ഒക്ടോബറിലെ ആദ്യത്തെ ബുധനാഴ്ച്ച സാമ്പത്തിക ആസൂത്രണത്തിനുള്ള (ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്) ദിവസമാണ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്റെ (ഐഒഎസ് സിഒ) ഉദ്യമമാണ് ഇത്. 2023 ലെ ആ ദിവസം ഇന്നാണ് (ഒക്ടോബര്‍ നാല് ബുധനാഴ്ച). ആഗോള തലത്തില്‍ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
ധനകാര്യ ആസൂത്രണവും നിക്ഷേപ ആസൂത്രണവും ഒന്നല്ല. മിക്ക ആളുകളും അവ രണ്ടിനേയും ഒന്നായി തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു ഭാഗം മാത്രമാണ് നിക്ഷേപം.സാമ്പത്തിക ആസൂത്രണം നടത്തിക്കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതി മനസിലാക്കി നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സമ്പാദിക്കാം. നിക്ഷേപിക്കാം. സ്ഥിരതയാര്‍ന്ന സാമ്പത്തിക സ്ഥിതി നേടണമെങ്കില്‍ ആദ്യം വേണ്ടത് സാമ്പത്തിക ആസൂത്രണമാണ്.
സാമ്പത്തിക ആസൂത്രണം വേണോ?
നിക്ഷേപമോ, സമ്പാദ്യമോ ഉണ്ടായതുകൊണ്ട് മാത്രം സാമ്പത്തിക സുരക്ഷിതത്വം നേടണമെന്നില്ല. അതിന് കൃത്യമായ അച്ചടക്കവും ആസൂത്രണവും വേണം. അത് നിക്ഷേപത്തിനു മുമ്പേ തുടങ്ങുകയും വേണം. ആസ്തികളെ കൃത്യമായി മാനേജ് ചെയ്യാനും ബാധ്യതകള്‍ കുറയ്ക്കാനും ഭാവിയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഗോള്‍ സെറ്റ് ചെയ്യാം
ലക്ഷ്യം തീരുമാനിച്ചു കഴിഞ്ഞാല്‍ യാത്ര എളുപ്പമാണ്. അതുപോലെയാണ് ലക്ഷ്യങ്ങള്‍ തീരുമാനിച്ച ശേഷം അത് നേടിയെടുക്കാനുള്ള പരിശ്രമവും. ജീവിതത്തില്‍ വീട്, കാര്‍ തുടങ്ങിയവയൊക്കെ നേടണം എന്നാഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും പണമായിരിക്കും തടസമായി നില്‍ക്കുന്നത്.
ആദ്യം ലക്ഷ്യം എന്താണെന്ന് നിശ്ചയിക്കുക. അത് എത്ര നാള്‍ കൊണ്ട് നേടണം. അതിനായി എത്ര തുക വേണം. അത് സ്വരൂപിക്കാന്‍ ഏറ്റവും നല്ലമാര്‍ഗം എതാണ്. ഇവ മനസിലാക്കി കഴിഞ്ഞാല്‍ ലക്ഷ്യത്തിലെത്തുക എളുപ്പമായി. അതിനായി നിശ്ചിത തുക മാറ്റിവെയ്ക്കാനുള്ള മനസുണ്ടായാല്‍ മതി.
കുടുംബ ബജറ്റ്
കുടുംബ ബജറ്റ് തയ്യാറാക്കിയിട്ടില്ലാത്തവര്‍ക്ക് അത് തയ്യാറാക്കാനുള്ള അവസരമാണിത്. വരുമാനം എത്രയാണെന്ന് കണക്കാക്കണം. അതിനുശേഷം ഭക്ഷണം, മരുന്ന്, ഇന്ധനം, ഇഎംഐ, നിക്ഷേപത്തിന് മാറ്റിവെയ്ക്കുന്ന തുക, ഔട്ടിംഗ്, യാത്ര അങ്ങനെ ഓരോ ചെലവുകളും കണക്കാക്കണം. ഇത് കൃത്യമായി രണ്ടോ മൂന്നോ മാസം പിന്തുടര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ കണ്ടെത്താനും അത് ഒഴിവാക്കാനും സാധിക്കും.
