കാന്‍ അവസരം നല്‍കുന്നതാണ് അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ്. നികുതിദായകന്റെ ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) കിഴിച്ചതിനുശേഷം നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലാണെങ്കിലാണ് മുന്‍കൂര്‍ നികുതി നല്‍കേണ്ടത്. 1961 ലെ ആദായ നികുതി നിയമത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ആദായ നികുതി അടയ്ക്കാത്തതിനുള്ള പിഴ ഒഴിവാക്കാന്‍ ഒരു നിര്‍ദ്ദിഷ്ട ഷെഡ്യൂള്‍ പിന്തുടര്‍ന്ന് മുന്‍കൂറായി നികുതി അടയ്ക്കാം. അഡ്വാന്‍സ് ടാക്‌സ് നാല് ഗഡുക്കളായാണ് അടയ്ക്കാന്‍ അവസരം. ഇതിനുള്ള അവസരം ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍, മാര്‍ച്ച് മാസങ്ങളിലായാണ് സമയം.

2023-24 സാമ്പത്തിക വര്‍ഷത്തിലെ അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റിനുള്ള തീയതി മാര്‍ച്ച് 15 ന് അവസാനിക്കും. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസനത്തെയും നാലാമത്തെയും അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റിനുള്ള അവസരമാണിത്. സമയപരിധിക്കുള്ളില്‍ ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 234 ബി, 243 സി എന്നിവ പ്രകാരം പിഴ ഈടാക്കും. അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ് അടയ്ക്കാനുള്ളവരോട് അത് മാര്‍ച്ച് 15 നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പും കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

ആര്‍ക്കൊക്കെ ബാധകം

ഒരു വ്യക്തിയുടെ ടിഡിഎസ് പിടിച്ചതിനുശേഷം 10,000 രൂപയ്ക്ക് മുകളിലാണ് നികുതി ബാധ്യതയെങ്കില്‍ അത്തരം വ്യക്തികള്‍. 10,000 രൂപയ്ക്ക് മുകളില്‍ നികുതി ബാധ്യതയുള്ള പ്രവാസികള്‍, ബിസിനസില്‍ നിന്നും വരുമാനം നേടുന്ന മുതിര്‍ന്ന പൗരന്മാര്‍ എന്നിവരാണ് അഡ്വാന്‍സ് ടാക്‌സ് നല്‍കേണ്ടത്.

അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ് നല്‍കിയില്ലെങ്കില്‍ പിഴ

ആദായ നികുതി വകുപ്പ് സെക്ഷന്‍ 234ബി അനുസരിച്ച് നികുതിദായകര്‍ മാര്‍ച്ച് 31 നകം 90 ശതമാനം അഡ്വാന്‍സ് ടാക്‌സ് അടയ്ക്കണമെന്നാണ്. ഇത് ചെയ്തില്ലെങ്കില്‍ അടയ്ക്കാനുള്ള തുകയുടെ ഒരു ശതമാനം പിഴയായി നല്‍കേണ്ടി വരുമെന്ന് സെക്ഷന്‍ 234സി വ്യക്തമാക്കുന്നു.

എങ്ങനെയാണ് അഡ്വാന്‍സ് പേയ്‌മെന്റ് ചെയ്യുന്നത്

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. അതില്‍ ഇ-ടാക്‌സ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക. പാന്‍ നമ്പര്‍ നല്‍കി അത് ശരിയാണോയെന്ന് ഉറപ്പിക്കുക. മൊബൈല്‍ നമ്പര്‍ നല്‍കി തുടരുക എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ഇന്‍കം ടാക്‌സ് എന്നെഴുതിയ ആദ്യത്തെ ബോക്‌സ് ക്ലിക്ക് ചെയ്ത് അസെസ്‌മെന്റ് വര്‍ഷമായി 2024-25 തെരഞ്ഞെടുക്കാം.

അതില്‍ അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ് ക്ലിക്ക് ചെയ്യാം.അതിനുശേഷം നികുതി വിവരങ്ങള്‍ നല്‍കി അനുയോജ്യമായ പേയ്‌മെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കണ്ടിന്യു നല്‍കാം. പേയ്‌മെന്റ് പൂര്‍ത്തിയായാല്‍ അത് സംബന്ധിച്ച വിവരം സ്‌ക്രീനില്‍ തെളിയും. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഈ റെസീപ്റ്റ് സൂക്ഷിച്ചുവെയ്ക്കണം.

Tags:    

Similar News