ബജറ്റ്, ലക്ഷ്യം, വൈവിധ്യവത്കരണം; സാമ്പത്തിക ഭദ്രതയ്ക്കുള്ള വഴികള്‍
- പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ചില പ്രതിജ്ഞകള്‍ എടുക്കാം
- ധനകാര്യ അച്ചടക്കം പ്രധാനമാണ്
- വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കാം
ഓരോ പുതിയ വര്‍ഷത്തിലും എന്തെങ്കിലുമൊക്കെ പുതു വര്‍ഷ പ്രതിജ്ഞകള്‍ എടുക്കുന്നവരാണ് പലരും. പലതിനും ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെയൊക്കെയെ ആയുസുണ്ടാകൂ. ചിലരാകട്ടെ ആ പ്രതിജ്ഞകളെ കൃത്യമായി പിന്തുടരുകയും നടപ്പിലാക്കുകയും ചെയ്യും. ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ചാകട്ടെ പ്രതിജ്ഞ. സാമ്പത്തികമായ അച്ചടക്കം, ആസൂത്രണം, ധനകാര്യ ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ നേടിയെടുക്കാന്‍ ഈ പ്രതിജ്ഞകള്‍ സഹായിക്കും.
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം: പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും. എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണത്തിന്; ഇന്‍ഷുറന്‍സും നിക്ഷേപവും വരുന്ന ഒരു പോളിസി കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നു. പക്ഷേ, എടുത്ത് കഴിഞ്ഞപ്പോഴാണ് അത് അബദ്ധമായല്ലോ എന്നറിയുന്നത്. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ചെലവുകളെ ട്രാക്ക് ചെയ്യാം: വരുമാനമായോ, ശമ്പളമായോ കയ്യില്‍ വരുന്ന പണം എങ്ങനെയൊക്കെയാണ് ചെലവാക്കുന്നതെന്ന് അറിയേണ്ടേ? അറിയണം. കാരണം അത്യാവശ്യങ്ങള്‍, ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ എന്നിവയ്ക്കായി എത്ര തുക ചെലവാക്കുന്നുണ്ടെന്നറിയണം. എങ്കിലെ ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കൂ.
ബജറ്റ് തയ്യാറാക്കാം: ചെലവുകളെ ട്രാക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെയുള്ളത് ബജറ്റ് തയ്യാറാക്കലാണ്. ദൈനംദിന ചെലവുകളെ അടിസ്ഥാനമാക്കി കൃത്യമായ ബജറ്റ് തയ്യാറാക്കി അതിനനുസരിച്ച് ചെലവഴിച്ചാല്‍ കയ്യിലിരിക്കുന്ന കാശ് പോകുന്ന വഴി കൃത്യമായി മനസിലാക്കാം. കൂടാതെ, വരവിനനുസരിച്ച് ചെലവഴിക്കാന്‍ പഠിക്കുകയും ചെയ്യാം.
കൃത്യമായ ലക്ഷ്യം: എന്തു ചെയ്യുമ്പോഴും ലക്ഷ്യമുണ്ടായിരിക്കണം എന്നല്ലേ പറയാറ്.പുതിയ വര്‍ഷത്തിലെ പുത്തന്‍ തീരുമാനങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. ചെലവ് കുറയ്ക്കണം, കൂടുതല്‍ സേവ് ചെയ്യാന്‍ പറ്റണം, പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കണം, വീട്, കാര്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തണം എന്നിങ്ങനെ പോകും ആ ലക്ഷ്യങ്ങള്‍. അവയ്ക്കായി കൃത്യമായി ആസുത്രണം ചെയ്തു വേണം മുന്നോട്ട് നീങ്ങാന്‍.
നിക്ഷേപത്തെ വൈവിധ്യവത്കരിക്കാം: നിക്ഷേപങ്ങളൊന്നും തുടങ്ങാത്തവര്‍ക്ക് തുടങ്ങാനുള്ള അവസരമാണിത്. ബാങ്ക് അക്കൗണ്ട് തുടങ്ങി ഇടപാടുകളെ ബാങ്ക് വഴിയാക്കാം. റെക്കറിംഗ് ഡെപ്പോസിറ്റ്, റിട്ടയര്‍മെന്റ് കാലത്തേക്കായി നാഷണല്‍ പെന്‍ഷന്‍ സ്‌കീം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തുടങ്ങിയവ ആരംഭിക്കാം. ചെറിയ തുകകളിലൂടെ നിക്ഷേപം ആരംഭിക്കാം. വിപണി അനുബന്ധ നിക്ഷേപങ്ങള്‍, സ്ഥിര വരുമാന ഓപ്ഷനുകള്‍, പരമ്പരാഗത നിക്ഷേപ ഓപ്ഷനുകള്‍ എന്നിങ്ങനെ നിക്ഷേപത്തെ വൈവിധ്യവത്കരിക്കേണ്ടതുണ്ട്.
നികുതിയാസൂത്രണം നേരത്തെ തുടങ്ങാം: ആദായ നികുതിയാസൂത്രണത്തിനായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ട. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലെ ഇത് ആരംഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. നികുതിയിളവിനായി ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്താം. അവസാന നിമിഷം ചെയ്യുന്ന അബദ്ധങ്ങള്‍ ഒഴിവാക്കാം.
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം: ക്രെഡിറ്റ് സ്‌കോര്‍ മോശമാണെങ്കില്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. അതിനായി മുന്നോട്ടുള്ള കടമെടുപ്പ് തിരിച്ചടവ് ശേഷിക്കനുസരിച്ചായിരിക്കണം. ആവശ്യത്തിനും അനാവശ്യത്തിനും വായ്പകള്‍ എടുത്താല്‍ അതൊരു ബാധ്യതയായി തീരും. ക്രെഡിറ്റ് സ്‌കോര്‍ മോശമാണെങ്കില്‍ ഭാവിയിലുള്ള വായ്പാ സാധ്യതകള്‍ക്കും മങ്ങലേല്‍ക്കും എന്നോര്‍ക്കുക.
വായ്പാ തിരിച്ചടവ് കൃത്യസമയത്ത്: വായ്പാ എടുത്താല്‍ പോര കൃത്യസമയത്ത് തിരിച്ചടവും നടത്തണം. തിരിച്ചടവുകള്‍ വൈകുമ്പോള്‍ അതും ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.
അടിയന്തര നിധി: ശമ്പളവും വരുമാനവുമില്ലാത്ത കാലത്തും കാര്യങ്ങളൊക്കെ സുഗമമായി മുന്നോട്ട് പോകണമെങ്കില്‍ കയ്യില്‍ കാശു വേണം. അത്തരമൊരു കാലം മുന്നില്‍ കണ്ട് ഒരു അടിയന്തര നിധി സ്വരൂപിക്കേണ്ടതുണ്ട്.
മാറ്റങ്ങളെ സ്വീകരിക്കാം: സാമ്പത്തിക മേഖല അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ മാറ്റങ്ങള്‍ കൃത്യമായി അറിഞ്ഞും അവയെ ഫോളോ ചെയ്യുകയും ചെയ്താലെ നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോ കൃത്യസമയങ്ങളില്‍ റീ ബാലന്‍സ് ചെയ്യാന്‍ സാധിക്കൂ.