സാമ്പത്തിക കാര്യങ്ങള്‍ കുടുംബവുമായി പങ്കുവെയ്ക്കാം
കുടുംബത്തിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു. എത്രത്തോളം ചെലവ് വരുന്നുണ്ട് എന്നിവയെല്ലാം കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കണം. കാരണം ഒരു അടിയന്തര ഘട്ടം വന്നാല്‍ കുടുംബാംഗങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കാതെ കാര്യങ്ങളൊക്കെ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇത് സഹായിക്കും.
ഇത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം ഒറ്റയ്ക്ക് സഹിക്കുന്നതില്‍ നിന്നും മോചനം നല്‍കും. ആവശ്യ ഘട്ടങ്ങളില്‍ കണ്ടറിഞ്ഞ് സഹായിക്കാനും ഇത് ഉപകരിക്കും.
കടത്തെ വരുതിയിലാക്കാം
സാമ്പത്തിക സ്ഥിരത നേടണമെങ്കില്‍ കടത്തെ ഇല്ലാതാക്കേണ്ടതുണ്ട്. നിക്ഷേപം നടത്തുന്നതിനൊപ്പം അതേ അളവില്‍ വായ്പാ തിരിച്ചടവും നടത്തുന്നുണ്ടെങ്കില്‍ കാര്യമായ സാമ്പത്തിക പുരോഗതിയൊന്നും ഉണ്ടാകില്ല. ആദ്യം കടത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്.
കടത്തിന്റെ സ്വഭാവം, ഉയര്‍ന്ന പലിശ നല്‍കുന്നവ, തിരിച്ചടവ് നടത്തുന്നതിനുള്ള കൃത്യമായ പ്ലാന്‍ എന്നിവ കണ്ടെത്തണം. കഴിയുന്നതും ആസ്തിയുണ്ടാക്കാന്‍ മാത്രം കടത്തെ ആശ്രയിക്കുക. ഭാവിയിലെ വരുമാനത്തെ മുന്‍കൂറായി ചെലവാക്കാതിരിക്കുക. പ്രത്യേകിച്ചും ഉപഭോഗാവശ്യത്തിന് കടത്തെ ആശ്രയിക്കാതിരിക്കുക. ഭാവിയിലും നമുക്കുവേണ്ടി സമ്പത്തുണ്ടാക്കിക്കൊണ്ടിരിക്കുന്ന കടം മാത്രം എടുക്കുക. ഉദാഹരണത്തിനു നല്ല വളര്‍ച്ചാ സാധ്യതയുള്ളിടത്ത് വീട് വാങ്ങുക തുടങ്ങിയവ.
കൃത്യമായി കടം തിരിച്ചടവ് നടത്തുന്നത് മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് എപ്പോഴും ഓര്‍മയില്‍ വയ്ക്കുക.
ആരോഗ്യ ഇന്‍ഷുറന്‍സ്
സാമ്പത്തിക ആസൂത്രണത്തിന്റെ അടുത്തപടി മികച്ച ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക എന്നതാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചികിത്സ ചെലവുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് കഴിയും. ഇത് നിക്ഷേപവും സമ്പാദ്യവും സുരക്ഷിതമായി ഇരിക്കാനും സഹായിക്കും. മനസമാധനത്തിനൊപ്പം സാമ്പത്തിക സുരക്ഷയും നല്‍കുന്നതാണ് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍.
ലൈഫ് ഇന്‍ഷുറന്‍സ്
ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ തന്നെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനായി ടേം ഇന്‍ഷുറന്‍സും മാറക്കാതിരിക്കുക.
അടിയന്തര ഫണ്ട്
ഇന്‍ഷുറന്‍സ്, നിക്ഷേപം, സമ്പാദ്യം ഇവയൊക്കെ ഉണ്ടെങ്കിലും അടിയന്തര ഫണ്ട് കൂടി അത്യാവശ്യമാണ്. ജോലി നഷ്ടപ്പെടുകയോ, എന്തെങ്കിലും കാരണത്താല്‍ ജോലിക്ക് പോകാന്‍ പറ്റാതെ വരികയോ ചെയ്താല്‍ ഈ അടിയന്തര ഫണ്ട് സഹായക്കും. കുറഞ്ഞത് ആറ് മാസത്തെ എല്ലാ ചെലവുകളെങ്കിലും കണക്കാക്കി വേണം അടിയന്തര ഫണ്ട് സ്വരൂപിക്കാന്‍. ഒരു വര്‍ഷത്തേക്കുള്ളതാണെങ്കില്‍ ഏറ്റവും നല്ലത്.